ഷരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്
ഒന്നാം പ്രതിയായ ഗ്രീഷ്മയുടേയും മൂന്നാം പ്രതിയായ നിർമൽ കുമാറിന്‍റെയും ശിക്ഷയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കുക

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിലെ ഷരോൺ രാജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. ഒന്നാം പ്രതിയായ ഗ്രീഷ്മയുടേയും മൂന്നാം പ്രതിയായ നിർമൽ കുമാറിന്‍റെയും ശിക്ഷയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രഖ്യാപിക്കുക. 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും.
അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിച്ച് ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രീഷ്മക്ക് ചെകുത്താൻ ചിന്തയാണെന്നും ബോധപൂർവ്വം പദ്ധതി തയ്യാറാക്കി ഷാരോണിനെ കൊലപ്പെടുത്തിയതാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള മാനസിക പീഡനം ഷാരോണിൽ നിന്ന് ഗ്രീഷ്മയ്ക്ക് നേരിടേണ്ടിവന്നു എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
ബിരുദാനന്തര ബിരുദം നല്ല മാർക്ക് വാങ്ങി പാസായ തനിക്ക് പഠിക്കാൻ അവസരം ഒരുക്കണമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നും ഗ്രീഷ്മ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതി ഗ്രീഷ്മയുടെ പ്രായവും,നേരത്തെ ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കോടതി പരിഗണിക്കാനാണ് സാധ്യത. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഇന്ന് 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. കഷായത്തിൽ കളനാശിനി കലർത്തി നൽകിയാണ് ഷാരോൺ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം ബഷീറാണ് വിധി പ്രസ്താവിക്കുന്നത്.
Adjust Story Font
16

