'മുസ്ലിം ആണെന്ന് കരുതി കണക്ക് തീർക്കാൻ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയി'; കണ്ണൂരിലെ കലാപ റിപ്പോർട്ടിങ് അനുഭവം വെളിപ്പെടുത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ
മലയാള മനോരമ കണ്ണൂർ ബ്യുറോ ചീഫായിരുന്ന പി.ഗോപിയുടെ 'ഒരു പത്രക്കാരന്റെ നിത്യഹരിത ഓർമ്മകൾ' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ

കോഴിക്കോട്: 1970 കളിൽ രാമന്തളി, പയ്യന്നൂർ മേഖലയിലുണ്ടായ രാഷ്ട്രീയ സംഘർഷം റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവർത്തകനെ സിപിഎം പ്രവർത്തകർ മുസ്ലിം ആണെന്ന് തെറ്റിദ്ധരിച്ച് വകവരുത്താൻ തട്ടിക്കൊണ്ടുപോയെന്ന് വെളിപ്പെടുത്തൽ. 'മലയാള മനോരമ' കണ്ണൂർ ബ്യുറോ ചീഫായി മൂന്ന് പതിറ്റാണ്ടോളം പ്രവർത്തിച്ച പി.ഗോപിയുടെ 'ഒരു പത്രക്കാരന്റെ നിത്യഹരിത ഓർമ്മകൾ' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. സംഘർഷം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് തട്ടിക്കൊണ്ടു പോയി വകവരുത്താൻ ശ്രമിച്ചതെന്ന് രണ്ട് മാസം മുന്പ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ പി. ഗോപി വിശദീകരിക്കുന്നു.
പ്രഫഷണൽ ജീവിതത്തിൽ മരണത്തെ മുഖാമുഖം കണ്ടതിനെ കുറിച്ച് വിശദീകരിക്കുന്നയിടത്താണ് മുസ്ലിം എന്ന് തെറ്റിദ്ധരിച്ച് സിപിഎം പ്രവർത്തകർ കൊലപ്പെടുത്താൻ തട്ടിക്കൊണ്ടുപോയ സംഭവം വിശദീകരിക്കുന്നത്. 1970 കളിൽ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ സംഘർഷം വീണ്ടും രൂക്ഷമായിരുന്നു. പകയും ശത്രുതയും കൊലപാതകത്തിലേക്ക് നയിക്കുകയും ചിലപ്പോൾ സാമുദായിക സ്പർദ്ധയിലേക്ക് വഴി മാറുകയും ചെയ്തു. അതിനിടയിലാണ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ കുഞ്ഞിക്കണ്ണനും രണ്ടുപേരും കൊല്ലപ്പെടുന്നത്. തുടർന്ന് രാമന്തളി, പയ്യന്നൂർ മേഖലകളിൽ സംഘർഷം രൂക്ഷമായി. അത് സാമുദായിക കലാപത്തിനു വഴിമരുന്നിടുന്ന അവസ്ഥയിലേക്കെത്തി. വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായതോടെ പയ്യന്നൂരിൽ നേരിട്ടു പോയി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടിവന്നു. പയ്യന്നൂരിലെത്തിയ ഗോപിയെയും കാമറമാനെയും അക്രമിസംഘം തടഞ്ഞു. ഗോപിയെ ജീപ്പിൽ വലിച്ച് കയറ്റിക്കൊണ്ടുപോയി. പത്രക്കാരനാണെന്നും അക്രമിയല്ലെന്നും പിടികൂടിയവരോട് പറഞ്ഞെങ്കിലും ക്രൂരമായി മർദിച്ചു. മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരായിരുന്നു ജീപ്പിൽ. നിരപരാധിത്വത്തിനു തെളിവുകൾ പറഞ്ഞെങ്കിലും "എല്ലാം അവിടെ എത്തിയിട്ടു കാട്ടിത്തരാം” എന്ന ഭീഷണിയായിരുന്നു മറുപടി. തന്റെ അന്ത്യം ഇതാ അടുത്തെത്തി എന്ന് ഉറപ്പാക്കിയ നിമിഷങ്ങളായിരുന്നു അതെന്നും ഗ്രന്ഥകാരൻ ഓർക്കുന്നു.
