സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു; മത്സരങ്ങൾ നാളെ മുതൽ
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൊളുത്തി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായകമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോടൊപ്പം ദീപശിഖ കൊളുത്തി. മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.
ഒക്റ്റോബർ 22 മുതൽ 28 വരെ നടക്കുന്ന കായിക മേളയിൽ 12 വേദികളിലായി 20,000 കുട്ടികൾ പങ്കെടുക്കും. 742 ഫൈനൽ മത്സരണങ്ങളാണ് ഇത്തവണത്തെ കായികമേളയിലുള്ളത്. ഇൻക്ലൂസിവ് സ്പോർട്സിൽ 1944 കായിക താരങ്ങൾ പങ്കെടുക്കും. ഗൾഫ് മേഖലയിൽ നിന്നും 12 പെൺകുട്ടികൾ പങ്കെടുക്കുന്നു എന്ന പ്രത്യേകത കൂടി മേളക്കുണ്ട്. അത്‌ലറ്റിക് മത്സരങ്ങൾ 23-ാം തിയതി മുതൽ 28 വരെ ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടക്കും.
പ്രശസ്ത ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാൻഡ് അംബാസിഡർ. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ശ്രീമതി കീർത്തി സുരേഷ് ആണ് ഗുഡ്വിൽ അംബാസിഡർ.
രണ്ടാം തവണയാണ് ഒളിമ്പിക് മാതൃകയിൽ സ്കൂൾ കായികോത്സവം സംഘടിപ്പിക്കുന്നത്. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകും. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച തീം സോംഗാണ് ഇത്തവണത്തേത്.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്. ഒക്ടോബർ 16ന് കാസർകോട് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ പര്യടനം മറ്റെല്ലാ ജില്ലകളും താണ്ടി ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു.
Adjust Story Font
16

