Quantcast

'കെ റെയിലിന് ഷൊർണൂരിൽ സ്‌റ്റോപ്പില്ല എന്നു പോലും പാവപ്പെട്ട മാഷിനോട് ഇവര് പറഞ്ഞിട്ടില്ല'; പരിഹാസവുമായി ഷാഫി പറമ്പിൽ

വേണമെങ്കിൽ കൂറ്റനാട് അപ്പം എന്ന ബ്രാന്‍ഡില്‍ ഒന്നിറക്കാം. ചുറ്റുവട്ടത്തൊക്കെ വില്‍ക്കാം. കെ റെയിലിൽ കൊണ്ടുപോയി വില്‍പ്പന നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഷാഫി

MediaOne Logo

Web Desk

  • Published:

    7 March 2023 7:38 AM GMT

shafi parambil
X

പാലക്കാട്: കുടുംബശ്രീക്കാരുടെ അപ്പ വിൽപ്പനയ്ക്കു വരെ ഉപകാരപ്പെടുന്ന പദ്ധതിയാണ് കെ റെയിലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. കെ റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്ന വിവരമെങ്കിലും പാർട്ടി സെക്രട്ടറിക്ക് സിപിഎം പറഞ്ഞു കൊടുക്കണമെന്ന് ഷാഫി പറഞ്ഞു. തൃത്താല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇവർ (സിപിഎം) ഇത്രയും വലിയ പദ്ധതി കേരളത്തിൽ നടപ്പാക്കുമ്പോൾ ഏറ്റവും ചുരുങ്ങിയത് അതിന്റെ അലൈൻമെന്റ് എങ്കിലും മാഷിന് പറഞ്ഞു കൊടുക്കേണ്ടേ? അതല്ലെങ്കിൽ ഷൊർണൂര് പോയി കെ റെയിൽ കയറാൻ അയാൾ പറയുമോ? ഷൊർണൂരിൽ കെ റെയിലിന് സ്‌റ്റോപ്പുണ്ടോ? തിരൂര് കഴിഞ്ഞാൽ പിന്നെ തൃശൂരാണ് സ്റ്റോപ്പ്. ഷൊർണൂര് ഇതിന് സ്റ്റോപ്പില്ല എന്നു പോലും പാവപ്പെട്ട ഈ മാഷിനോട് ഇവര് പറഞ്ഞിട്ടില്ല എന്നതാണ് ക്രൂരത.' - ഷാഫി പറഞ്ഞു.

'എന്തെങ്കിലുമൊക്കെ പറഞ്ഞ്, ജനങ്ങളെ പറ്റിച്ച്, കണ്ണിൽ പൊടിയിട്ടും തള്ളിയിട്ടുമൊക്കെ ഇനി മുമ്പോട്ടു പോകാം എന്നു ധരിക്കേണ്ട എന്ന് അവരുടെ നേതാവു തന്നെ സിപിഎമ്മിനോട് പറയുകയാണ്. യൂത്ത് കോൺഗ്രസുകാരോട് പറയാനുള്ളത്, നിങ്ങൾക്ക് വേണമെങ്കിൽ ഒരപ്പം ബ്രാൻഡ് ചെയ്തിട്ട് അതിന്റെ കച്ചവടം തുടങ്ങാം. കൂറ്റനാട് അപ്പം എന്നു പറയുന്ന സാധനം, കെ റെയിലിൽ കൊണ്ടുപോയി വിൽക്കൽ നടക്കുമെന്ന് തോന്നുന്നില്ല. ഓട്ടോയിലെ ബസ്സിലോ കൊണ്ടുപോയി നമ്മുടെ ചുറ്റുവട്ടത്ത് വിറ്റാല്‍ പത്തു രൂപ കിട്ടുമെങ്കിൽ കിട്ടും.' - അദ്ദേഹം പരിഹസിച്ചു.