കുതറി ഒച്ചവച്ച് ജനശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കൂടുതൽ പീഡനമായിരുന്നു ഫലം. ജീപ്പ് പയ്യന്നൂർ മെയിൻ റോഡിലൂടെ ടൗൺ ബസ് സ്റ്റാന്റിലേക്കെത്തുമ്പോൾ ആൾക്കൂട്ടത്തെ പൊലീസ് ലാത്തി വീശി ഓടിക്കുന്നത് കണ്ടു. ജീപ്പിന് മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമായി. അതിനിടയിൽ തന്റെ ആർത്ത് വിളികേട്ട് ഓടിയെത്തിയ പൊലീസാണ് തന്നെ രക്ഷിച്ചതെന്നും നാലഞ്ചു പ്രവർത്തകരെ ജീപ്പ് സഹിതം കസ്റ്റഡയിലെടുത്തതെന്നും ഗോപി പറയുന്നു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത പയ്യന്നൂർ പൊലീസിനോട് മുസ്‍ലിം ആണെന്ന് തെറ്റിദ്ധരിച്ച് കണക്ക് തീർക്കാൻ തട്ടിക്കൊണ്ടു പോവുകയായിരുന്നു തങ്ങളെന്നാണ് അവർ മൊഴി നൽകിയത്. സംഭവത്തിൽ ചില സിപിഎം നേതാക്കൾ ഖേദം പ്രകടിപ്പിച്ചെന്നും പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.
പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തലിൽ നിന്ന്:
ബന്ദിയായി പയ്യന്നൂരിൽ
മരണത്തെ മുഖാമുഖം കണ്ട എന്റെ പ്രഫഷണൽ ജീവിതത്തിലെ അടുത്ത അനുഭവം അരങ്ങേറിയത് പയ്യന്നൂരിൽ. ചെറിയൊരിടവേളക്ക് ശേഷം കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷം വീണ്ടും രൂക്ഷമാവുകയായിരുന്നു. പകയും ശത്രുതയും കൊലപാതകത്തിലേക്ക് നയിക്കുന്ന അവസ്ഥ. ചിലപ്പോൾ സാമുദായിക സ്പർദ്ധയിലും. അത്തരം ഒരു സാഹചര്യമായിരുന്നു 70-ൽ രാമന്തളിയിൽ. ജനകീയനെന്നറിയപ്പെട്ട അവിടുത്തെ സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ കുഞ്ഞിക്കണ്ണൻ രാഷ്ട്രീയ വൈരത്തിൽ കൊല്ലപ്പെട്ടു. രണ്ടുപേർ വേറെയും. തുടർന്ന് രാമന്തളി, പയ്യന്നൂർ മേഖലകളിൽ തികഞ്ഞ സംഘർഷമായി. അത് സാമുദായിക കലാപത്തിനു വഴിമരുന്നിടുമെന്ന അവസ്ഥ താമസിയാതെ അനുഭവപ്പെട്ടു. സമാധാനാന്തരീക്ഷം വഷളായി. സംഘർഷങ്ങളിൽ ഒട്ടേറെപ്പേർക്ക് പരിക്ക്. വാർത്താവിനിമയ ബന്ധങ്ങൾ താറുമാറിൽ. വാഹനങ്ങൾ നിശ്ചലം. പയ്യന്നൂരിൽ നേരിട്ടു പോയി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട സ്ഥിതിയായി. അവിടുത്തെ അന്നത്തെ തങ്ങളുടെ ലേഖകൻ പി.ദാമോദരൻ, ആപൽ സൂചന നൽകിയെങ്കിലും ഞാനതു വക വെച്ചില്ല. സമീപ പ്രദേശങ്ങളിൽ നിന്നുള്ള പൊലീസ് സംഘങ്ങൾ പയ്യന്നൂരിലേക്ക് തിരിച്ചതായി വിവരം. പോകാതെ വയ്യെന്ന നില.
