Quantcast

'ഗൂഢാലോചനാ കേസിൽ ഷാജ് കിരൺ പ്രതിയല്ല'; കോടതിയിൽ പൊലീസ്

ഷാജ് കിരണിന്റെയും സുഹൃത്ത് ഇബ്രാഹീമിന്റെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി

MediaOne Logo

Web Desk

  • Updated:

    2022-06-14 12:15:01.0

Published:

14 Jun 2022 12:13 PM GMT

ഗൂഢാലോചനാ കേസിൽ ഷാജ് കിരൺ പ്രതിയല്ല; കോടതിയിൽ പൊലീസ്
X

കൊച്ചി: സ്വപ്‌ന സുരേഷ് പ്രതിയായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്ന് പൊലീസ്. ഷാജിനെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേർത്തിട്ടില്ലെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

ഷാജ് കിരണും സുഹൃത്ത് ഇബ്രാഹീമും കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ച്. തങ്ങളെ ഗൂഢാലോചനയിൽ കുടുക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഇരുവരും ഹരജി നൽകിയത്. സ്വപ്‌നയുമായി നടത്തിയ സൗഹൃദ സംഭാഷണം റെക്കോർഡ് ചെയ്ത് കൃത്രിമം കാണിച്ച് പുറത്തുവിട്ടു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. തങ്ങൾക്കെതിരെ ഗൂഢാലോചന നടന്നെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതെന്നും ഹരജിയിൽ ഇരുവരും ചൂണ്ടിക്കാട്ടി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

എന്നാൽ, പൊലീസ് ഇരുവരെയും പ്രതിചേർത്തിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈയൊരു സാഹചര്യത്തിൽ മുൻകൂർ ജാമ്യംതേടി ഹരജി നൽകിയത് അപ്രസക്തമാണ്. ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

തുടർന്ന് കോടതി മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുകയായിരുന്നു. ഇതോടൊപ്പം ഇവരെ ചോദ്യംചെയ്യണമെങ്കിൽ നോട്ടീസ് നൽകി മാത്രമേ വിളിപ്പിക്കാവൂവെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുൻ എം.എൽ.എ പി.സി ജോർജും പ്രതികളായ ഗൂഢാലോചനാ കേസിൽ ഷാജ് കിരണിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഗൂഢാലോചനാ കേസിൽ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതിൽ ചോദ്യംചെയ്യലിനുശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. സ്വപ്ന ഷാജുമായി സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താൻ വീഡിയോ പുറത്തുവിടുമെന്ന് ഷാജ് പറഞ്ഞിരുന്നു. ഈ വീഡിയോ ഫോണിൽനിന്ന് മാഞ്ഞുപോയതിനാൽ അതു വീണ്ടെടുക്കാനായാണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് വ്യക്തമാക്കിയത്.

Summary: Shaj Kiran is not guilty in conspiracy case: Police in Kerala High court

TAGS :

Next Story