Quantcast

ശിരോവസ്ത്ര വിലക്ക്: 'ഭീകരതയെന്ന ഉത്തരേന്ത്യൻ പൊതുബോധത്തിൻ്റെ കാറ്റ് നമ്മുടെ മണ്ണിലേക്കും വീശിത്തുടങ്ങി, തടയാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും'; ഷിബു മീരാൻ

'ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ജൻമാവകാശമായി പ്രഖ്യാപിക്കപ്പെട്ട ഒരു രാജ്യത്ത് പിറന്നവളാണവൾ. സ്കൂളിൽ എന്നല്ല ഈ നാടിൻ്റെ ഏത് പൊതുവിടത്തിലും അത് ധരിച്ച് പ്രത്യക്ഷപ്പെടാൻ അവൾക്കവകാശമുണ്ട്'

MediaOne Logo

Web Desk

  • Updated:

    2025-10-17 12:17:44.0

Published:

17 Oct 2025 5:33 PM IST

ശിരോവസ്ത്ര വിലക്ക്: ഭീകരതയെന്ന ഉത്തരേന്ത്യൻ പൊതുബോധത്തിൻ്റെ കാറ്റ് നമ്മുടെ മണ്ണിലേക്കും വീശിത്തുടങ്ങി, തടയാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും; ഷിബു മീരാൻ
X

Photo| Facebook

കോഴിക്കോട്: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിലക്കിൽ പ്രതികരിച്ച് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഷിബു മീരാൻ. ഭീകരതയെന്ന ഉത്തരേന്ത്യൻ പൊതുബോധത്തിൻ്റെ കാറ്റ് നമ്മുടെ മണ്ണിലേക്കും വീശിത്തുടങ്ങിയെന്നും അതിനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും ഷിബു മീരാൻ പറഞ്ഞു.

രമ്യമായി പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ ഘട്ടത്തിലൊന്നും പള്ളുരുത്തി സ്കൂളിലെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല. ഇന്ന് ആ പ്രശ്നം തീർന്നിട്ടുണ്ട്. ആ പെൺകുട്ടി അവിടെ ഇനി പഠിക്കുന്നില്ല എന്ന് ആ കുടുംബം തീരുമാനിച്ചിരിക്കുന്നു. നിയമം പാലിക്കാൻ ആ കുഞ്ഞ് തയ്യാറാണെങ്കിൽ അവളെ പഠിപ്പിക്കാൻ തയ്യാറാണ് എന്ന് പ്രിൻസിപ്പാളും പറഞ്ഞിരിക്കുന്നു. നിയമം ലംഘിച്ച് കൊണ്ട് പഠിക്കാൻ കഴിയില്ല എന്ന് കൂടിയാണതിൻ്റെ അർത്ഥം. ഏതാണ് ആ കുഞ്ഞ് ലംഘിച്ച നിയമം. അതൊരു ശിരോവസ്ത്രമാണ്. തലക്ക് മുകളിൽ പറ്റിച്ചേർന്ന് കിടക്കുന്ന വെറും വെറും വെറും നാലു മുഴം നീളമുള്ള ഒരു തുണി. അതങ്ങ് ഒഴിവാക്കിയിട്ട് പഠിച്ചാൽ പോരെ, ഇത്ര വലിയ പ്രശ്നമെന്തിനാണ് എന്നൊരു നിഷ്കളങ്കമായ ചോദ്യം വരുന്നുണ്ട്. തല മറക്കുക എന്നത് ഒരു മുസ്‌ലിം പെൺകുട്ടിയുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. അവളുടെ സ്വത്വത്തിൻ്റെ അടയാളമാണ്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ജൻമാവകാശമായി പ്രഖ്യാപിക്കപ്പെട്ട ഒരു രാജ്യത്ത് പിറന്നവളാണവൾ. സ്കൂളിൽ എന്നല്ല ഈ നാടിൻ്റെ ഏത് പൊതുവിടത്തിലും അത് ധരിച്ച് പ്രത്യക്ഷപ്പെടാൻ അവൾക്കവകാശമുണ്ടെന്ന് ഷിബു മീരാൻ ഫേസ്ബുക്കിൽ കുറിച്ചു.

