പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് പറഞ്ഞ് സഹോദരിക്കെതിരെ കള്ളക്കേസ്, വഴിത്തിരിവായത് സിസിടിവി; ഒടുവില്‍ എസ്ഐക്ക് സ്ഥലം മാറ്റം
വിദ്യാനഗർ എസ്ഐ അനൂപിനെയാണ് സ്ഥലംമാറ്റിയത്

കാസർകോട്: പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന പേരിൽ യുവതിക്കെതിരെ അന്യായമായി കേസെടുത്ത എസ്ഐക്കെതിരെ നടപടി. വിദ്യാനഗർ എസ്ഐ അനൂപിനെ സ്ഥലംമാറ്റി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെയാണ് നടപടി.
മേനങ്കോട് സ്വദേശിനിയായ മാജിദക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരുന്നത്. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചു എന്ന് ആരോപിച്ചായിരുന്നു കേസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സഹോദരൻ സ്കൂട്ടർ ഓടിച്ചില്ലെന്നും മാജിദയാണ് വാഹനം ഓടിച്ചതെന്നും വ്യക്തമായിരുന്നു.
കാസർകോട് ചെർക്കളയിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. പ്രായപൂർത്തിയാകാത്ത സഹോദരനെ പിന്നിലിരുത്തി മാജിദയാണ് സ്കൂട്ടർ ഓടിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ചെർക്കളയിലെ ഒരിടത്ത് സ്കൂട്ടർ നിർത്തിയ ശേഷം മാജിദയും സഹോദരനും സമീപത്തേക്ക് നടന്നുപോകുന്നതും ദൃശ്യത്തിലുണ്ട്.
തുടർന്ന്, സഹോദരൻ മാത്രം തിരികെ വന്ന് സ്കൂട്ടറിനടുത്ത് നിൽക്കുന്ന സമയത്താണ് അതുവഴി വന്ന പൊലീസ് വാഹനം നിർത്തിയത്. ഈ സമയത്താണ് പ്രായപൂർത്തിയാകാത്തയാൾ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് വാഹനത്തിന്‍റെ ഉടമയായ മാജിദക്കെതിരെ പൊലീസ് കേസെടുത്തത്.
സഹോദരനെ ചോദ്യം ചെയ്‌തതിന് കുറച്ചു സമയത്തിന് ശേഷമാണ് മാജിദയെ വിളിപ്പിക്കുന്നത്. മറ്റാരെയെങ്കിലും വിളിക്കാനായി സഹോദരനെ സമ്മതിച്ചിരുന്നില്ല. ഫോൺ പിടിച്ചു വച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു.
Adjust Story Font
16

