Quantcast

ലിസി മെഡിസിറ്റി വെഞ്ചിരിക്കുമ്പോൾ ദൈവജനം ആശങ്കയിൽ: ഷൈജു ആന്റണി

ആരോ​ഗ്യമേഖല സേവനം എന്നതിൽ നിന്ന് വ്യവസായമായി മാറുമ്പോൾ സാധാരണക്കാർക്ക് ചികിത്സ അപ്രാപ്യമായി മാറുകയാണെന്ന് ഷൈജു ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 Nov 2025 10:46 AM IST

ലിസി മെഡിസിറ്റി വെഞ്ചിരിക്കുമ്പോൾ ദൈവജനം ആശങ്കയിൽ: ഷൈജു ആന്റണി
X

കൊച്ചി: ലിസി ആശുപത്രി മെഡിസിറ്റി ആയി മാറുന്ന് ആരോഗ്യമേഖലയിൽ നടക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയെന്ന് അൽമായ മുന്നേറ്റം നേതാവ് ഷൈജു ആന്റണി. ആശുപത്രികളിലെ കോർപ്പറേറ്റ്‌വൽക്കരണം ലിസിയിലേക്ക് എത്തുമ്പോൾ ചികിത്സാചെലവിൽ ഉണ്ടാകുന്ന മാറ്റം സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ലിസി ആശുപത്രിയുടെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, 1956-ൽ ഒരു ചാരിറ്റബിൾ സ്ഥാപനമായി സ്ഥാപിതമായ ലിസി ആശുപത്രി, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക കരുതലിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സജീവമായ പ്രകടനമാണ്. അപ്പസ്‌തോലിക കരുതൽ ഒരു കോർപ്പറ്റേറ്റ് കരുതലായി മാറി എന്ന പരാതി പലയിടങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. ആശുപത്രിയുടെ യഥാർത്ഥ ഉടമകളായ എറണാകുളം - അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്ക് പോലും പ്രത്യേക പരിഗണനയോ പരിചരണമോ ലഭിക്കാതെ എങ്ങിനെ സാമൂഹിക ഉത്തരവാദിത്തം വിശദീകരിക്കുമെന്നറിയില്ല.

ഇന്ത്യയിലെ ആരോഗ്യരംഗം ആകെ മാറുകയാണ്. പണ്ട് ഇത് സേവന മേഖലയായിരുന്നെങ്കിൽ ഇന്ന് അത് ഒരു വ്യവസായമാണ്. ബില്യൺസ് ഓഫ് ഡോളേർസ് മുടക്കി ബില്യൺസ് ലാഭം കൊയ്യുന്ന വമ്പൻ വ്യവസായം. നിലവിലുള്ള ആശുപത്രികളിൽ മുതൽ മുടക്കാൻ തയ്യാറായി വമ്പൻ അന്താരാഷ്ട്ര കോർപ്പറേറ്റുകൾ കാത്തു നിൽക്കുന്നു എന്നാണ് നീതി ആയോഗിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലും അതിന്റെ അലയൊലികൾ പ്രകടമാണ്. കിംസ് ആശുപത്രിയുടെ 80 ശതമാനവും, ആസ്റ്ററിന്റെ 30 ശതമാനവും ബേബി മെമ്മോറിയലിന്റെ 70 ശതമാനവും അന്താരാഷ്ട്ര കോർപ്പറേറ്റുകൾ സ്വന്തമാക്കിക്കഴിഞ്ഞു. താരതമ്യേന ചെറിയ ആശുപത്രികളായ കോഴിക്കോട്ടെ മിത്ര ആശുപത്രിയും തൊടുപുഴയിലെ ചാഴിക്കാട്ട് ആശുപത്രിയും അന്താരാഷ്ട്ര കോർപ്പറേറ്റ് ഇൻവെസ്റ്റ്‌മെന്റിന് കീഴിലാണ്.

