Quantcast

'സ്വര്‍ണം നല്‍കിയവരുടെ പേര് രേഖപ്പെടുത്തിയില്ല'; ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തല്‍

കൊടിമര പുനഃപ്രതിഷ്ഠയിലും ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ ആയിരുന്നു എന്നതിന്റെ തെളിവുകളും പുറത്ത് വന്നു

MediaOne Logo

Web Desk

  • Published:

    10 Feb 2026 6:19 PM IST

സ്വര്‍ണം നല്‍കിയവരുടെ പേര് രേഖപ്പെടുത്തിയില്ല;  ശബരിമല കൊടിമര പുനഃപ്രതിഷ്ഠയില്‍ ഗുരുതര ക്രമക്കേടെന്ന് കണ്ടെത്തല്‍
X

തിരുവനന്തപുരം: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷൻ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. ഭക്തരിൽ നിന്ന് പേര് രേഖപ്പെടുത്താതെ സ്വർണം സ്വീകരിച്ചു എന്നാണ് കണ്ടെത്തൽ. കൊടിമര പുനഃപ്രതിഷ്ഠയിലും ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ ആയിരുന്നു എന്നതിന്റെ തെളിവുകളും പുറത്ത് വന്നു. കേസ് അന്വേഷിക്കാൻ വിജിലൻസിന്റെ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.ഡിവൈഎസ്പി സി.എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

2016-2017 കാലയളവിൽ അന്നത്തെ അഡ്വക്കേറ്റ് കമ്മീഷൻ എഎസ്പി കുറുപ്പ് അടിമുടി ചട്ടം ലംഘിച്ചതായാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ. കൊടിമര നിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതിലാണ് ക്രമക്കേട്. സ്വർണം സംഭാവനയായി സ്വീകരിക്കേണ്ടത് എക്സിക്യൂട്ടീവ് ഓഫീസറെയാണ്. എന്നാൽ, ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണ്. സ്വർണം സ്വീകരിച്ചത് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. സ്വർണം നൽകിയവരുടെ പേരുകൾക്ക് പകരം ഒരു ഭക്തൻ എന്ന് മാത്രമാണ് പല രേഖകളിലുമുള്ളത്. നടന്മാരിൽ നിന്നും നിർമാതാക്കളിൽ നിന്നുമായി വാങ്ങിയ സ്വർണത്തിന്റെ അളവും കൃത്യമല്ല. കൊടിമര നിർമ്മാണത്തിനുശേഷം ബാക്കി വന്ന സ്വർണം എന്തിനൊക്കെ ഉപയോഗിച്ചുവെന്നതിലും വ്യക്തതയില്ല.

അതേസമയം, കൊടിമരം പുനർനിർമ്മിക്കാൻ സ്പോൺസർഷിപ്പ് ഏറ്റെടുത്തവരിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഉണ്ടെന്ന രേഖകളും പുറത്തുവന്നു. നിർമാണത്തിലെ ക്രമക്കേടുകളിൽ എത്രയും പെട്ടെന്ന് അന്വേഷണം ആരംഭിക്കാനാണ് വിജിലൻസ് നീക്കം. പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് മേധാവി ദേവസ്വം സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. നടന്മാരും നിർമാതാക്കളും ഉൾപ്പെടെ സംഭാവന നൽകിയ 27 പേരിൽ നിന്നും വിശദമായി മൊഴി രേഖപ്പെടുത്തും.രേഖകൾ ലഭിച്ചാലുടൻ പ്രത്യേക സംഘം രൂപീകരിക്കാനാണ് തീരുമാനം.


TAGS :

Next Story