ചത്തിസ്ഗഡിലെ സംഭവം ഓർമ്മയില്ലേ. അന്ന് ആ ക്രൈസ്തവ സന്യാസിമാരുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടികൾക്ക് ടിക്കറ്റും, മതിയായ യാത്രാ രേഖകളും, ജോലിയിൽ കയറാനുള്ള മാതാപിതാക്കളുടെ സമ്മതപത്രവും ഒക്കെ ഉണ്ടായിരുന്നു. എന്നിട്ടും ആ കന്യാസ്ത്രീകൾ അക്രമിക്കപ്പെട്ടു, അപമാനിക്കപ്പെട്ടു, ആൾക്കൂട്ട വിചാരണ ചെയ്യപ്പെട്ടു, ജയിലിലടക്കപ്പെട്ടു. അവിടെ ആ രേഖകളോ, രാജ്യത്തെവിടെയും നിർഭയമായി സഞ്ചരിക്കാനുള്ള അവരുടെ അവകാശമോ പരിഗണനാ വിഷയമായില്ല. കാരണം അവർ ക്രൈസ്തവ സന്യാസിനിമാരാണ്. അവരുടെ തിരുവസ്ത്രം = മതപരിവർത്തനം എന്നൊരു പൊതുബോധം സംഘ് പരിവാർ ഉത്തരേന്ത്യയിൽ നിർമ്മിച്ചിട്ടുണ്ടെന്നും ഷിബു മീരാൻ കൂട്ടിച്ചേർത്തു. ‌‌

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പറയാതെ വയ്യ..രമ്യമായി പരിഹരിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞ ഘട്ടത്തിലൊന്നും പള്ളുരുത്തി സ്കൂളിലെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല.. ഇന്ന് ആ പ്രശ്നം തീർന്നിട്ടുണ്ട്..

ആ പെൺകുട്ടി അവിടെ ഇനി പഠിക്കുന്നില്ല എന്ന് ആ കുടുംബം തീരുമാനിച്ചിരിക്കുന്നു.. നിയമം പാലിക്കാൻ ആ കുഞ്ഞ് തയ്യാറാണെങ്കിൽ അവളെ പഠിപ്പിക്കാൻ തയ്യാറാണ് എന്ന് പ്രിൻസിപ്പാളും പറഞ്ഞിരിക്കുന്നു.. നിയമം ലംഘിച്ച് കൊണ്ട് പഠിക്കാൻ കഴിയില്ല എന്ന് കൂടിയാണതിൻ്റെ അർത്ഥം.. ഏതാണ് ആ കുഞ്ഞ് ലംഘിച്ച നിയമം.. അതൊരു ശിരോവസ്ത്രമാണ്.. തലക്ക് മുകളിൽ പറ്റിച്ചേർന്ന് കിടക്കുന്ന വെറും വെറും വെറും നാലു മുഴം നീളമുള്ള ഒരു തുണി..

അതങ്ങ് ഒഴിവാക്കിയിട്ട് പഠിച്ചാൽ പോരെ, ഇത്ര വലിയ പ്രശ്നമെന്തിനാണ് എന്നൊരു നിഷ്കളങ്കമായ ചോദ്യം വരുന്നുണ്ട്.. തല മറക്കുക എന്നത് ഒരു മുസ്ലിം പെൺകുട്ടിയുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്.. അവളുടെ സ്വത്വത്തിൻ്റെ അടയാളമാണ്.. തല മറക്കാത്ത എത്ര പേരുണ്ട് ,ഈ കുട്ടിക്കെന്താ പ്രത്യേക ത എന്നാവും അടുത്ത ചോദ്യം... ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ജൻമാവകാശമായി പ്രഖ്യാപിക്കപ്പെട്ട ഒരു രാജ്യത്ത് പിറന്നവളാണവൾ.. സ്കൂളിൽ എന്നല്ല ഈ നാടിൻ്റെ ഏത് പൊതുവിടത്തിലും അത് ധരിച്ച് പ്രത്യക്ഷപ്പെടാൻ അവൾക്കവകാശമുണ്ട്...

ചത്തിസ്ഗഡിലെ സംഭവം ഓർമ്മയില്ലേ.. അന്ന് ആ ക്രൈസ്തവ സന്യാസിമാരുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടികൾക്ക് ടിക്കറ്റും, മതിയായ യാത്രാ രേഖകളും, ജോലിയിൽ കയറാനുള്ള മാതാപിതാക്കളുടെ സമ്മതപത്രവും ഒക്കെ ഉണ്ടായിരുന്നു..എന്നിട്ടും ആ കന്യാസ്ത്രീകൾ അക്രമിക്കപ്പെട്ടു, അപമാനിക്കപ്പെട്ടു, ആൾക്കൂട്ട വിചാരണ ചെയ്യപ്പെട്ടു, ജയിലിലടക്കപ്പെട്ടു.. അവിടെ ആ രേഖകളോ, രാജ്യത്തെവിടെയും നിർഭയമായി സഞ്ചരിക്കാനുള്ള അവരുടെ അവകാശമോ പരിഗണനാ വിഷയമായില്ല.. കാരണം അവർ ക്രൈസ്തവ സന്യാസിനിമാരാണ്.. അവരുടെ തിരുവസ്ത്രം = മതപരിവർത്തനം എന്നൊരു പൊതുബോധം സംഘ് പരിവാർ ഉത്തരേന്ത്യയിൽ നിർമ്മിച്ചിട്ടുണ്ട്...

