ഇല്ലാത്ത ലോണിന്‍റെ പേരിൽ 65 ലക്ഷത്തിലധികം രൂപ ബാധ്യത ; ശ്രീറാം ഫിനാൻസിനെതിരെ കൊല്ലത്തും പരാതി
2012 ലും 2021 ലുമായി മൂന്ന് ലോണുകളാണ് സുമന്‍റെ പേരിൽ എടുത്തിരിക്കുന്നത്

കൊല്ലം: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ കൊല്ലത്തും പരാതി. ഇല്ലാത്ത ലോണിന്‍റെ പേരിൽ കൊല്ലം മരുതുംപള്ളി സ്വദേശി സുമന്‍റെ ബാധ്യത 65 ലക്ഷത്തിലധികം രൂപ. 2012 ലും 2021 ലുമായി മൂന്ന് ലോണുകളാണ് സുമന്‍റെ പേരിൽ എടുത്തിരിക്കുന്നത്.
വടക്കൻ ജില്ലകളിൽ ശ്രീറാം ഫിനാൻസിനെതിരെ വ്യാപക പരാതികളുയർന്നതിന് പിന്നാലെയാണ് ഇപ്പോൽ കൊല്ലത്തും പരാതിയുമായി ആളുകളെത്തുന്നത്.പലരും സിബിൽ സ്കോർ പരിശോധിക്കുമ്പോഴാണ് തങ്ങളുടെ പേരിൽ ലോണുള്ളതായി കണ്ടെത്തുന്നത്.കൊല്ലം മരുതും പള്ളി സ്വദേശിയായ സുമന് എടുക്കാത്ത ലോണിൻ്റെ പേരിൽ 65 ലക്ഷം രൂപയാണ് ബാധ്യത. പുതിയ വാഹനം വാങ്ങാൻ ഒരുങ്ങുമ്പോഴാണ് സിബിൽ സ്കോർ പരിശോധിച്ചത് അപ്പോഴാണ് സുമൻ തൻ്റെ ബാധ്യത കണ്ട് ഞെട്ടിയത്.
2012 കാലയാളവിൽ നാല് ലക്ഷത്തിലധികം രൂപ രണ്ട് തവണയായി വായ്പ എടുത്തിട്ടുണ്ട്. 2021ൽ 5 ലക്ഷം രൂപയുടെ വായ്പ എടുത്തതായും അക്കൗണ്ടിൽ കാണിക്കുന്നുണ്ട്. 3 വായ്പ്പയുടേയും കുടിശിക ചേർത്ത് 65 ലക്ഷത്തിലധികം രൂപയാണ് ബാധ്യതയായി കാണുന്നത്.പരാതി നൽകിയപ്പോൾ പൊലീസ് കേസെടുക്കാൻ പറ്റില്ല എന്നുമാണ് പറഞ്ഞതെന്ന് സുമൻ പറയുന്നു.
2026 നവംബർ മാസം മുതൽ ലോണേടുത്ത അജ്ഞാതൻ തിരിച്ചടയ്ക്കുന്നുണ്ട്. ആരാണ് ആ അജ്ഞാതൻ എന്ന ചോദ്യത്തിന് ശ്രീറാം ഫിനാൻസിന് മറുപടിയില്ല. സുമൻ ലോൺ എടുത്തിട്ടുണ്ട് എന്നാണ് ശ്രീറാം ഫിനാൻസിലെ അധികൃതർ പറയുന്നത്. സുമന്‍റെ അയൽവാസിയായ ജെറിൻ തോമസിന്‍റെ പേരിലും ശ്രീറാം ഫിനാൻസിൽ എടുക്കാത്ത രണ്ട് ലോണുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. കൂടുതൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇരുവരും.
Adjust Story Font
16

