'തെരഞ്ഞെടുപ്പിന് മുമ്പ് വിയോജിപ്പുകളാകാം, തെരഞ്ഞെടുപ്പിന് ശേഷം രാജ്യനന്മയ്ക്കായി ഒന്നിച്ചുനില്‍ക്കണം': കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി ശശി തരൂര്‍
ട്രംപ്-മംദാനി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇത്തവണ തരൂര്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവ് ശശി തരൂര്‍. വിയോജിപ്പുകള്‍ തെരഞ്ഞെടുപ്പിന് മുന്‍പായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യനന്മക്കായി ഒന്നിച്ചുനില്‍ക്കണമെന്നും ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. ട്രംപ്- മംദാനി കൂടിക്കാഴ്ചയെ പുകഴ്ത്തിയാണ് തരൂരിന്റെ പോസ്റ്റ്.
തന്റെ പരാമര്‍ശങ്ങളിലൂടെയും എഴുത്തുകളിലൂടെയും ഇതാദ്യമായല്ല തരൂര്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. മുമ്പും പല തവണ പരോക്ഷമായി അദ്ദേഹം പാര്‍ട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. ട്രംപ്-മംദാനി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇത്തവണ തരൂര്‍ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
'തെരഞ്ഞെടുപ്പിന് മുമ്പുള്ള വിയോജിപ്പുകള്‍ സ്വാഭാവികമാണ്. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം ആ വിയോജിപ്പുകളെല്ലാം മറന്ന് രാജ്യനന്മയ്ക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അങ്ങനെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്'. തരൂര്‍ എക്‌സില്‍ കുറിച്ചു.
ട്രംപും മംദാനിയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളൊക്കെയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ന്യൂയോര്‍ക്ക് മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച വലിയ രീതിയില്‍ ജനശ്രദ്ധയാര്‍ജിക്കുകയും ചെയ്തിരുന്നു. ഈ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശശി തരൂര്‍ കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്തിരിക്കുന്നത്.
നേരത്തെ, പ്രധാനമന്ത്രിയെ പുകഴ്ത്തുകയും ഇന്ദിരാഗാന്ധിയെ ഇകഴ്ത്തുകയും ചെയ്യുന്ന തരത്തിലുള്ള തരൂരിന്റെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നുമായി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
Adjust Story Font
16