കെ റെയിലിൽ പാർട്ടി സെക്രട്ടറിയുടെ വിവരം ഇതാണെങ്കിൽ മറ്റുള്ളവരുടെ വിവരം എന്താകുമെന്നും അദ്ദേഹം ചോദിച്ചു. 'ഇന്നത്തെ കച്ചവടം കഴിഞ്ഞ് ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ പ്രിയപ്പെട്ട ശബരീനാഥന് കൊടുക്കണം എന്നു ഞാൻ അഭ്യർത്ഥിക്കുകയാണ്. അതല്ല, ഇനി ബാക്കിയുണ്ടെങ്കിൽ നാളെ തിരുവനന്തപുരത്ത് പൊങ്കാലയാണ്. ശബരി ട്രയിനിൽ കയറ്റി കൊണ്ടുപോയ്‌ക്കോളും. അവിടെ കൊണ്ടുപോയി വിറ്റോളും. ഇവിടെ തന്നെ വിൽക്കണമെന്ന് നിർബന്ധമില്ല. ഞാൻ ആലോചിക്കുന്നത് അതല്ല, അതിനകത്ത് (സിപിഎം) ഏറ്റവും ബുദ്ധിയുള്ള ആളിന്റെ വർത്തമാനം ഇതാണെങ്കിൽ ബാക്കിയുള്ള ആളുകളുടെ കാര്യം എന്തായിരിക്കും.'- അദ്ദേഹം ചോദിച്ചു.

എം.വി ഗോവിന്ദൻ അപ്പ വിൽപ്പനയെ കുറിച്ച് പറഞ്ഞത്

ജാഥയ്ക്ക് പാലക്കാട് തൃത്താലയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് സിപിഎം സെക്രട്ടറി അപ്പ വിൽപ്പനയെ കുറിച്ച് സംസാരിച്ചിരുന്നത്.

