സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറി; അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാർ
കഴിഞ്ഞദിവസം ഒരു വിദ്യാർഥിനിയെ ഇയാൾ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാൻ ശ്രമിച്ചതോടെയാണ് മർദനം.

ഭുവനേശ്വർ: സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ കൈകാര്യം ചെയ്ത് രക്ഷിതാക്കളും നാട്ടുകാരും. ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ അസ്ക പ്രദേശത്താണ് സംഭവം. ബലിച്ഛായ് യുപി സ്കൂൾ അധ്യാപകനായ സൂര്യനാരായൺ നഹകിനാണ് നാട്ടുകാരുടെ മർദനമേറ്റത്.
കഴിഞ്ഞദിവസം ഒരു വിദ്യാർഥിനിയെ ഇയാൾ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും ഇത് മറ്റൊരു വിദ്യാർഥിയോട് മൊബൈൽ ഫോണിൽ പകർത്താൻ പറയുകയുമായിരുന്നു. ഇക്കാര്യം രക്ഷിതാക്കൾ അറിഞ്ഞതോടെ അവർ സ്കൂളിലേക്ക് ഇരച്ചെത്തുകയും അധ്യാപകനെ മർദിക്കുകയുമായിരുന്നു.
ട്യൂഷൻ ക്ലാസിലും സ്കൂൾ സമയത്തും പെൺകുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്ന ആരോപണം ഇയാൾക്കെതിരെ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ നാട്ടുകാർ അധ്യാപകനെ മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് നഹകിനെ രക്ഷപെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പരാതി ലഭിച്ചതായും പൊലീസുകാർ പറഞ്ഞു.
വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും സ്കൂൾ ഹെഡ്മാസ്റ്റർ പറഞ്ഞു. വിദ്യാർഥിനികളോട് അധ്യാപകൻ മോശം പരാമർശങ്ങൾ നടത്തിയെന്നും എതിർത്തപ്പോൾ അടിച്ചെന്നും ഇരകളിലൊരാളുടെ മാതാവ് പറഞ്ഞു.
മോശം അനുഭവം ഉണ്ടായതിനെക്കുറിച്ച് മകൾ പറയുകയും ഇതേക്കുറിച്ച് അധ്യാപകനോട് ചോദിച്ചപ്പോൾ അവൾ അനുസരണക്കേട് കാണിച്ചതിനാലാണ് ശിക്ഷിച്ചതെന്നായിരുന്നു മറുപടിയെന്നും അമ്മ വ്യക്തമാക്കി. സംഭവത്തിൽ, പെൺകുട്ടികളുടെയും ജീവനക്കാരുടേയും രക്ഷിതാക്കളുടേയും മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16