പ്രമുഖ പത്രങ്ങൾക്കുപോലും കണ്ണൂർ പോലുള്ള ജില്ലാ ആസ്ഥാനങ്ങളിൽ സ്വന്തം ഫൊട്ടോഗ്രഫർമാർ ഇല്ലാത്ത കാലമായിരുന്നു അത്. അത്യാവശ്യ ഘട്ടങ്ങളിൽ നഗരത്തിലെ സ്റ്റുഡിയോകളെ സമീപിക്കുക പതിവ്. ഞങ്ങൾ സാധാരണ എന്റെ അയൽക്കാരനും സുഹൃത്തുമായ മിനർവ്വ സ്റ്റുഡിയോ പാർട്ട്ണർ വി.പി നിർമ്മലിനെയോ ടീപ്പി സ്റ്റുഡിയോവിലെ രത്നാകരനെയോ ആണ് ഏർപ്പെടുത്തുക. അന്ന് രത്നാകരനാണ്. ഞങ്ങൾ നഗരത്തിലെ ഒരു ടാക്സി കാറിൽ പയ്യന്നൂർക്ക് പുറപ്പെട്ടു. ഉച്ച കഴിഞ്ഞിരുന്നു അവിടെ എത്താൻ. പെരുമ്പ പാലത്തിനു സമീപം വച്ച് ഞങ്ങൾക്ക് ചിലർ സ്നേഹോപദേശം നൽകി; സ്ഥിതി മോശമാണ്, ടൗണിലേക്കു കടക്കേണ്ട. മുന്നറിയിപ്പ് കണക്കിലെടുത്ത് ഞങ്ങൾ കാറിൽ നിന്നിറങ്ങി ടൗണിലേക്ക് കാൽനട യാത്രയായി. കാർ സുരക്ഷിതമായ സ്ഥലത്ത് നിർത്തിയിട്ടു. കത്തിക്കുത്തിൽ നിന്നു രക്ഷപ്പെടാൻ ആളുകൾ തലങ്ങും വിലങ്ങും ഓടുന്ന കാഴ്ചയാണ് അവിടെ ഞങ്ങളെ സ്വാഗതം ചെയ്തത്. എൽഐസി. ഓഫീസിനടുത്തെത്തിയപ്പോൾ എന്റെ തൊട്ടു പിറകിൽ നിന്നൊരു രോദനം. ഒരാൾക്കു കുത്തേറ്റിരിക്കുന്നു. ഞങ്ങളുടെ മാർഗ്ഗദർശിയായി കൂടെ ഉണ്ടായിരുന്ന സുഹൃത്ത് രാജഗോപാൽ (പയ്യന്നൂർ കോളേജ് പ്രഫസറായി പിൽക്കാലത്ത് റിട്ടയർ ചെയ്തു) ഉടൻ സ്ഥലം വിടുന്നതാണു നല്ലതെന്നു പറഞ്ഞെങ്കിലും ഞാൻ അതിനോടു പൂർണമായി യോജിച്ചില്ല.
കാർ പാർക്ക് ചെയ്ത സുരക്ഷിത സ്ഥാനം തേടി നടക്കവെ രാജഗോപാൽ സ്വവസതിയിലേക്ക് നീങ്ങി. ഞങ്ങൾ ഇരുവരും കാറിൽ കയറുമ്പോൾ ഒരു ജീപ്പ് വിലങ്ങനെ നിർത്തി എന്നെ ഒരു സംഘം പിടികൂടി. ഇത്രയുമായതോടെ ഞാൻ സ്ഥലം വിടാൻ രത്നാകരനോട് പറഞ്ഞു. എന്നെ അക്രമിസംഘം വലിച്ചു ജീപ്പിൽ കയറ്റുന്നതിനിടെ അയാൾ കാറിൽ രക്ഷപ്പെട്ടു. ഞാൻ പത്രക്കാരനാണെന്നും അക്രമിയല്ലെന്നും പിടികൂടിയവരോട് പറഞ്ഞെങ്കിലും പ്രഹരമായിരുന്നു മറുപടി. തിരിച്ചറിയൽ കാർഡ് എടുക്കുന്നതിനിടെ എന്നെ ജീപ്പിന്റെ മുൻവശത്തിരുത്തി കൈകൾ പിറകോട്ട് പിണച്ച് ബന്ധിച്ചു. കഴുത്തിൽ ബലിഷ്ടമായ കരങ്ങൾ ബന്ധനത്തിലാക്കി.
മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരായിരുന്നു ജീപ്പിൽ എൽ.ഐ.സി ഓഫീസിനടുത്ത് നടത്തിയ കത്തിക്കുത്തിലെ നായകൻ ഞാനാണെന്ന ധാരണയിൽ പിടികൂടിയതാണ്. നിരപരാധിത്വത്തിനു തെളിവുകൾ പറഞ്ഞെങ്കിലും
"എല്ലാം അവിടെ എത്തിയിട്ടു കാട്ടിത്തരാം” എന്ന ഭീഷണി മുഴക്കുകയായിരുന്നു. അറിയപ്പെടാത്ത അക്രമികൾ. അവർ വല്ലാത്ത ആവേശത്തിലും വികാരത്തള്ളിച്ചയിലുമായിരുന്നു. എന്റെ അന്ത്യം ഇതാ അടുത്തെത്തി എന്ന് ഉറപ്പാക്കിയ നിമിഷങ്ങൾ.
