Quantcast

'ചേതനയറ്റ ശരീരം കെട്ടിപ്പൊതിഞ്ഞെടുത്തപ്പോഴും അറിഞ്ഞില്ല, പഴയ സഹപ്രവർത്തകയുടേതായിരുന്നെന്ന്...' വിങ്ങുന്ന ഓർമയുമായി മനോരമ വധക്കേസ് അന്വേഷകൻ

വീട്ടമ്മയെ കാണാതായെന്ന പരാതി പ്രകാരം അന്വേഷിക്കാൻ ചെന്ന ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർക്ക്‌ തന്റെ ഒപ്പം മുമ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്ത മനോരമയെയോ ഭർത്താവ് ദിനരാജിനെയോ ആദ്യം ഓർമിച്ചെടുക്കാനായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    9 Aug 2022 6:30 PM GMT

ചേതനയറ്റ ശരീരം കെട്ടിപ്പൊതിഞ്ഞെടുത്തപ്പോഴും അറിഞ്ഞില്ല, പഴയ സഹപ്രവർത്തകയുടേതായിരുന്നെന്ന്... വിങ്ങുന്ന ഓർമയുമായി മനോരമ വധക്കേസ് അന്വേഷകൻ
X

തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസിൽ വിങ്ങുന്ന ഓർമക്കുറിപ്പുമായി മുൻ സഹപ്രവർത്തകനും സംഭവ ദിവസം സ്ഥലത്തെ നടപടികൾക്ക് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനുമായ ഡി.കെ പൃഥ്വിരാജ്. കഴക്കൂട്ടം എ.സി.പി ലീവിലായതിനാൽ വീട്ടമ്മയെ കാണാതായെന്ന പരാതി പ്രകാരം അന്വേഷിക്കാൻ ചെന്ന ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണറായ ഇദ്ദേഹത്തിന് തന്റെ ഒപ്പം മുമ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്ത മനോരമയെയോ ഭർത്താവ് ദിനരാജിനെയോ ആദ്യം ഓർമിച്ചെടുക്കാനായിരുന്നില്ല. ഈ ദുഃഖം ഫേസ്ബുക്കിലൂടെ പങ്ക് വെക്കുകയായിരുന്നു അദ്ദേഹം.

'രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്ന് ഫയർഫോഴ്‌സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല... സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണന്റെ സഹധർമ്മണ്ണിയുടെതായിരുന്നുവെന്ന്... എസ്.ഐ ആകുന്നതിന് മുമ്പ് ആറു വർഷം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും... 2003 ൽ ഡിസി ഓഫീസിൽ നിന്നു പൊലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണാനിടയായിട്ടില്ല. ഒരേ ഓഫീസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല...' പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

കാലമേൽപ്പിച്ച മറവിയോ നിർവ്വഹിക്കപ്പെടുന്ന തൊഴിൽ സാഹചര്യത്തിലെ നിർവ്വികാരതയോ കൊണ്ടാണ് താൻ ഇവരെ മറന്നതെങ്കിലും ഓർക്കാതെ പോയത് തെറ്റായിരുന്നുവെന്നും മനോരമ ചേച്ചിയുടെ ആത്മാവിനോട് മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ഭർത്താവ് ദിനരാജിനോട് നേരിട്ട് മാപ്പു പറഞ്ഞിരുന്നുവെന്നും എന്നാൽ അതെല്ലാം അപൂർണമാണെന്നും അദ്ദേഹം കുറിച്ചു.



കുറിപ്പിന്റെ പൂർണ രൂപം:


കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം എ.സി.പി ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷന്റെ ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്നു ഫയർഫോഴ്‌സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല... സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണന്റെ സഹധർമ്മണ്ണിയുടെതായിരുന്നുവെന്ന്... എസ്.ഐ ആകുന്നതിന് മുമ്പ് 6 വർഷം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും... 2003 ൽ ഡിസി ഓഫീസിൽ നിന്നു പൊലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണാനിടയായിട്ടില്ല. ഒരേ ഓഫീസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല... കാലമേല്പിച്ച ഓർമ്മക്ഷതങ്ങളാണോ... നിർവ്വഹിക്കപ്പെടുന്ന തൊഴിൽ സാഹചര്യത്തിലെ നിർവ്വികാരതകൊണ്ടാണോ... ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യമായ തുകൊണ്ടാണോ... മനപൂർവ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്മകൾ അപരിഹാരമായ തെറ്റ് തന്നെയാണ്.

മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ... മാപ്പ്. അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട്അനുശോചനം അറിയിച്ചിരുന്നു... ഇതൊക്കെ അപൂർണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ...

അശ്‌റു പൂക്കളർപ്പിക്കുന്നു...

Shankhumukham Assistant Commissioner DK Prithviraj's viral note in Kesavadasapuram Manorama murder case.

TAGS :

Next Story