അജിത് കുമാറിന് തിരിച്ചടി; വിജിലന്‍സിന്‍റെ ക്ലീന്‍ ചിറ്റ് മടക്കി
അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതായിരുന്നു റിപ്പോർട്ട്
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി . അന്വേഷണ റിപ്പോർട്ടിൽ വ്യക്തയില്ലെന്ന് ചൂണിക്കാട്ടിയാണ് റിപ്പോർട്ട് മടക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലൻസ് ഡയറക്ടർക്ക് മുൻപാകെ ഹാജരാകാനും നിർദോശം നൽകി .അജിത് കുമാർ അവധിയിൽ പ്രവേശിച്ചതിനാൽ പകരം ചുമതല എസ്. ശ്രീജിത്തിന് നൽകി.
കരിപ്പൂർ സ്വർണ്ണക്കടത്തിൽ പങ്കുണ്ട് , മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് ഫർണിച്ചറാക്കി, തിരുവനന്തപുരം നഗരത്തിൽ ആസംബര വീട് നിർമ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ചാണ് , ഫ്ലാറ്റ് വിൽപ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു എന്നതടക്കം നിരവധി പരാതികളാണ് വിജിലൻസ് അന്വേഷിച്ചത്. വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ എസ്. പിയാണ് അന്വേഷണം നടത്തിയത്. എല്ലാ ആരോപണങ്ങളിലും എം.ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയത് . എന്നാൽ ഈ റിപ്പോർട്ട് അംഗീകരിക്കാൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത തയ്യാറായില്ല . അന്വേഷണ റിപ്പോർട്ട് അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് മടക്കി അയച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡയറക്ടർക്ക് മുന്നിൽ ഹാജറാക്കണമെന്ന നിർദേശവും നൽകി. സർക്കാർ അജിത് കുമാറിനെ ഡിജിപിയാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വിജിലൻസ് കേസിൻ്റെ റിപ്പോർട്ടിൽ വ്യക്തത തേടി ഡയറക്ടറുടെ ഇടപെടൽ . തുടരന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനമടക്കം തെളിഞ്ഞാൽ അജിത് കുമാറിന് വലിയ തിരിച്ചടി ഉണ്ടാകും .
Adjust Story Font
16