എന്നുവച്ചാൽ സാധാരണക്കാർക്ക് അപ്രാപ്യമായ ഒരു ആരോഗ്യരംഗം കേരളത്തിൽ സംജാതമാകാൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല എന്നർത്ഥം. കോർപറേറ്റുകൾ വാഴുന്ന ആരോഗ്യ രംഗം സമ്പന്നർക്കും അതിസമ്പന്നർക്കും വിദേശ പൗരൻമാർക്കും മാത്രമായി ചുരുക്കപ്പെടുമ്പോൾ അതിനെ ചെറുത്തു നിർത്താൻ മിഷൻ ആശുപത്രികൾക്കും ഗവൺമെന്റ് ആശുപത്രികൾക്കും മാത്രമേ സാധിക്കൂ എന്നതാണ് സ്ഥിതി.

ഇത്തരമൊരു അപകടം മുന്നിൽ നിൽക്കുമ്പോഴാണ് നൂറുകണക്കിന് കോടികൾ മുടക്കി അത്യാഡംബര രീതിയിൽ മോടി പിടിപ്പിച്ച ലിസി ആശുപത്രിയുടെ അനക്‌സിന് ലിസി മെഡിസിറ്റി എന്ന പേരു ചാർത്തപ്പെട്ടത്. കേരളത്തിലെ മറ്റു മെഡിസിറ്റികൾക്ക് തുല്യമായ ഒരു കോർപ്പറേറ്റ് സംവിധാനമാണ് ഞങ്ങൾ എന്ന് ലോകത്തോട് വിളിച്ചു പറയുകയാണ്. അപ്പോൾ പ്രശ്‌നം അടിസ്ഥാന മൂല്യങ്ങളാണ്. കേരളത്തിലെ മറ്റു ആശുപത്രികളിലെ ചികിത്‌സാ നിരക്കുകളേക്കാൾ ഗണ്യമായ കുറവ് ലിസി ആശുപത്രിയിലുണ്ടായിരുന്നു. ഇന്നത് നാമമാത്രമായ വ്യത്യാസമായി ചുരുങ്ങി. കോവിഡ് കാലത്തു പോലും ലിസി ആശുപത്രിക്ക് സാമൂഹിക പ്രതിബദ്ധത കാണിച്ച് മുന്നിൽ നിന്ന് നയിക്കാനായില്ല. ലാഭം കൊയ്യുന്ന കോർപ്പറേറ്റ് വ്യവസായമാക്കി ലിസി ആശുപത്രിയെ മാറ്റരുത്. ചുരുങ്ങിയ പക്ഷം ഈ അതിരൂപതയിലെ വിശ്വാസികളുടെയെങ്കിലും ആരോഗ്യ പരിരക്ഷണം ലിസി ആശുപത്രിയുടെ മുഖ്യ അജണ്ടയാവണം. കോർപ്പറേറ്റ് മുഖമുള്ള ഏതാനും വൈദികരുടെ സംഘം മാത്രം നിയന്ത്രിക്കുന്ന ഒരു സംവിധാനമായി ലിസി ആശുപത്രി മാറരുത്. മെഡിസിറ്റിയിലെ നൂറുകണക്കിന് കോടികളുടെ നിർമാണ പ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും നടത്തിയത് ടെൻഡർ പോലും വിളിക്കാതെയാണെന്നതും അത് ഏതാനും പേരുടെ സ്വകാര്യ ഇടപാടുകളായി മാറിയെന്നതും ആശങ്കയുളവാക്കുന്നതാണ്. അത്തരം ഇടപാടുകൾക്ക് പിന്നിൽ അഴിമതിയും ഇഷ്ടജനപക്ഷപാതവും ധൂർത്തും സംഭവിച്ചു എന്നത് നിസ്തർക്കമാണ്. അതിനാൽ അതിന്റെ കണക്കുകൾ മിസത്തിൽ പ്രസിദ്ധീകരിക്കാനും സുതാര്യത ഉറപ്പാക്കാനും അതിരൂപത നേതൃത്വം ശ്രദ്ധിക്കണമെന്നും ഷൈജു ആന്റണി പറഞ്ഞു.

TAGS :

Next Story