Quantcast

സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രിംകോടതി റദ്ദാക്കി; ഡോ. രാജശ്രീക്ക് തിരിച്ചടി

നിയമനം ചട്ടപ്രകാരമല്ലെന്ന ഹരജിയിലാണ് കോടതി ഉത്തരവ്.

MediaOne Logo

Web Desk

  • Updated:

    2022-10-21 06:25:29.0

Published:

21 Oct 2022 6:11 AM GMT

സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രിംകോടതി റദ്ദാക്കി; ഡോ. രാജശ്രീക്ക് തിരിച്ചടി
X

ന്യൂഡൽഹി: എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രിംകോടതി റദ്ദാക്കി. നിയമനം ചട്ടപ്രകാരമല്ലെന്ന ഹരജിയിലാണ് കോടതി ഉത്തരവ്. ഡോ. എം.എസ് രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്.

കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കാനിരിക്കെയാണ് ഇപ്പോള്‍ സുപ്രീംകോടതി നിയമനം റദ്ദാക്കിയത്. വരുന്ന ഫെബ്രുവരിയിലാണ് ഡോ. രാജശ്രീയുടെ കാലാവധി കഴിയുക. വി.സി നിയമനം നടത്തുമ്പോള്‍ പാലിക്കേണ്ട യു.ജി.സി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. പി.എസ് ശ്രീജിത്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇടപെടല്‍.

സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അപേക്ഷിച്ച വ്യക്തിയായിരുന്നു ഡോ. പി.എസ് ശ്രീജിത്ത്. എന്നാല്‍ ഡോ. രാജശ്രീയെ വി.സിയായി നിയമിച്ചെന്ന് മാധ്യമങ്ങളിലൂടെ അറിയുകയായിരുന്നു. മാത്രമല്ല, ഒരു പേര് മാത്രമാണ് സെര്‍ച്ച് കമ്മിറ്റി മുന്നോട്ടുവച്ചത്.

ഇത് തന്നെ പോലെ യോഗ്യരായ ആളുകളെ കബളിപ്പിക്കുന്ന നടപടിയാണെന്നും യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഹരജിക്കാരൻ സുപ്രിംകോടതിയെ സമീപിച്ചത്.

കഴിഞ്ഞതവണ, ഹരജി പരിഗണിച്ചപ്പോള്‍ നിയമനം റദ്ദാക്കുമെന്ന സൂചന ജസ്റ്റിസ് എം.ആര്‍ ഷായും സി.ടി രവികുമാറുമടങ്ങുന്ന ബെഞ്ച് നല്‍കിയിരുന്നു. യു.ജി.സിയുടെ എല്ലാ നിയമനങ്ങളും കാറ്റില്‍പ്പറത്തിയാണ് നിയമനമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടിയപ്പോള്‍, ഫെബ്രുവരിയില്‍ കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ കൂടിയേ ഉള്ളൂ എന്ന് വി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

എന്നാൽ‌, എന്തുകൊണ്ട് കുറച്ച് മാസങ്ങള്‍ നേരത്തെ പോയ്ക്കൂടാ എന്ന് ബെഞ്ച് തിരിച്ചുചോദിച്ചിരുന്നു. ഇതിലൂടെ നിയമനം റദ്ദാക്കുമെന്ന സൂചനയായിരുന്നു കോടതി നല്‍കിയത്. സമീപകാല ചരിത്രത്തിലെങ്ങും ഒരു വി.സിയെ സുപ്രിംകോടതി പുറത്താക്കിയിട്ടില്ല എന്നിരിക്കെയാണ് ഇപ്പോഴത്തെ നിര്‍ണായക ഉത്തരവ്.

കൃത്യമായ യോഗ്യതകള്‍ ഉണ്ടായിട്ടും തന്നെ മനഃപൂര്‍വം അവഗണിക്കുകയായിരുന്നെന്നും ഇപ്പോള്‍ അനുകൂല വിധിയുണ്ടായതില്‍ സന്തോഷമുണ്ടെന്നും പരാതിക്കാരന്‍ മീഡിയ വണിനോട് പ്രതികരിച്ചു.

TAGS :

Next Story