'ഉമർ ഫൈസി മുക്കം രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിൽ സംസാരിക്കുന്നു'; വിമർശനവുമായി ലീഗ് നേതാവ് ഷാഫി ചാലിയം
വെള്ളാപ്പള്ളി മുസ്‌ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അധിക്ഷേപിച്ചപ്പോൾ ഉമർ ഫൈസി അടക്കമുള്ളവർ വായ തുറന്നില്ലെന്നും ഷാഫി ചാലിയം പറഞ്ഞു

കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഉമർ ഫൈസി രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഷാഫി പറഞ്ഞു. പണക്കാട് തങ്ങൻമാരെ നിന്ദിക്കാൻ മതസംഘടനകളുടെ വേദി ഉപയോഗിക്കുകയാണ്. പാണക്കാടിന്റെ പൈതൃകത്തെ അംഗീകരിക്കാത്തവരെ മുശാവറയിൽ നിന്ന് എടുത്ത് പുറത്തുകളയണം. മുശാവറയിലുള്ളവരെ സിപിഎം ആയുധമായി ഉപയോഗിക്കുകയാണെന്നും ഷാഫി ചാലിയം ആരോപിച്ചു.
സമസ്തയെ വിരട്ടാൻ നോക്കണ്ട എന്നാണ് പറയുന്നത്. സമസ്തയെ ആരും വിരട്ടാൻ നോക്കുന്നില്ല. സമസ്തയോട് എല്ലാവർക്കും ആദരവാണ്. മരിക്കുന്നത് വരെ ഒരു കൈയിൽ സമസ്തയെയും മറുകൈയിൽ മുസ്‌ലിം ലീഗിനെയും ചേർത്തുപിടിച്ച മഹാൻമാർ ഉണ്ട്. ഇങ്ങനെയെല്ല പണ്ഡിതൻമാർ പെരുമാറേണ്ടത്. മറ്റു മതങ്ങളെപ്പോലും അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായെന്നും ഷാഫി ചാലിയം പറഞ്ഞു.
വെള്ളാപ്പള്ളി മുസ്‌ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അധിക്ഷേപിച്ചപ്പോൾ ഒരു മറുപടിയും ഉമർ ഫൈസി അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പാണക്കാട് തങ്ങളെ പുലഭ്യം പറഞ്ഞ ഉമർ ഫൈസി വെള്ളാപ്പള്ളിക്കെതിരെ ഒരു വാക്ക് മിണ്ടിയിട്ടില്ലെന്നും ഷാഫി ചാലിയം പറഞ്ഞു.
ഈ സമുദായത്തിലെ എല്ലാ വിഭാഗവും മുസ്‌ലിം ലീഗിലുണ്ട്. എല്ലാവരും ഒരുമിച്ച് എങ്ങനെ മുന്നോട്ടുപോകണമെന്ന് ബാഫഖി തങ്ങളും പൂക്കോയ തങ്ങളും കാണിച്ചുതന്നിട്ടുണ്ട്. ബാഫഖി തങ്ങൾ കെ.എം മൗലവിക്കൊപ്പമാണ് ജീവിച്ചത്. പൂക്കോയ തങ്ങളും എൻ.വി അബ്ദുസ്സലാം മൗലവിയും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. എൻ.വി അബ്ദുസ്സലാം മൗലവി പാണക്കാട് വന്നാൽ പൂക്കോയ തങ്ങൾ അദ്ദേഹത്തെ ഇമാമാക്കുമായിരുന്നു.
തിരൂരങ്ങാടി യതീംഖാന ക്യാമ്പസിലെ പള്ളിക്ക് തറക്കല്ലിട്ടത് ബാഫഖി തങ്ങളാണ്. ഇന്ന് സാദിഖലി തങ്ങൾ ഒരു മുജാഹിദ് പള്ളിക്ക് തറക്കല്ലിട്ടാൽ ഇസ്‌ലാമിൽ നിന്ന് തന്നെ പുറത്താക്കും. കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള ഫാറൂഖ് ഹോസ്പിറ്റലിന് തറക്കല്ലിട്ടതും ഉദ്ഘാടനം ചെയ്തതും മുഹമ്മദലി ശിഹാബ് തങ്ങളാണ്. മുജാഹിദ് നേതാവായ മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയുടെ പുസ്തകം പ്രകാശനം ചെയ്തത് ഹൈദരലി തങ്ങളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം പരസ്പരമുള്ള സ്‌നേഹത്തിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെന്നും ഷാഫി ചാലിയം പറഞ്ഞു.
Adjust Story Font
16