'കെ റെയിൽ വന്നാൽ മൂന്നു മണിക്കൂർ 54 മിനിറ്റു കൊണ്ട് കാസർക്കോട്ടു നിന്ന് തിരുവനന്തപുരത്തെത്താം. നാഷണൽ ഹൈവേക്ക് എടുക്കുന്ന ഭൂമിയുടെ പകുതി മതി. അതും തിരൂരു വരെ ഭൂമിയൊന്നും എടുക്കേണ്ട. കാരണം അത് റെയിലിന് ഒപ്പം തന്നെ വരും. അതിന് ശേഷം മാത്രമേ ഭൂമി വേണ്ടൂ. കെ റെയിൽ വന്നാൽ അമ്പത് കൊല്ലത്തെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിന്. 39 വണ്ടിയാണ് അങ്ങോട്ട്. 39 വണ്ടി ഇങ്ങോട്ടും. 20 മിനിറ്റ് ഇടവിട്ട് വണ്ടി. കൂറ്റനാട് നിന്ന് ഒരു വല്യ രണ്ടു കെട്ട് അപ്പവുമായി കുടുംബ ശ്രീക്കാര് പോയി. ഷൊർണൂരിൽനിന്ന് കയറാം. എട്ടു മണിക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട് എട്ടര മണിക്ക് ഷൊർണൂരെത്താം. ഇരുപത് മിനിറ്റ് കാത്തിരിക്കുകയേ വേണ്ടൂ. പത്തു മിനിറ്റ് കഴിഞ്ഞാൽ വണ്ടി വന്നു. റിസർവേഷനും വേണ്ട. ചെറിയ ചാർജേ ഉള്ളൂ. കൊച്ചിയിലാണ് മാർക്കറ്റ്. എത്ര മിനിറ്റ് വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തിയഞ്ചോ മിനിറ്റ്. അര മണിക്കൂർ കൂട്ടിക്കോ. കൊച്ചിയിൽ നിങ്ങൾ അപ്പം വിറ്റു. ചൂടപ്പമല്ലേ, അര മണിക്കൂർ കൊണ്ട് അപ്പം വിറ്റുപോകും. ഏറ്റവും നല്ല മാർക്കറ്റാണ് കൊച്ചി. അങ്ങനെ പൈസയും വാങ്ങി, കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെ നിന്ന് കയറുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാകുമ്പോഴേക്ക് കൂറ്റനാടെത്താം. ഇതാണ് കെ റെയിൽ വന്നാലുള്ള സൗകര്യം. അത് എഞ്ചിനീയർമാർക്കും വക്കീലന്മാർക്കും അധ്യാപകർക്കും ജീവനക്കാർക്കും എല്ലാവർക്കും പറ്റും. മാത്രമല്ല, ലക്ഷക്കണക്കിന് വാഹനം റോഡിൽനിന്ന് പിൻവലിക്കാനാകും. കാർബൺ ബഹിർഗമനം കുറയ്ക്കാനാകും.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കെ റെയിൽ വേണ്ടെന്ന യുഡിഎഫ് നിലപാടിനെയും അദ്ദേഹം വിമർശിച്ചിരുന്നു. 'ഇങ്ങനെയെല്ലാം ഗുണമുള്ള ലൈൻ വേണ്ടെന്ന് യുഡിഎഫ് പറയുന്നു. കടം വാങ്ങാൻ പാടില്ലെന്നാണ് പറയുന്നത്. വല്ല വിവരവുമുണ്ടോ? ഇവരെല്ലാം തിയറി വായിക്കണം. കോൺഗ്രസെന്നാൽ ഒരു വസ്തു വായിക്കില്ല. ലീഗിനെ പറ്റി പിന്നെ പറയുകയും വേണ്ടല്ലോ. ഒന്നും വായിക്കുന്നില്ല. ഇതൊക്കെ വായിച്ചുനോക്കണം. അർത്ഥ ശാസ്ത്രത്തിന്റെ ആദ്യഭാഗത്തു തന്നെ പറയുന്നത് മൂലധന നിക്ഷേപത്തിന് വേണ്ടി കടം വാങ്ങാമെന്നാണ്. ശമ്പളം കൊടുക്കാനല്ല, മൂലധന നിക്ഷേപത്തിന്. കെ റെയിലിന് വേണ്ടി 0.5 ശതമാനം പലിശയ്ക്ക് ജപ്പാൻ ബാങ്ക് കടം തരും. 20 കൊല്ലം കഴിഞ്ഞിട്ട് തിരിച്ചടച്ചാൽ മതി. നമ്മുടെ നാടിന്റെ സമ്പത്തിന് കടം വാങ്ങരുത് എന്ന് പറയാൻ പാടുണ്ടോ. കടം വാങ്ങണം എന്നാണ് ബൂർഷ്വാ അർത്ഥശാസ്ത്രം പറയുന്നത്. അമ്പതു കൊല്ലത്തിന്റെ വളർച്ച നമുക്കുണ്ടാകുമായിരുന്നു.' - അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്താവനയെ തൃശൂരില്‍ എം.വി ഗോവിന്ദന്‍ ന്യായീകരിച്ചിരുന്നു. കെ റെയിലിന്‍റെ നിരക്ക് താരതമ്യേന കുറവാണെന്നും അപ്പവില്‍പ്പന സാധ്യമാണ് എന്നുമാണ് അദ്ദേഹം ആവര്‍ത്തിച്ചിരുന്നത്.



ഷൊർണൂരിൽ സ്റ്റോപ്പുണ്ടോ?

കാസർകോട് മുതൽ തിരുവനന്തപുരം വരെ 532 കിലോമീറ്റർ ദൂരമുള്ള കെ റെയിൽ പദ്ധതിയിൽ പത്ത് സ്റ്റേഷനുകളാണ് ഉള്ളത്. ഇതിൽ ഷൊർണൂർ ഇല്ല.

ഔദ്യോഗിക വെബ്‌സൈറ്റ് നൽകുന്ന വിവരപ്രകാരം തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കെ റെയിലിന് സ്‌റ്റോപ്പുള്ളത്.



TAGS :

Next Story