കല്ലറയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം; മർദ്ദനകാരണം വ്യക്തമല്ല
കല്ലറ ജംഗ്ഷനിലും പരിസരത്തും സ്കൂൾ വിദ്യാർഥികൾ ഇത്തരം സംഘർഷങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം. കല്ലറ ഗവ വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് സംഘം ചേർന്ന് രണ്ട് ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചത്. മർദ്ദനകാരണമെന്താണെന്ന് വ്യക്തമല്ല.
ഇന്ന് രാവിലെയാണ് കല്ലറ ജംഗ്‌ഷനിൽ രക്തസാക്ഷി മണ്ഡപത്തിന് സമീപം യൂണിഫോം ധരിച്ചെത്തിയ ഏഴോളം വിദ്യാർത്ഥികൾ ഇതേ സ്കൂളിൽ പഠിക്കുന്ന മറ്റ് രണ്ടു വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പാങ്ങോട് സ്കൂളിലെത്തി വിദ്യാർഥികളെ കണ്ടെത്തി. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ എന്താണ് മർദ്ദനത്തിന്റെ കാരണം എന്ന് വ്യക്തമല്ല. ഇരു ഭാഗത്ത് ഉള്ളവരെയും രക്ഷകർത്താക്കളോടപ്പം സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടില്ല. അതേസമയം കല്ലറ ജംഗ്ഷനിലും പരിസരത്തും സ്കൂൾ വിദ്യാർഥികൾ ഇത്തരം സംഘർഷങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Adjust Story Font
16