അതെ,ആ പൊതുബോധമാണ് പ്രശ്നം.. അതിനെ തോൽപ്പിക്കാൻ വേണ്ടത് ഭരണഘടനാ മൂല്യങ്ങളിലുള്ള അചഞ്ചലമായ വിശ്വാസവും അല്പം നീതിബോധവുമാണ്.. കന്യാസ്ത്രീകളുടെ തിരുവസ്ത്രം ,മുസ്ലിം പെണ്ണിൻ്റെ ശിരോവസ്ത്രം, സിഖ് പുരുഷൻമാരുടെ ടർബൻ, ഉത്തരേന്ത്യയിൽ പല ഹിന്ദു സ്ത്രീകളും ഉപയോഗിക്കാറുള്ള ഗൂങ്കട്ട് ഇതൊക്കെ ധരിക്കാനുള്ള അവകാശം എല്ലാവർക്കും ഒന്നു തന്നെ, ഒരു മുടിനാരിഴയുടെ ഏറ്റക്കുറച്ചിലില്ലാതെ തുല്യമാണ് എന്ന ബോധ്യം.. അതാണ് ഇന്ത്യൻ ഭരണഘടന പറഞ്ഞു വച്ച തുല്യ നീതി..

അവിടെയാണ് ഏഴാം ക്ലാസുകാരിയുടെ തലയിലെ നാലു മുഴം തുണി ഭയപ്പെടുത്തുന്നതാണ്, അതഴിച്ചു വച്ചിട്ടു പഠിച്ചാൽ മതി എന്ന വാക്കുകൾ പച്ചയായ അനീതിയാകുന്നത്...ആ പ്രിൻസിപ്പാളിൻ്റെ വേഷത്തെ അപമാനിക്കാനില്ല.. അവരോട് തർക്കത്തിനുമില്ല..പറയാനുള്ളത് പറയും മുൻപ് ഇതൊരു സത്യവാചകമായി പറഞ്ഞു വക്കുന്നു...''എന്നെങ്കിലും ,എവിടെയെങ്കിലും വച്ച് ചത്തിസ്ഗഡിലെ പോലെ ഒരനുഭവം ഇനിയും ആവർത്തിച്ചാൽ ജീവൻ കൊടുത്തും തിരുവസ്ത്രം ധരിക്കാനുള്ള അവകാശത്തിനൊപ്പം നിലയുറപ്പിക്കും എന്ന ഉറപ്പ് മുൻകൂറായി തരുന്നു.. കാരണം, എൻ്റെ വിശ്വാസവും എൻ്റെ രാഷ്ട്രീയവും എന്നെ പഠിപ്പിച്ച നീതിബോധത്തിൻ്റെ തേട്ടമാണത്"

"ഏതെങ്കിലും അനീതിയെ കേവല സമുദായികതയുടെ പേരിൽ ന്യായീകരിക്കില്ല..അതോടൊപ്പം പിറന്ന സമുദായത്തിൻ്റെ നീതിപൂർവ്വമായ അവകാശങ്ങളെ ഒരു നിലക്കും അടിയറ വക്കാനുമാവില്ല എന്നത് നിലപാടാണ്... മരിക്കേണ്ടി വന്നാലും മാറാത്തത് 'ഇനി കേരളത്തിന്റെ പൊതു ബോധത്തോട് ഒരു കാര്യം മാത്രം പറയട്ടെ..ആ കുഞ്ഞിനോട് നാം അനീതി ചെയ്തിരിക്കുന്നു..ഹിജാബ് = ഭീകരത എന്ന ഉത്തരേന്ത്യൻ പൊതുബോധത്തിൻ്റെ കാറ്റ് നമ്മുടെ മണ്ണിലേക്കും വീശിത്തുടങ്ങിയിരിക്കുന്നു.. അതിനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.......... ........ ....... ............ ...... .............. .....

ഇതു കൊണ്ടൊക്കെ ക്രൈസ്തവ മുസ്ലിം ധ്രുവീകരണം സാധ്യമാകും എന്ന് കരുതി കുളം കലക്കുന കാസക്കുഞ്ഞുങ്ങളോട്... ഒരു ചുക്കും സംഭവിക്കില്ല.. സത്യ ക്രിസ്ത്യാനികളായ ധാരാളം സുഹുത്തുക്കൾ എനിക്കുണ്ട്.. ''അതും നമ്മുടെ കൊച്ചുങ്ങളല്ലിയോ, അതുങ്ങള് തട്ടം ഇട്ട് പഠിച്ചാൽ എന്നാ പറ്റാനാ'' ഇതാണ് അവരുടെ നിലപാട്..

പിൻകുറി: കുഷ്ട രോഗികളെ പോലും മാറ്റി നിറുത്താതെ നെഞ്ചോടു ചേർത്തു പിടിച്ച ക്രിസ്തു ഒരു വട്ടം കൂടി പറഞ്ഞു കാണും.. ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല.. ഇവരോട് നീ പൊറുക്കേണമേ...

TAGS :

Next Story