Quantcast

സയ്യിദ് അലി ബാഫഖി; എന്റെ അടുത്ത തങ്ങൾ, അനുസ്മരിച്ച് കാന്തപുരം

''ഞങ്ങൾ തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. എന്നെക്കാൾ ഒരുവയസ്സിന് മുതിർന്നതാണ് തങ്ങൾ. എങ്കിലും അവിടുത്തെ വിനയവും താഴ്മയും എന്നെ ഒട്ടേറെ അമ്പരപ്പിച്ചിട്ടുണ്ട്''

MediaOne Logo

Web Desk

  • Published:

    2 Nov 2026 10:27 PM IST

സയ്യിദ് അലി ബാഫഖി; എന്റെ അടുത്ത തങ്ങൾ, അനുസ്മരിച്ച് കാന്തപുരം
X

കോഴിക്കോട്: സമസ്ത എപി വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂര്‍ മർക്കസ് പ്രസിഡന്റുമായ അലി ബാഫഖി തങ്ങളുടെ നിര്യാണത്തിൽ അനുശോചനവും ഓർമകളും പങ്കുവെച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാര്‍.

ദീർഘകാലത്തെ സഹപ്രവർത്തനവും ആത്മബന്ധവും സ്മരിച്ച അദ്ദേഹം, സംഘടനാ വളർച്ചയിലും മർകസ് അടക്കമുള്ള സ്ഥാപനങ്ങളുടെ മുന്നേറ്റത്തിലും ബാഫഖി തങ്ങൾ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അനുസ്മരിച്ചു.

ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് മുമ്പ് മതപ്രഭാഷണ രംഗത്ത് സജീവമായി നിൽക്കുന്ന കാലം. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മിക്ക ആഴ്ചകളിലും എനിക്ക് പ്രഭാഷണങ്ങളുണ്ടാവുമായിരുന്നു. പൊതുവെ ദൂരെയുള്ള പ്രദേശങ്ങളിൽ പ്രസംഗങ്ങൾക്ക് തിയ്യതി കുറിച്ചു നൽകാറുള്ളത് വ്യാഴം, വെള്ളി ദിവസങ്ങളിലാണ്. ദർസുകൾക്ക് ഭംഗം വരാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. രാത്രി പ്രഭാഷണം കഴിഞ്ഞ് പുലർച്ച ആകുമ്പോഴേക്കും കൊയിലാണ്ടിയിലെത്താം. അവിടെ റെയിൽവേ സ്റ്റേഷനിൽ നിന്നും അധികം അകലെയല്ലാതെ ഒരു റാതീബ് ഖാനയുണ്ട്. സുബ്ഹി നിസ്‌കരിച്ച് അവിടെ നിന്ന് പുറപ്പെട്ടാൽ ശനിയാഴ്ച രാവിലെ ക്ലാസെടുക്കാൻ പാകത്തിൽ കാന്തപുരത്തെത്താം. ഇതായിരുന്നു എന്റെ രീതി.

രാത്രിയിൽ ബസ്സിലാണ് യാത്രയെങ്കിൽ നല്ല തിരക്കേറിയതായിരിക്കുമത്. ബസിൻ്റെ കമ്പികളിൽ തൂങ്ങിപ്പിടിച്ചുള്ള മണിക്കൂറുകൾ. അതിനിടെ പരിചയമുള്ള ആരെങ്കിലും കണ്ടാൽ സീറ്റ് ഒഴിഞ്ഞു തരും. ഇങ്ങനെയുള്ള ആദ്യകാല പ്രഭാഷണ യാത്രകളിൽ എനിക്ക് വലിയൊരു ആശ്വാസമായിരുന്നു ബാഫഖി തങ്ങന്മാർ നേതൃത്വം നൽകിയിരുന്ന കൊയിലാണ്ടിയിലെ റാതീബ് ഖാന. കൊയിലാണ്ടിയിലെ ബാഫഖി സയ്യിദ് കുടുംബവുമായുള്ള എൻ്റെ ആത്മബന്ധം ദൃഢമാകുന്നത് ഈ റാതീബ് ഖാന മുഖേനയാണ്. റാതീബ് ഖാനയുടെ ഒരുകാലത്തെ ചുമതല അന്ന് ചെറുപ്പക്കാരനായ സയ്യിദ് അലി ബാഫഖി തങ്ങൾക്കായിരുന്നു. അത് ഞങ്ങൾക്കിടയിൽ നല്ല ബന്ധം വളർത്തി.

