സീപോർട്ട് -എയർപോർട്ട് റോഡ്: സ്ഥലം വിട്ട് നൽകിയവരിൽ നിന്ന് നഷ്ടപരിഹാര തുക തിരിച്ചു പിടിക്കാനുള്ള നീക്കം പുനഃപരിശോധിക്കാൻ റവന്യൂ വകുപ്പ്
മീഡിയവൺ വാർത്തക്ക് പിന്നാലെ മന്ത്രി കെ.രാജൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയെന്നാണ് വിവരം

കാക്കനാട്:എറണാകുളം സീപോർട്ട് -എയർപോർട്ട് റോഡിന് സ്ഥലം വിട്ട് നൽകിയവരിൽ നിന്ന് അധികമായി ലഭിച്ച നഷ്ടപരിഹാര തുക തിരിച്ചു പിടിക്കാനുള്ള നീക്കം പുനഃപരിശോധിക്കാൻ റവന്യൂ വകുപ്പ്. മീഡിയവൺ വാർത്തക്ക് പിന്നാലെ മന്ത്രി കെ.രാജൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടിയെന്നാണ് വിവരം.
നടപടി ക്രമങ്ങളെ സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോർട്ട് സ്പെഷ്യൽ തഹസീൽദാർ ജില്ലാ കലക്ടർക്ക് കൈമാറി. 1894 ലെ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാരം ലഭിച്ചവർക്കാണ് ഒരു പതിറ്റാണ്ടിന് ശേഷം പണം തിരിച്ചടക്കാനാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയത്. 2013 ലെ പുതിയ നിയമപ്രകാരം നഷ്ടപരിഹാരം കണക്കാക്കിയതിൽ വ്യത്യാസം ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം.നടപടി ക്രമങ്ങളിലെ സുതാര്യതയില്ലായ്മ, അപര്യാപ്തമായ നഷ്ടപരിഹാരം, പുനരധിവാസത്തിനുള്ള കുറഞ്ഞ വ്യവസ്ഥകൾ എന്നിങ്ങനെ പഴയ നിയമത്തിലെ പേരായ്മകൾ ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമം നിലവിൽ വന്നത്. എന്നാൽ ഉദ്യോഗസ്ഥ തല കാല താമസങ്ങളും, നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ഇപ്പോഴും നില നിൽക്കുന്നുവെന്നതാണ് വസ്തുത.
മുപ്പത് കിലോ മീറ്റർ പാതയിൽ കളമശേരി മുതൽ ആലുവ കീഴ്മാട് വരെ നാല് വില്ലേജുകളിലെ അഞ്ചൂറോളം പേരുടെ ഭൂമിയാണ് രണ്ടാം ഘട്ട വികസത്തിനായി ഏറ്റെടുക്കുന്നത്.
Adjust Story Font
16

