Quantcast

മുന്നാക്ക സംവരണമെന്ന പെരുംകൊള്ളക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കും: എസ്ഡിപിഐ

അധികാര- ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളിൽ വരേണ്യ വിഭാഗത്തിന്റെ ആധിപത്യം എക്കാലത്തും അരക്കിട്ടുറപ്പിക്കുന്നതിനുള്ള കുറുക്കുവഴിയായിരുന്നു 10 ശതമാനം മുന്നാക്ക സംവരണം എന്നത് ഇന്ന് പകൽ പോലെ വ്യക്തമായെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-09-02 18:00:57.0

Published:

2 Sept 2025 10:05 PM IST

SDPI Statement on ED raid in party offices
X

കോഴിക്കോട്: മുന്നാക്ക സംവരണമെന്ന പേരിൽ നടപ്പാക്കിയ സാമൂഹിക നീതി അട്ടിമറിക്കും പെരുംകൊള്ളക്കുമെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികാര- ഉദ്യോഗ- വിദ്യാഭ്യാസ മേഖലകളിൽ വരേണ്യ വിഭാഗത്തിന്റെ ആധിപത്യം എക്കാലത്തും അരക്കിട്ടുറപ്പിക്കുന്നതിനുള്ള കുറുക്കുവഴിയായിരുന്നു 10 ശതമാനം മുന്നാക്ക സംവരണം എന്നത് ഇന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നു. സവർണ വിഭാഗക്കാരായ സംവരണത്തിൽ ഉൾപ്പെടുന്ന വിദ്യാർഥിക്ക് പ്രവേശന പരീക്ഷയിൽ റാങ്ക് 60000ന് മുകളിലാണെങ്കിൽപോലും സംസ്ഥാനത്ത് എൻജിനീയറിങ് പ്രവേശനം ലഭിക്കുമെന്നായിരിക്കുന്നു.

എൻജിനീയറിങ് പ്രവേശനത്തിന് മുന്നാക്ക ഹിന്ദു- 66078-ാം റാങ്കുകാരൻ പ്രവേശനത്തിന് അർഹത നേടിയപ്പോൾ മുസ്‌ലിം- 44,079, ഈഴവ- 52,174, പിന്നാക്ക ഹിന്ദു- 62,393, ലത്തീൻ കതോലിക്ക-ആംഗ്ലോ ഇന്ത്യൻ- 63,291, വിശ്വകർമ- 64,485 റാങ്ക് വരെയുള്ളവർ മാത്രമാണ് പ്രവേശന പട്ടികയിൽ ഇടംപിടിച്ചത്. എൻട്രൻസ് കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ച എൻജിനീയറിങ് നാലാം അലോട്മെന്റ് പട്ടിക പ്രകാരം 60,000ന് മുകളിൽ റാങ്കുള്ള 12 പേർ മുന്നാക്ക സംവരണ വിഭാഗത്തിൽ റാങ്ക് പട്ടികയിൽ ഇടംപിടിച്ചു.

സംവരണം കാര്യക്ഷമത കുറക്കുമെന്നും സംവരണ സീറ്റിൽ പ്രവേശനം നേടിയ ഡോക്ടർമാരുടെ അടുക്കൽ വിശ്വസിച്ച് ചികിത്സക്ക് പോകാനാവില്ലെന്നും മറ്റുമാണ് പുരോഗമനവാദികളും സവർണ വരേണ്യ സമൂഹവും മുഖ്യധാരാ മാധ്യമങ്ങളുൾപ്പെടെ മുൻകാലങ്ങളിൽ പ്രചരിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ആർക്കും മിണ്ടാട്ടമില്ല. 2019 ജനുവരിയിൽ നടത്തിയ 103-ാം ഭേദഗതിയിലൂടെ ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്താണ് ഈ സാമൂഹിക നീതി അട്ടിമറി യാഥാർഥ്യമാക്കിയത്. ബിജെപി കൊണ്ടുവന്ന ഭേദഗതിക്ക് ഇടതും വലതും ഒരുപോലെ തോളോടു തോൾ ചേർന്നുനിന്നു എന്നതാണ് നാം തിരിച്ചറിയേണ്ടത്. മുന്നണികളുടെ സാമൂഹിക നീതിയെന്ന വായ്ത്താരിയും പിന്നാക്ക സ്നേഹവും വഞ്ചനയാണെന്ന് തെളിയിക്കുന്നതാണ് ഈ നടപടികൾ.

ദാരിദ്ര്യ നിർമാർജന പദ്ധതി എന്ന നിലക്കല്ല സാമൂഹിക സംവരണം ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. പതിറ്റാണ്ടുകളായി ജാതീയ അസമത്വങ്ങളുടെ പേരിൽ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായിരുന്നു. സംവരണത്തിന്റെ ആത്മാവിനെയാണ് മുന്നാക്ക സംവരണത്തിലൂടെ മുന്നണികൾ ചുട്ടുകൊന്നിരിക്കുന്നത്. സാമൂഹിക നീതി ആഗ്രഹിക്കുന്നവർ ഇതിനെതിരേ ഇനിയെങ്കിലും ശക്തമായി മുന്നോട്ടുവരണമെന്നും തുളസീധരൻ പള്ളിക്കൽ അഭ്യർഥിച്ചു.

വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്, ട്രഷറർ എൻ.കെ റഷീദ് ഉമരി , കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡണ്ട് പി.വി ജോർജ്, ജനറൽ സെക്രട്ടറി കെ.ഷെമീർ, സെക്രട്ടറി ബാലൻ നടുവണ്ണൂർ സംബന്ധിച്ചു.

TAGS :

Next Story