Quantcast

1960ല്‍ നഫീസത്ത് ബീവി ഇരുന്ന കസേരയിലേക്ക് 66 വര്‍ഷത്തിന് ശേഷം ഷാനിമോള്‍ ഉസ്മാന്‍

കെ.ഒ ഐഷാബായി, നഫീസത്ത് ബീവി, ഭാര്‍ഗവി തങ്കപ്പന്‍ എന്നിവരാണ് കേരള നിയമസഭയിലെ മുന്‍ വനിതാ ഡെപ്യൂട്ടി സ്പീക്കര്‍മാര്‍

MediaOne Logo
shanimol osman fourth deputy speaker kerala
X

തിരുവനന്തപുരം: വി.ഡി സതീശന്‍ നയിക്കുന്ന കേരള നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകുമ്പോള്‍ അതൊരു ചരിത്ര നിയോഗമാണ്. 1960ല്‍ രണ്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എ. നഫീസത്ത് ബീവി ഇരുന്ന കസേരയിലേക്കാണ് 66 വര്‍ഷത്തിന് ശേഷം ഷാനിമോള്‍ ഉസ്മാന്റെ വരവ്. നഫീസത്ത് ബീവിക്ക് ശേഷം കോണ്‍ഗ്രസില്‍ നിന്നുണ്ടായ മുസ്‌ലിം വനിതാ എംഎല്‍എയും ഷാനിമോള്‍ ഉസ്മാന്‍ തന്നെ.

കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍മാരുടെ പട്ടിക തുടങ്ങുന്നതുതന്നെ വനിതയില്‍ നിന്നാണ്. 1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒന്നാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് കായംകുളത്ത് നിന്നും വിജയിച്ച കെ.ഒ ഐഷാബായിയായിരുന്നു. ശങ്കരനാരായണന്‍ തമ്പിയായിരുന്നു നിയമസഭയുടെ പ്രഥമ സ്പീക്കര്‍.

1960ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിന്ന് കമ്യൂണിസ്റ്റ് നേതാവ് ടി.വി തോമസിനെ പരാജയപ്പെടുത്തിയാണ് നഫീസത്ത് ബീവി നിയമസഭാംഗമാകുന്നത്. ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേറ്റ നഫീസത്ത് ബീവി 1964 സെപ്റ്റംബര്‍ 10 വരെ പദവിയിലിരുന്നു. പിന്നീട് നിയമസഭ കണ്ട ഒരേയൊരു വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ 1987ലെ നായനാര്‍ മന്ത്രിസഭയിലെ ഭാര്‍ഗവി തങ്കപ്പനാണ്. അതിന് ശേഷം പുരുഷന്മാര്‍ മാത്രം ഇരുന്ന പദവിയിലേക്കാണ് ഷാനിമോള്‍ ഉസ്മാന്‍ എത്തുന്നത്.

2019ല്‍ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് ഷാനിമോള്‍ ആദ്യമായി സഭയിലെത്തിയത്. 2011ലും 2016ലും പെരുമ്പാവൂരിലും ഒറ്റപ്പാലത്തും പരാജയപ്പെട്ടിരുന്നു. 1960ല്‍ നഫീസത്ത് ബീവി തെരഞ്ഞെടുക്കപ്പെട്ട് 59 വര്‍ഷത്തിന് ശേഷമായിരുന്നു ഇവരുടെ പിന്‍ഗാമിയായി അരൂരില്‍ നിന്ന് ഷാനിമോളുടെ ജയം. അരൂരില്‍ നിന്ന് ഇത്തവണ 9324 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാനിമോള്‍ വിജയിച്ചത്. സിറ്റിങ് എംഎല്‍എയായിരുന്ന ദലീമയെയാണ് പരാജയപ്പെടുത്തിയത്.

TAGS :

Next Story