എസ്‌ഐആര്‍; കേരളത്തിൽ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് ആശ്വാസം, രേഖകൾ ചേർക്കാൻ സമയം നീട്ടിനൽകി സുപ്രിംകോടതി
കേരളത്തിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.
നേരത്തെ, കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 24 ലക്ഷം പേര് പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 2.71 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്.
എസ്‌ഐആറില്‍ പേരുവിവരങ്ങളും രേഖകളും ചേര്‍ക്കാനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. രേഖകള്‍ പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ എങ്ങനെ പൂര്‍ത്തിയാക്കണമെന്ന കാര്യത്തില്‍ അജ്ഞത, മാതാപിതാക്കളുടെ പേരുകള്‍ തമ്മില്‍ ചേരുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ കേരളത്തിന്റെ എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തായ 24 ലക്ഷം പേര്‍ക്ക് പട്ടികയിലേക്ക് തിരികെയെത്താനുള്ള അവസരമെന്നോണമാണ് സുപ്രിംകോടതി സമയം നീട്ടിനല്‍കിയിരിക്കുന്നത്.
ഇതുപ്രകാരം, കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ രേഖകള്‍ സമര്‍പ്പിക്കാനും തദ്ദേശസ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
Adjust Story Font
16