കുതറി ഒച്ചവച്ച് ജനശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കൂടുതൽ പീഡനമായിരുന്നു ഫലം. ജീപ്പ് എന്നെയും വഹിച്ച് പയ്യന്നൂർ മെയിൻ റോഡിലൂടെ ടൗൺ ബസ് സ്റ്റാന്റിനെ സമീപിക്കുന്നു. അപ്പോഴാണ് അവിടെ മറ്റൊരു ആൾക്കൂട്ടവും ബഹളവും, പൊലീസ് ആളുകളെ ലാത്തി വീശി ഓടിക്കുന്ന കാഴ്ച, ഗതാഗത സ്തംഭനം. ജീപ്പ് ഗതിമുട്ടി നടുറോഡിൽ നിൽപ്പായി. “അയ്യോ, രക്ഷിക്കണേ” എന്ന് ആർത്ത് വിളിക്കാൻ ഒരു വിധത്തിൽ ബന്ധനത്തിൽ നിന്ന് അൽപ്പമോചനം ലഭിച്ചു. അപ്പോഴേക്കും എന്റെ കഴുത്ത് ഒരു പൂരപ്പറമ്പായി മാറിയിരുന്നു.
അക്രമികളെ തുരത്തുന്ന പൊലീസ്, പുതിയ ശബ്ദം കേട്ടിട് ഓടിയടുക്കുന്ന കാഴ്ച എനിക്ക് പ്രതീക്ഷ നൽകി. കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ സി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സാണതെന്ന് മനസിലാക്കി. അതോടെ അക്രമികളുടെ പിടി അയഞ്ഞു. ഗണപത് ഹൈസ്കൂളിൽ എന്റെ സഹപാഠിയായിരുന്ന രാമചന്ദ്രൻ മോചകനായി. ജീപ്പ് കസ്റ്റഡിയിലെടുത്തു. നാലഞ്ചു പ്രവർത്തകരെ അറസ്റ്റും ചെയ്തു.
തുടർന്ന് ഞാൻ പൊലീസ് സംരക്ഷണത്തിലായി. സംഭവസ്ഥലത്തുണ്ടായിരുന്ന ജില്ലാ കലക്ടർ ജെ.എസ്.യേശുദാസ് വിവരങ്ങളന്വേഷിച്ചു വന്നു. സംഘർഷത്തിന് അൽപ്പം അയവുവന്ന ശേഷം സായുധ പൊലീസ് അസിസ്റ്റന്റ് കമണ്ടാന്റ് വില്യംസിന്റെ വണ്ടിയിലാണ് കണ്ണൂരിലെത്തിച്ചത്.
പയ്യന്നൂരിൽ വാർത്ത തേടിപ്പോയി അക്രമത്തിനിരയായതൊന്നും അറിയാതെ കാംബസാറിലെ ഇരുമുറിയിൽ രാത്രി എന്നെയും കാത്തിരിക്കുകയാണ് ടീച്ചർ, തൽസമയ സംപ്രേഷണവും മൊബൈലുമൊന്നുമില്ലാത്തതിന്റെ കുറവോ മെച്ചമോ? ചോരപുരണ്ട് മുഷിഞ്ഞ വസ്ത്രവുമായി ഭാര്യയുടെ മുന്നിൽ അവതരിക്കുന്നത് അപകടകരമായിരിക്കുമെന്ന മനസ്സ് മന്ത്രിച്ചു. പിന്നെ ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നായി പ്രവഹിക്കും, 'ഗംഗയാർ’ ഒഴുകാൻ ഒട്ടും താമസവുമുണ്ടാവില്ല. പൊലീസ് വണ്ടി അൽപ്പമകലെ ഉപേക്ഷിച്ച് അവർക്ക് നന്ദി പറഞ്ഞ് നടക്കവേ ഞാൻ ഷർട്ട് അഴിച്ചു തോളിലിട്ടു. 'തോലുരിച്ച് ചെന്നതിനു കാരണമന്വേഷിച്ചപ്പോൾ കനത്ത ചൂടിനെ പ്രാകി. ആ മറുപടി ഏശിയെന്നു തോന്നി. അതിനു പക്ഷെ ഒരു രാത്രിയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ഒരു പാവം പയ്യനെപ്പോലെ കുളി കഴിച്ച് ഞാൻ നിദ്രയിലമർന്നുവെന്നു വരുത്തി.
