കേരള സർവകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; വിസി മോഹനൻ കുന്നുമ്മലിൻ്റെ വാഹനം തടഞ്ഞു
ജാതി അധിക്ഷേപം നടത്തിയ സി.എന്‍ വിജയകുമാരിയെ സർവകലാശാല സംരക്ഷിക്കുന്നു എന്നാണ് എസ്എഫ്ഐ ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും എസ്എഫ്ഐ പ്രതിഷേധം. വിസി മോഹനൻ കുന്നുമ്മലിൻ്റെ വാഹനം തടഞ്ഞു. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. വാഹനം കടത്തിവിടാൻ അനുവധിക്കില്ല എന്ന നിലപാടാണ് പ്രവർത്തകർ സ്വീകരിച്ചത്. ഇതോടെ പൊലീസും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
സെനറ്റ് യോഗത്തിന് ശേഷം വിസി പുറത്തിറങ്ങുമ്പോൾ എസ്എഫ്ഐ പ്രവർത്തകർ പ്രധാന കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതേ തുടർന്ന് പൊലീസ് നിർദ്ദേശ പ്രകാരം വിസി സെനറ്റ് ഹാളിന് പുറകുവശത്തെ ഗേറ്റ് വഴി പുറത്തിറങ്ങാൻ ശ്രമിച്ചു. ഇവിടെ എത്തിയ എസ്എഫ്ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി വീഴുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പൊലീസും പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടി. വാഹനത്തിന് മുന്നിൽ നിന്ന് മാറാൻ പ്രവർത്തകർ വിസമ്മതിക്കുകയും ചെയ്തു. ഇവർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് വിസിയുടെ വാഹനത്തിന് വഴിയൊരുക്കിയത്.
പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് മീഡിയ വണിനോട് പറഞ്ഞു. പ്രത്യയശാസ്ത്രപരമായുള്ള സമരപരിപാടിക്കാണ് എസ്എഫ്ഐ നേതൃത്വം നൽകുന്നത്. ജാതി അധിക്ഷേപം പോലുള്ള ഗുരുതര പരാതി എസ്എഫ്ഐ പൊറുക്കില്ല. ജാതി അധിക്ഷേപം നടത്തിയ ബിജെപി സിൻഡിക്കേറ്റ് അംഗത്തെ പ്രതിരോധിച്ച പ്രവർത്തകരുടെ നിലപാട് തന്നെയാണ് എസ്എഫ്ഐക്ക്. സർവകലാശാല ആസ്ഥാനത്ത് വന്നു വൃത്തികേട് പറയരുതെന്നും യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങൾക്ക് ആർഎസ്എസ് വിരുദ്ധ സമരത്തോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും ശിവപ്രസാദ് ചോദിച്ചു.
ജാതി അധിക്ഷേപം നടത്തിയ സി.എന്‍ വിജയകുമാരിയെ സർവകലാശാല സംരക്ഷിക്കുന്നു എന്നാണ് എസ്എഫ്ഐ ആരോപണം. സെനറ്റ് യോഗത്തിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങൾ വകവെക്കാതെ സെനറ്റ് യോഗം അവസാനിപ്പിക്കുകയാണ് വിസി ചെയ്ത്. സർവകലാശാല ഗേറ്റിന് മുന്നിൽ വെച്ച് സമരക്കാരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. വിസി സർവകലാശാലയിൽ നിന്നും പോയ ശേഷവും പ്രവർത്തകർ പ്രതിഷേധം തുടർന്നു.
Adjust Story Font
16

