Quantcast

''അത് ദാറുൽ ഹുദയല്ല''; 'പെട്ടിക്കട' പരാമർശത്തിൽ വിശദീകരണവുമായി സമസ്ത വിദ്യാർത്ഥി നേതാവ്

''സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മഹത്തായ സ്ഥാപനമാണ് ദാറുൽ ഹുദ. അതിന്റെ അനുബന്ധ സംവിധാനങ്ങളാണ് ദാറുൽ ഹുദാ ഓഫ് കാംപസുകൾ.''

MediaOne Logo

Web Desk

  • Updated:

    2022-11-19 06:26:06.0

Published:

19 Nov 2022 6:19 AM GMT

അത് ദാറുൽ ഹുദയല്ല; പെട്ടിക്കട പരാമർശത്തിൽ വിശദീകരണവുമായി സമസ്ത വിദ്യാർത്ഥി നേതാവ്
X

കോഴിക്കോട്: സമസ്ത സമ്മേളനത്തിലെ വിവാദ പരാമർശങ്ങൾക്ക് വിശദീകരണവുമായി വിദ്യാർത്ഥി വിഭാഗം നേതാവ് സത്താർ പന്തല്ലൂർ. സംസ്ഥാനത്തും പുറത്തും നിയമവിരുദ്ധമായ പെട്ടിക്കടകളെപ്പോലെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ശുദ്ധീകരിക്കുമെന്ന പരാമർശത്തിനാണ് വിശദീകരണം. ദാറുൽ ഹുദാ സംരംഭങ്ങളുടെ തലയിലിട്ട് രക്ഷപ്പെടാൻ ചിലർ ശ്രമിക്കുകയാണെന്ന് സത്താർ പറഞ്ഞു.

ഇന്നലെ ഫറോക്കിൽ നടന്ന പ്രസംഗത്തിലെ 'അനധികൃത പെട്ടിക്കടകൾ' എന്ന പരാമർശം കുറിക്ക് കൊണ്ടിട്ടുണ്ട്. പക്ഷെ അത് ദാറുൽ ഹുദാ സംരംഭങ്ങളുടെ തലയിലിട്ട് രക്ഷപ്പെടാൻ ചിലർ ശ്രമിക്കുന്നുണ്ട്. കേട്ടപാതി, കേൾക്കാത്ത പാതി ചില സുഹൃത്തുക്കൾ അത് ഏറ്റുപിടിച്ചിരിക്കുകയാണെന്നും സത്താർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

''സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച മഹത്തായ സ്ഥാപനമാണ് ദാറുൽ ഹുദ. അതിന്റെ അനുബന്ധ സംവിധാനങ്ങളാണ് ദാറുൽ ഹുദാ ഓഫ് കാംപസുകൾ. അവിടുത്തെ പൂർവ വിദ്യാർത്ഥി സംഘടനയായ ഹാദിയ കേരളത്തിന് പുറത്ത് ധാരാളം മദ്രസകളും നടത്തുന്നുണ്ട്.''

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടും സഹകരണത്തോടും കൂടിയാണ് ഈ മദ്രസകൾ പ്രവർത്തിച്ച് വരുന്നത്. അഭിമാനകരമായ നേട്ടങ്ങളാണ് ഇതെല്ലാം സമുദായത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. വസ്തുത ഇതായിരിക്കെ അനധികൃത പട്ടം സ്വയം ഏറ്റെടുത്ത് വിഡ്ഢിവേഷം കേട്ടുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും സത്താർ കൂട്ടിച്ചേർത്തു.

ബസ് സ്റ്റാൻഡിലെ നിയമവിരുദ്ധമായ പെട്ടിക്കടകളെപ്പോലെ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുണ്ടെന്നും അവയെ വളരെ ജാഗ്രതയോടെ കാണണമെന്നുമായിരുന്നു സത്താറിന്റെ വിവാദ പരാമർശം. ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ശുദ്ധീകരിക്കാനും വിഖായ വളന്റിയർമാർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.-

'കാലിക വിഷയങ്ങളിൽ നിലപാട് പറയുന്നു' എന്ന തലക്കെട്ടിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ഫറോക്കിൽ സംഘടിപ്പിച്ച മുന്നേറ്റ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സത്താർ. പാഠ്യപദ്ധതി പരിഷ്‌ക്കരണം, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽനിന്ന് പുറത്താക്കിയ നടപടി അടക്കമുള്ള പുതിയ വിവാദങ്ങളിൽ നിലപാട് വിശദീകരിക്കാനായിരുന്നു എസ്.കെ.എസ്.എസ്.എഫിന്റെ പൊതുയോഗം. സമ്മേളനത്തിൽ സി.ഐ.സിക്കും ഹക്കീം ഫൈസിക്കുമെതിരെയാണ് പ്രധാന വിമർശമുയർന്നത്.

TAGS :

Next Story