Quantcast

'മോദിയുടെ ലൈക്കിനുള്ള നന്ദി; അയോധ്യയുമായി ബന്ധമില്ല' വിശദീകരണവുമായി ശിഹാബ് ചോറ്റൂർ

''രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെപ്പോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക്ക് ചെയ്തതിൽ അത്ഭുതം തോന്നി.''

MediaOne Logo

Web Desk

  • Updated:

    2024-01-23 13:29:20.0

Published:

23 Jan 2024 11:09 AM GMT

മോദിയുടെ ലൈക്കിനുള്ള നന്ദി; അയോധ്യയുമായി ബന്ധമില്ല വിശദീകരണവുമായി ശിഹാബ് ചോറ്റൂർ
X

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനു വിശദീകരണവുമായി ശിഹാബ് ചോറ്റൂർ. പോസ്റ്റിന് അയോധ്യ വിഷയവുമായി ഒരു ബന്ധവുമില്ലെന്നും പ്രധാനമന്ത്രി തന്റെ പരിപാടിയെക്കുറിച്ചുള്ള പോസ്റ്റിനു നന്ദി പറയുകയായിരുന്നുവെന്നും ശിഹാബ് വിശദീകരിച്ചു. ഫാസിസവുമായി ഒരിക്കലും രാജിയാകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണു വിശദീകരണം.

മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് മലപ്പുറം സ്വദേശിയായ ശിഹാബ്. രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കു പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ഇട്ടത്. ഇന്ത്യൻ മുസ്ലിം ആയതിൽ അഭിമാനിക്കുന്നുവെന്നും ഇതോടൊപ്പം കുറിച്ചു. ഇതു വലിയ വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

''മുൻപ് നടന്ന തന്റെ ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തിരുന്നു. അത് വൈറൽ ആകുകയും പല ദേശീയ പ്രമുഖരും അതു പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെപ്പോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക് ചെയ്തതിൽ അത്ഭുതം തോന്നി. അപ്പോൾ അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഇട്ടത്.''-ശിഹാബ് വിശദീകരിച്ചു.

വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റ്

പോസ്റ്റിന് അയോധ്യ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫാസിസവുമായി ഒരിക്കലും രാജിയാവാനില്ല. താൻ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യൽ മീഡിയ വാർത്ത വരുന്നത്. സത്യാവസ്ഥ അറിയാതെയാണ് പലരും പ്രതികരിക്കുന്നത്. നബിയെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് ഒരിക്കലും ഫാസിസത്തെ താൻ പിന്തുണക്കില്ലെന്നും പുതിയ വിശദീകരണ പോസ്റ്റിൽ ശിഹാബ് കൂട്ടിച്ചേർത്തു.

ശിഹാബ് ചോറ്റൂരിന്റെ പുതിയ വിശദീകരണ പോസ്റ്റ്

അസ്സലാമു അലൈക്കും

എന്റെ മുൻപ് നടന്ന ഒരു പരിപാടിയുടെ പോസ്റ്റിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലൈക്ക് ചെയ്തു. അത് വൈറൽ ആകുകയും പല ദേശീയ പ്രമുഖരും അത് ഷെയർ ചെയ്തു കണ്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെപ്പോലെ ഒരു സാധാരണ മനുഷ്യന്റെ പോസ്റ്റിനു ലൈക് ചെയ്തതിൽ അത്ഭുതം തോന്നി. അപ്പോൾ അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഞാൻ അൽപം മുൻപ് പോസ്റ്റ് ഇട്ടത്.

അത് അയോധ്യ വിഷയവുമായി യാതൊരു ബന്ധവും ഇല്ല. എന്നു മാത്രമല്ല ഫാസിസവുമായി ഒരിക്കലും രാജിയാവാനില്ല. ഞാൻ ചിന്തിക്കാത്ത തരത്തിലാണ് സോഷ്യൽ മീഡിയ വാർത്ത വരുന്നത്. ഈ സത്യാവസ്ഥ അറിയാതെയാണ് പലരും പ്രതികരിക്കുന്നത്. അത് അല്ലാഹുവിനു വിടുന്നു.

ആത്മാർത്ഥമായി പറയുന്ന ഈ വാക്കുകൾ സ്വീകരിക്കുന്നവർ ദയവ് ചെയ്ത് അത് ഷെയർ ചെയ്യരുതെന്നു പറയുന്നു. ഹബീബായ നബിയെ സ്‌നേഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഒരിക്കലും ഫാസിസത്തെ ഞാൻ പിന്തുണക്കില്ല.

വിശദീകരണം ഇല്ലാതെ, തെറ്റിദ്ധാരണ വരുന്ന തരത്തിൽ ഇട്ട പോസ്റ്റിനു ഞാൻ എന്നെ സ്‌നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

അല്ലാഹു നമ്മെ സത്യവിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ.

Summary: Shihab Chottur clarifies that his social media post thanking PM Narendra Modi has nothing to do with the Ayodhya issue. He said that he thanked the PM for liking a post about his event.

TAGS :

Next Story