Quantcast

പേര് 'പൂത്തിരി'; വിൽക്കുന്നത് എംഡിഎംഎ, കളമശ്ശേരിയിൽ മയക്ക് മരുന്നുമായി യുവാവ് പിടിയിൽ

മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ 'പൂത്തിരി ഓണായിട്ടുണ്ട്' എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഓർഡർ നൽകി തുടങ്ങുന്നതാണ് രീതി

MediaOne Logo

Web Desk

  • Updated:

    2025-08-19 14:43:47.0

Published:

19 Aug 2025 8:10 PM IST

പേര് പൂത്തിരി; വിൽക്കുന്നത് എംഡിഎംഎ, കളമശ്ശേരിയിൽ മയക്ക് മരുന്നുമായി യുവാവ് പിടിയിൽ
X

കൊച്ചി: ഓണാഘോഷം കളറാക്കാൻ 'പൂത്തിരി' എന്ന പ്രത്യേക കോഡിൽ രാസലഹരി വിൽപ്പന നടത്തിയിരുന്നയാളെ എക്സൈസ് പിടികൂടി.

ആലുവ ഈസ്റ്റ്, കൊടികുത്തിമല സ്വദേശി മുറ്റത്ത് ചാലിൽ വീട്ടിൽ മകൻ മുസാഫിര്‍ മുഹമ്മദ് (33) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് രാസലഹരിയുമായി കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്ന് 9.178 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ച ഇയാളുടെ സ്മാർട്ട് ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തു.

സമൂഹമാധ്യമങ്ങളിലൂടെ "പൂത്തിരി " എന്ന പ്രത്യേക തരം കോഡ് ഉപയോഗിച്ചായിരുന്നു വിൽപ്പന. ബംഗളൂരുവില്‍ നിന്ന് മയക്ക് മരുന്ന് നേരിട്ട് എത്തിച്ച ശേഷം പ്രത്യേക ഗ്രൂപ്പുകളിലൂടെ ' പൂത്തിരി ഓണായിട്ടുണ്ട് " എന്ന കോഡ് നൽകുന്നതോടെ ആവശ്യക്കാർ ഇയാൾക്ക് ഓർഡർ നൽകി തുടങ്ങും.

ഓൺലൈനായി പണം സ്വീകരിച്ച ശേഷം മയക്ക് മരുന്ന് പ്രത്യേക രീതിയിൽ വെള്ളം നനയാത്ത രീതിയിൽ പൊതിഞ്ഞ് സുരക്ഷിതമായി ഏതെങ്കിലും സ്ഥലത്ത് വച്ച ശേഷം അതിൻ്റെ ഫോട്ടോയും ലൊക്കേഷനും അയച്ച് കൊടുക്കുന്നതായിരുന്നു ചില്ലറ വിൽപ്പനയുടെ രീതി.

കളമശ്ശേരി എച്ച്എംടി തോഷിബ ജംഗ്ഷന് അടുത്ത് സ്ഥിതി ചെയ്യുന്ന പെരിങ്ങഴ ക്ഷേത്രം വക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഇടനിലക്കാരനെ കാത്ത് നിൽക്കുകയായിരുന്ന മുസാഫിർ, എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടി കൂടി. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ താമസസ്ഥലത്തു നിന്നും മയക്ക്മരുന്ന് കണ്ടെടുത്തു.

ഓണാഘോഷത്തിൻ്റെ ഭാഗമായി എക്സൈസ് നടത്തി വരുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തി വന്ന പ്രത്യേക പരിശോധനയിലാണ് മുസാഫിർ പിടിക്കപ്പെട്ടത്. പിടിയിലായതിന് ശേഷവും നിരവധി കോളുകളാണ് ഇയാളുടെ ഫോണിലേക്ക് വന്നിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ ഇയാളുടെ സുഹൃത്ത് ഷെഫീക്കിനെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കർശന പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

എറണാകുളം റേഞ്ച് ഇൻസ്പെക്ടർ അഭിരാജ് ആർ , സിറ്റി സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഷാബു . സി. ജി, സിറ്റി സ്ക്വാഡിലെ സി.ഇ. ഒ മാരായ അമൽദേവ്, ജിബിനാസ് വി.എം, പ്രവീൺകുമാർ വി.എച്ച്, പത്മഗിരിശൻ, വനിത സിഇഒ അഞ്ജു ആനന്ദൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

TAGS :

Next Story