പ്രമുഖ പണ്ഡിതരിൽ നിന്നും ഉന്നത കലാലയങ്ങളിൽ നിന്നും മികവോടെ തന്നെ പഠനം പൂർത്തിയാക്കിയെങ്കിലും ഉപ്പയുടെയും ഉപ്പാപ്പയുടെയും മാർഗം പിന്തുടർന്ന് വസ്ത്രവ്യാപാര രംഗത്ത് തങ്ങൾ സജീവമായ സമയമായിരുന്നു അത്. ആരെയും ആകർഷിപ്പിക്കുന്ന സ്വഭാവത്തിന്റെയും വിനയത്തിന്റെയുമപ്പുറം പാണ്ഡിത്യവും പാരമ്പര്യവും ആവോളമുള്ള പ്രതിഭാശാലിയാണ് തങ്ങളെന്ന് ബോധ്യപ്പെടുന്നത് കൊയിലാണ്ടിയിലൂടെയുള്ള നിരന്തര യാത്രകളിലാണ്. പലതവണ കണ്ടും പറഞ്ഞും അനുഭവിച്ചുമുള്ള ആ സൗഹൃദത്തെ തുടർന്നാണ് സമസ്തയുടെയും കീഴ്‌ഘടകങ്ങളുടെയും വേദിയിൽ തങ്ങൾ ചുവടുവെച്ചുതുടങ്ങുന്നത്. ആയിടെ നടന്ന, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടിയ കൊയിലാണ്ടി താലൂക്ക് സമസ്ത സമ്മേളനത്തിന്റെ സംഘാടനത്തിൽ എന്നോടൊപ്പം തങ്ങളുമുണ്ടായിരുന്നു. ഇതോടെ അലി ബാഫഖി തങ്ങളിലെ നേതാവിനെ എല്ലാവരും തിരിച്ചറിഞ്ഞു.

എസ്‌വൈഎസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ വച്ച് താലൂക്ക് ഘടകങ്ങൾ രൂപീകരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു.കൊയിലാണ്ടിയിൽ ചെറിയ തുണി കച്ചവടം നടത്തുന്ന അലി ബാഫഖി തങ്ങൾക്ക് ജനങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നതിനാൽ അവിടെ എസ് വൈ എസ് രൂപീകരിക്കാനുള്ള യോഗത്തിന് ആളുകളെ ക്ഷണിക്കാൻ തങ്ങളെ ചുമതലയേൽപ്പിച്ചു. ബദ്‌രിയ്യ മദ്‌റസയിൽ ആയിരുന്നു യോഗം. യോഗത്തിൽ വച്ച് ബാഫഖി തങ്ങൾ പ്രസിഡണ്ടും എകരൂർ വീരാൻകുട്ടി ഫൈസി വൈസ് പ്രസിഡന്റും എസ് പി എച്ച് തങ്ങൾ സെക്രട്ടറിയുമായി താലൂക്ക് കമ്മിറ്റി രൂപീകരിച്ചു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിലെ മെമ്പറായും ഇക്കാലത്ത് തങ്ങളെ തിരഞ്ഞെടുത്തു. സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി തങ്ങളാണ് അന്ന് ട്രഷറർ. അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ സ്ഥാനത്തേക്ക് തങ്ങൾ നിയോഗിക്കപ്പെട്ടു. കച്ചവടക്കാരനിൽ നിന്ന് സമസ്ത കീഴ്‌ഘടകങ്ങളുടെ മുഴുസമയ പ്രവർത്തകനിലേക്കുള്ള ബാഫഖി തങ്ങളുടെ പ്രയാണമാരംഭിക്കുന്നത് ഇവിടെനിന്നാണ്.

