Quantcast

'ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടരുകയാണ്'; സിപിഎം സൈബറാക്രമണത്തിൽ കെ.കെ രമ

''നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ''

MediaOne Logo

Web Desk

  • Updated:

    2023-03-22 13:25:26.0

Published:

22 March 2023 12:48 PM GMT

k.k rama, niyamasabha, mla
X

ഡോക്ടറുടെ നിർദേശപ്രകാരം കൈക്ക് വീണ്ടും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്ന് കെ.കെ രമ എംഎൽഎ. ഒരാഴ്ചകൂടി പ്ലാസ്റ്ററിൽ തുടരണമെന്ന് ഡോക്ടർ നിർദേശിച്ചു. അതുകൊണ്ടാണ് രണ്ടാമതും പ്ലാസ്റ്ററിട്ടത്. നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണെന്നും നിങ്ങൾക്ക് നിരാശ ഉണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ എന്ന് കെ.കെ രമ പ്രതികരിച്ചു.

''ഇന്നിപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ...''

പ്ലാസ്റ്ററിട്ട് മിനിട്ടുകൾക്കകം സി.പി.എം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപ വർഷമായിരുന്നു. പ്ലാസ്റ്റർ ഒട്ടിച്ചത് ഷാഫി പറമ്പിൽ ആണെന്ന് പോലും അധിക്ഷേപങ്ങളുണ്ടായി. അതുകൊണ്ടു തന്നെ അധിക്ഷേപ വർഷങ്ങളും നുണ പ്രചാരണങ്ങളും തുടരൂ എന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

പരിക്കേറ്റ കൈ ഇന്ന് വീണ്ടും തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കാണിക്കുകയുണ്ടായി. ഒരാഴ്ച കൂടി കൈ പ്ലാസ്റ്ററിൽ തുടരണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് മാറ്റി പ്ലാസ്റ്ററിട്ടിരിക്കുകയുമാണ്. കൈ ഇളകാതെ സൂക്ഷിക്കേണ്ടതുണ്ട്. തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആർ.ഐ സ്കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ട്.

നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം മിനിറ്റുകൾക്കകം സി.പി.എം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപവർഷമായിരുന്നു. നിയമസഭയിലെ സംഭവങ്ങളുടെ ആരംഭം മുതൽ പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങൾ ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. ഇടതു കയ്യിലെ പ്ലാസ്റ്റർ വലതുകൈക്ക്‌ മാറിയെന്നും, പ്ലാസ്റ്റർ ഒട്ടിച്ചത് ഷാഫി പറമ്പിൽ എം.എൽ.എ ആണെന്നും തുടങ്ങി നുണകൾ കൊണ്ടുള്ള അധിക്ഷേപങ്ങളുടെയും ആക്ഷേപങ്ങളുടെയും ക്രൂരമായ വേട്ടയാടലുകൾ തുടയുകയാണിപ്പോഴും. എന്നെ സംബന്ധിച്ചു കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല.

എന്നാൽ ഉത്തരവാദപ്പെട്ട ജനപ്രതിനിധികളിലൊരാൾ, നിയമസഭയിൽ നിത്യേന കാണുന്ന സഹപ്രവർത്തകരിലൊരാൾ തന്നെ ഈ അധിക്ഷേപ വർഷത്തിന് നേതൃത്വം നൽകിയത് സൃഷ്ടിച്ച ഒരു അമ്പരപ്പും നിരാശയുമുണ്ടായിരുന്നു. അത് പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. പിന്നീട് അത് മറികടന്നു. എന്നാൽ തൊട്ടടുത്ത ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇതേറ്റു പിടിക്കുകയും, ഇത്തരം സൈബർ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമായിരുന്നു.

ആക്രമിക്കുന്നത് സി.പി.എം നേതൃത്വം നൽകുന്ന സർക്കാരും അതിന്റെ ഭാഗമായ സംവിധാനങ്ങളുമാണെങ്കിൽ പരിക്കേറ്റ ആളെ പ്രാഥമികമായ ചികിത്സതേടാൻ പോലും അനുവദിക്കില്ലെന്ന നിഷ്ടൂരമായ പ്രഖ്യാപനമല്ലേ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്? പരിക്കേറ്റയാളുടെ ചികിത്സയിൽ ബോധപൂർവ്വം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തിൽ പരസ്യമായ സോഷ്യൽ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോൾ ശരീരത്തിനേറ്റ വേദനയെക്കാൾ വലിയ വേദനയും മുറിവുമാണ് അയാളിൽ അത് ബാക്കിയാകുന്നത്.

ഇന്നിപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്.

നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ!!.. പ്രിയരേ,നിങ്ങൾ ഇനിയും നിങ്ങളുടെ അധിക്ഷേപ വർഷങ്ങളും നുണ പ്രചാരണങ്ങളും തുടരുക.

നന്ദി...

കെ.കെ.രമ

TAGS :

Next Story