കഠിനമായ കഴുത്തു വേദനയും മാനസീക സമ്മർദ്ദവും. അന്ന് ശിവരാത്രി അനുഷ്ഠിച്ചത് ടീച്ചർ അറിഞ്ഞതേയില്ല. കഴുത്തിലും പുറത്തുമായിരുന്നു ഭേദ്യം മുഴുവനും. പിറ്റേന്ന് കാലത്ത് പത്രത്തിൽ വിശദ വാർത്ത ഉറപ്പ്. മുൻകരുതലെന്ന നിലക്ക് വീട്ടിൽ പത്രം ഇടരുതെന്ന് ഏജന്റിനോട് കോഴിക്കോട് ഓഫീസ് നേരത്തെ ശട്ടം കെട്ടിയിരുന്നു.
എന്നാൽ പതിവിലും നേരത്തെ കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ വാതിൽ തുറന്ന ഞാൻ സ്തബ്ധനായി. ഒരാൾ പത്രവുമായി വാതിൽക്കൽ. അപ്പോഴേക്കും ടീച്ചറുമെത്തി. കണ്ടപാടെ ഉൽക്കണ്ഠ കലർന്ന സ്വരത്തിൽ ഒരു ചോദ്യം: "എവിടെയൊക്കെയാണ് പരിക്ക് പറ്റിയത്?' എന്റെ ചമ്മൽ എത്രയെന്ന് അളക്കാൻ അപ്പോൾ മാപിനിയൊന്നുമില്ലായിരുന്നു. ആഗതൻ ഭാര്യാമാതുലൻ, കെ.എൻ.പാലക്കൽ എന്ന പഴയ മൂത്ത കമ്മ്യൂണിസ്റ്റ്, പത്രവാർത്ത കണ്ട് ഓടി എത്തിയതാണ്. അത്ഭുതസ്മിതയായ ഭാര്യ അത് കേട്ടപാടെ എന്നെ ഒരു ഫുൾ ബോഡി . സ്കാനിംഗിന് വിധേയനാക്കി. കഴുത്തിലെ പാടുകൾ കണ്ട് ഈറൻ മിഴികളിൽ കലർന്ന പരിഭവം. “കാട്ടിൽ പോകുമ്പോൾ ഒരു നോട്ടെങ്കിലും എഴുതിവച്ചു. ഇന്നിതുവരെയായിട്ടും എന്നോടൊരക്ഷരം പറഞ്ഞില്ല’’ മാമന്റെ മുമ്പിൽ അവരുടെ രോഷവും സങ്കടവും കലർന്ന പ്രതിഷേധം ആളിക്കത്തുകയായിരുന്നു. കേട്ടറിഞ്ഞ് കൂടുതൽ സന്ദർശകരെത്തിയാൽ രംഗം പന്തികേടിന്റേതാകുമെന്നു കരുതി ഞാൻ ഉടൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടാൻ വെച്ചടിച്ചു.
കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത പയ്യന്നൂർ പൊലീസിനോട് മുസ്‍ലിം ആണെന്ന് തെറ്റിദ്ധരിച്ച് കണക്ക് തീർക്കാൻ തട്ടിക്കൊണ്ടു പോവുകയായിരുന്നു തങ്ങളെന്ന് അവർ മൊഴി നൽകി. ഞാൻ രേഖാമൂലം പരാ തിപ്പെടാനൊന്നും മിനക്കെട്ടില്ല. അതിനാൽ കേസും നഹി. സംഭവത്തിൽ ചില സിപിഎം. നേതാക്കൾ ഖേദം പ്രകടിപ്പിച്ചതിലുള്ള നന്ദി മാത്രം ലാഭം. അര നൂറ്റാണ്ടിനു ശേഷവും, കഴുത്തിനേറ്റ അന്നത്തെ പരിക്ക് എന്നെ അലോസരപ്പെടുത്തുന്നു. ദീർഘകാല സേവനത്തിന്റെ ഒരു സുവനീർ ആയി കണക്കാക്കട്ടെ.
കൈരളി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Adjust Story Font
16