1975ൽ കൊയിലാണ്ടിക്കടുത്ത എലങ്കമലിൽ എസ് വൈ എസ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു കോളേജ് ആരംഭിച്ചിരുന്നു. അശ്അരിയ്യ അറബിക് കോളേജ് എന്ന പ്രസ്തുത സ്ഥാപനത്തിന്റെ പ്രസിഡന്റ് തങ്ങളും ഞാൻ ലീഗൽ അഡ്വൈസറുമായിരുന്നു. യു.കെ അബ്ദുല്ലത്തീഫ് മുസ്ലിയാർ ആയിരുന്നു അന്ന് അവിടത്തെ മുദരിസ്. പട്ടിക്കാട് ജാമിഅ നൂരിയ്യയിലെ പഠനം കഴിഞ്ഞ് കച്ചവടത്തിൽ സജീവമായെങ്കിലും തങ്ങളിൽ എപ്പോഴും ഒരു പ്രവർത്തകൻ നിറഞ്ഞു നിന്നിരുന്നു. പട്ടിക്കാട് പഠനകാലത്തേ ആ സജീവതയുണ്ട്. ജാമിഅ നൂരിയ്യയിലെ വിദ്യാർഥി കൂട്ടായ്മ നൂറുൽ ഉലമയുടെ ആദ്യകാല പ്രസിഡന്റുമാരിൽ ഒരാൾ തങ്ങളായിരുന്നു. ശേഷം പൂർവ വിദ്യാർഥി കൂട്ടായ്മകളായ ഓസ്ഫോജനയുടെയും ഫൈസീസ് അസോസിയേഷൻ്റെയും പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. ജാമിഅ നൂരിയ്യയുടെ കമ്മിറ്റിയംഗമായി ഞാൻ പ്രവർത്തിക്കുന്ന കാലത്ത് സമ്മേളനങ്ങളിലും മറ്റും സംബന്ധിക്കാൻ പോവുമ്പോൾ പലപ്പോഴും തങ്ങളും കൂടെയുണ്ടാവും.

ഒരുമിച്ചു സംഘടനാ പ്രവർത്തനമായതോടെ ഞങ്ങൾ തമ്മിൽ പലതവണ കൂടിക്കാഴ്ചകളുണ്ടായി. ഒരുപാട് യാത്രകളും. കാന്തപുരത്ത് മുദരിസായിരുന്ന സമയത്ത് എന്നെ ഒരു പ്രഭാഷണത്തിനായി ക്ഷണിക്കാൻ വന്ന രംഗം ഇപ്പോഴും ഓർക്കുന്നു. സുന്നി യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി ടൈംസ് വരി ചേർത്താനും അക്കാലത്ത് ഒരുപാട് സ്ഥലങ്ങളിൽ ഞങ്ങൾ ഒരുമിച്ചു യാത്രചെയ്തു. ഇന്നത്തെയത്ര ബന്ധങ്ങളോ വിദേശയാത്രകളോ ഇല്ലാത്ത ഒരു കാലത്ത് എന്നെ ആദ്യമായി മലേഷ്യയിലേക്ക് കൊണ്ടുപോയതും തങ്ങളായിരുന്നു.

തങ്ങൾക്ക് അന്നവിടെ പരിചയക്കാരും ബന്ധുക്കളുമൊക്കെയുണ്ട്. അന്നുതുടങ്ങിയ ബന്ധവും ഒരുമിച്ചുള്ള യാത്രകളും മരണം വരെയും തുടർന്നു. 1988 മുതൽ മർകസ് സ്ഥാപനങ്ങളുടെ വൈസ് പ്രസിന്റായിരുന്നു തങ്ങൾ. 2010 ൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ മരണപെട്ടതോടെ ആ വിടവ് നികത്തി അലി ബാഫഖി തങ്ങൾ പ്രസിഡന്റായി. സമസ്തയുടെയും മർകസിന്റെയും എല്ലാ ചെറിയ യോഗങ്ങൾക്ക് പോലും ഇക്കഴിഞ്ഞ ദിവസങ്ങൾ വരെ വരികയും അവസാനം വരെയും സജീവമായി പങ്കെടുക്കുകയും ചെയ്യും. തങ്ങളുടെ സാന്നിധ്യം സുന്നി പ്രസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു. ആരെവിടെ പരിപാടി വെച്ച് വിളിച്ചാലും ഒഴിവുപോലെ തങ്ങൾ എത്തും. അത് വലിയ കരുത്തായിരുന്നു.

ഞങ്ങൾ തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. എന്നെക്കാൾ ഒരുവയസ്സിന് മുതിർന്നതാണ് തങ്ങൾ. എങ്കിലും അവിടുത്തെ വിനയവും താഴ്മയും എന്നെ ഒട്ടേറെ അമ്പരപ്പിച്ചിട്ടുണ്ട്. എന്തുചെറിയ കാര്യമുണ്ടെങ്കിലും എന്നോട് കൂടിയാലോചിക്കും. ഞങ്ങൾക്കിടയിലെ കൂടിക്കാഴ്ചകൾക്ക് ദൈർഖ്യം വന്നാൽ തങ്ങൾ തന്നെ മർകസിൽ എത്തി കാണും. തങ്ങളുടെ ജീവിതത്തിലെ അവസാന നിമിഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിപ്പെടുന്നതും ഈ അടുത്ത ബന്ധം കാരണമാവാം.

TAGS :

Next Story