Quantcast

'സ്വർണക്കൊള്ളയില്‍ പത്മ കുമാറിനെതിരെ സിപിഎം നടപടിയെടുത്തോ?, രാഹുല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല'; ഷാഫി പറമ്പിൽ

രാഹുലിനെതിരെ പാർട്ടി ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും ഷാഫി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-11-25 09:13:53.0

Published:

25 Nov 2025 11:49 AM IST

സ്വർണക്കൊള്ളയില്‍ പത്മ കുമാറിനെതിരെ സിപിഎം നടപടിയെടുത്തോ?, രാഹുല്‍ വിഷയത്തില്‍  കൂടുതല്‍ പ്രതികരണത്തിനില്ല; ഷാഫി പറമ്പിൽ
X

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ശബ്ദ സന്ദേശം പുറത്ത് വന്നതില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ഷാഫി പറമ്പിൽ എം.പി. 'രാഹുല്‍ വിഷയത്തില്‍ പാർട്ടി ചെയ്യേണ്ട കാര്യങ്ങൾ പാർട്ടി ചെയ്തിട്ടുണ്ട്. കൂടുതൽ എന്തെങ്കിലും ചെയ്യണമെങ്കിൽ അതും ചെയ്യും. പാർട്ടിയോട് ആലോചിച്ച് കൂടുതൽ പ്രതികരണം നടത്തും. ശബരിമല ഉൾപ്പെടെയുള്ള കേസിൽ എ. പത്മകുമാറിനെ പദവിയിൽ നീക്കം ചെയ്തിട്ടുണ്ടോ..? ഇത്തരം വലിയ അഴിമതി നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സിപിഎം സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.ഇപ്പോഴും അയാള്‍ പാര്‍ട്ടി അംഗമാണ്. ' ഷാഫി പറഞ്ഞു.

സസ്‌പെൻഡ് ചെയ്‌ത എംഎൽഎയെ പാർട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. സർക്കാർ നടപടി എടുത്താൽ പാർട്ടിയും കൂടുതൽ നടപടി എടുക്കുമെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം, നിർബന്ധിത ഗർഭഛിദ്രത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി യുവതി. പരാതി നൽകാൻ തയ്യാറായാൽ എല്ലാ വിധ പിന്തുണയും നൽകുമെന്നാണ് സർക്കാർ നിലപാട്. രാഹുലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ കൂടുതൽ തെളിവുകൾ കൂടി പുറത്തുവന്നെങ്കിലും പരസ്യമായ പ്രതിഷേധ വേണ്ടെന്നാണ് ഇടതുമുന്നണി തീരുമാനം. എന്നാൽ വിഷയം തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി ഇടതുമുന്നണി പ്രചാരണയുധമാക്കും.

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി നേതൃത്വം നിർദേശം നൽകിയാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തതിൽ അതൃപ്തിയുണ്ട്. എന്നാൽ കെ.സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് രാഹുലിന്റെ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാനുള്ള നീക്കം. ഇതിന് തടയിടാനാണ് രാഹുൽ മാങ്കൂട്ടത്തിലിനോട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കെപിസിസി നേതൃത്വം നിർദ്ദേശം നൽകിയത്.

ഗർഭഛിദ്ര ആരോപണത്തിലെ ആദ്യത്തെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്തത്. മൂന്നുമാസം മുമ്പ് ഉയർന്ന ആരോപണം കെട്ടടങ്ങി തുടങ്ങിയതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വീണ്ടും രാഹുൽ മാങ്കൂട്ടത്തിൽ സജീവമായി തുടങ്ങിയത്.


TAGS :

Next Story