Quantcast

സരിൻ വെറുപ്പ് പ്രസരിപ്പിക്കുന്നത് മുസ്‌ലിം വിശ്വാസത്തിനെതിരെ: അനൂപ് വി.ആർ

കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ സരിൻ സംഘ്പരിവാറിൻ്റെ സ്ഥാനാർഥിയാകാനും ശ്രമിച്ചു എന്ന അന്നത്തെ അടക്കംപറച്ചിലിന് ഇപ്പോൾ വ്യക്തത ലഭിച്ചിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    5 Oct 2025 2:45 PM IST

Sarin spreads hatred against Muslim faith Says Anoop VR |
X

കോഴിക്കോട്: മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരെയല്ല, മുസ്‌ലിം വിശ്വാസത്തിനെതിരെ തന്നെയാണ് സരിൻ വെറുപ്പ് പ്രസരിപ്പിക്കുന്നതെന്ന് കോൺ​ഗ്രസ് വക്താവ് അനൂപ് വി.ആർ. മരണാനന്തരം സ്വർഗം എന്നത് ഒരു മുസ്‌ലിമിൻ്റെ പ്രാർഥനയും വിശ്വാസവും ആണ്. സരിൻ അമ്പലത്തിൽ പോയി പ്രാർഥിക്കുന്നത് പോലെ തന്നെയുള്ള വിശ്വാസം.

അതിൻ്റെ പേരിൽ എങ്ങനെയാണ് ഭൂമിയിൽ നരകം ഉണ്ടാകുന്നത് എന്ന് പറയേണ്ടത് സരിൻ തന്നെയാണ്. ഇനി ആരോപണം മുസ്‌ലിം ലീഗിൻ്റെ പേരിലാണെങ്കിൽ, മരണാനന്തരം ആഗ്രഹിക്കുന്ന സ്വർഗത്തിൻ്റെ പേരിൽ ലീഗ് ഇവിടെ വർഗീയ കലാപങ്ങൾ നടത്തിയിട്ടുണ്ടോ? വംശഹത്യങ്ങൾ നടത്തിയിട്ടുണ്ടോ? വ്യക്തമാക്കേണ്ടത് സരിൻ്റെ രാഷ്ട്രീയകക്ഷി സിപിഎം തന്നെയാണ്.

കോൺഗ്രസിൽ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ സരിൻ സംഘ്പരിവാറിൻ്റെ സ്ഥാനാർഥിയാകാനും ശ്രമിച്ചു എന്ന അന്നത്തെ അടക്കംപറച്ചിലിന് ഇപ്പോൾ വ്യക്തത ലഭിച്ചിരിക്കുകയാണ്. ഇനി അത് വരുന്ന തെരഞ്ഞെടുപ്പിൽ തന്നെയുണ്ടാകുമോ, വൈകുമോ എന്നുള്ള കാര്യത്തിൽ മാത്രമാണ് വ്യക്തത വരാനുള്ളത്. അതും കാത്തിരുന്ന് കാണാം- അനൂപ് വി.ആർ ഫേസ്ബുക്കിൽ കുറിച്ചു.

ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർ​ഗത്തിലേക്കുള്ള വഴിവെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാരെന്നായിരുന്നു സരിന്‍റെ പരാമർശം. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സരിൻ്റെ പ്രസംഗം. മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്നാണ് പ്രചരിപ്പിക്കുന്നത്. അതോടെ ബിജെ പി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുകയാണെന്നും പി സരിൻ പറഞ്ഞു.

തിരുവേഗപ്പുറയിലെ ലീഗുകാർക്ക് മതഭ്രാന്താണ്. എസ്‍ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്. ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് നൽകുന്നതിന് തുല്യമാണ്. ബിജെപിക്കാര്‍ക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിന്‍ ആരോപിച്ചു.


TAGS :

Next Story