Quantcast

സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട്;പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്

ക്രമക്കേടുകളില്‍ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമായതോടെ കെ.പി.സി.സി നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാനും നിയമസഭയില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2021-09-27 01:39:20.0

Published:

27 Sep 2021 1:31 AM GMT

സീതത്തോട് സഹകരണ ബാങ്ക് ക്രമക്കേട്;പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്
X

പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടുകളില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ക്രമക്കേടുകളില്‍ സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമായതോടെ കെ.പി.സി.സി നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കാനും നിയമസഭയില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുമാണ് തീരുമാനം. അതേസമയം ബാങ്കിനെതിരെ നടക്കുന്ന പ്രചാരണങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനും പ്രതിരോധിക്കാനുമാണ് സി.പി.എം തീരുമാനം

സീതത്തോട് സഹകരണ ബാങ്ക് വിഷയത്തില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ മുന്‍ സെക്രട്ടറി കെ.യു ജോസിനെ സി.പി.എമ്മില്‍ നിന്നും പുറത്താക്കിയതാണ് കോണ്‍ഗ്രസിന്‍റെ പിടിവള്ളി. സഹകരണ വകുപ്പ് അന്വേഷണത്തില്‍ കൂടുതല്‍ സിപിഎം നേതാക്കളുടെ പങ്ക് വെളിച്ചത്ത് വന്നതോടെയാണ് സമരം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കോണ്‍ഗ്രസ് സീതത്തോട് മണ്ഡലം കമ്മറ്റിയുടെയും യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെയും നേതൃത്വത്തില്‍ നടന്ന സമരം ഇനി കെപി.സി.സി ഏറ്റെടുക്കും. ഇതിനായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ,വൈസ് പ്രസിഡന്‍റ് പി ടി തോമസ് തുടങ്ങിയവര്‍ പ്രദേശിക നേതാക്കളില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. എം.എല്‍.എ കെ.യു ജനീഷ് കുമാറിനെതിരെ ജോസ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയടക്കം നിയമസഭയില്‍ ചര്‍ച്ചയാക്കാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സഹകരണവകുപ്പ് അന്വേഷണം നടക്കുന്ന വിഷയത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനാവാത്തത് സി.പി.എമ്മിന് തിരിച്ചടിയായിട്ടുണ്ട്. സമ്മേളനങ്ങള്‍ക്ക് ശേഷം പാര്‍ട്ടി കമ്മീഷനെ നിയോഗിച്ച് പരാതി പരിശോധിക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ വിശദീകരണം നല്‍കി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ക്രമക്കേടുകള്‍ സംബന്ധിച്ച് പരസ്യ പ്രതികരണവുമായി സി.പി.ഐ രംഗത്ത് വന്നതും പാര്‍ട്ടി സമ്മേളനങ്ങളില്‍ വിമര്‍ശനമുയരാന്‍ സാധ്യതയുള്ളതും മുന്നില്‍ കണ്ടാവും സിപിഎം നേതൃത്വം വിഷയത്തില്‍ അന്തിമ തീരുമാനം കെക്കൊള്ളുക.


TAGS :

Next Story