'ഭൂമി വഖഫല്ല'; മുനമ്പം കേസില്‍ മലക്കംമറിഞ്ഞ് സിദ്ധീഖ് സേഠിന്റെ മകളുടെ മക്കള്‍
ഫാറൂഖ് കോളജ് അധികൃതരുടെയും മുനമ്പം നിവാസികളുടേയും അതേ നിലപാടാണ് ഇതുവരെ വഖഫ് ഭൂമിയാണെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ മലക്കംമറിഞ്ഞ് സിദ്ധീഖ് സേഠിന്റെ മകളുടെ മക്കള്‍. ഭൂമി വഖഫല്ലെന്ന്, ഫാറൂഖ് കോളജിന് വേണ്ടി ഭൂമി നൽകിയ സിദ്ദീഖ് സേഠിന്റെ മകളുടെ മക്കളുടെ അഭിഭാഷന്‍ വഖഫ് ട്രൈബ്യൂണലില്‍ അറിയിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചടയ്ക്കണമെന്നും വഖഫ് ബോർഡില്‍ ഹരജി നൽകിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്.
ഇന്ന് കോഴിക്കോട് ട്രൈബ്യൂണലിൽ പ്രാഥമിക വാദം ആരംഭിച്ചിരുന്നു. ഇതിൽ വഖഫ് ബോർഡ്, ഫാറൂഖ് കോളജ്, മുനമ്പം നിവാസികൾ എന്നിവർക്കൊപ്പം സുബൈദയുടെ മക്കളിൽ രണ്ടുപേരും കക്ഷി ചേർന്നിരുന്നു. അഡ്വ. സജീദാണ് ഇവർക്കുവേണ്ടി ഹാജരായത്. ഫാറൂഖ് കോളജ് അധികൃതരുടെയും മുനമ്പം നിവാസികളുടേയും അതേ നിലപാടാണ് ഇതുവരെ വഖഫ് ഭൂമിയാണെന്ന് പറഞ്ഞിരുന്നവർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാടാണ് ഇവർ പറവൂർ കേസിലും ബോർഡിന്റെ സിറ്റിങ്ങിലുമടക്കം ഇതുവരെയെടുത്തത്. ഭൂമി തിരിച്ചെടുക്കണമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇപ്പോഴത്തെ ഈ മാറ്റമെന്ന് അഭിഭാഷകനോട് ചോദിച്ചപ്പോൾ അനന്തരവകാശികൾക്ക് അങ്ങനെ നിലപാട് മാറ്റാമെന്നായിരുന്നു മറുപടി.
സിദ്ധീഖ് സേഠിന്റെ മകളുടെ മക്കളുടെ ഈ നിലപാട് മാറ്റം ഫാറൂഖ് കോളജിനും മുനമ്പം നിവാസികൾക്കും സഹായകമാവും. ഇതുവരെയുള്ള നടപടികളിൽ മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന നിലപാട് സ്വീകരിച്ചവർ അതിൽനിന്ന് മാറിയതിനെ ട്രൈബ്യൂണൽ എങ്ങനെ കാണും എന്നതും പ്രധാനമാണ്. അതേസമയം, കേസിൽ കക്ഷിചേർന്ന സിദ്ദീഖ് സേഠിന്റെ മറ്റു ബന്ധുക്കള്‍ ഭൂമി വഖഫാണെന്ന നിലപാടാണ് എടുത്തത്.
ആധാരത്തിൽ രണ്ട് തവണ 'വഖഫ്' എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്നാണ് ഇന്ന് ട്രൈബ്യൂണലിൽ ബോർഡ് വാദിച്ചത്. എന്നാൽ ഇതിനെ എതിർത്ത ഫാറൂഖ് കോളജ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചു. ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു.
മുഹമ്മദ് സിദ്ദീഖ് സേഠ് ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖഫായി നൽകിയ ആധാരമാണ് ജസ്റ്റിസ് രാജൻ തട്ടിൽ പ്രധാനമായും പരിശോധിച്ചത്. ഫാറൂഖ് കോളജ് ഇസ്‌ലാമികസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാൽ അവർക്കായി ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നുമാണ് മുനമ്പം നിവാസികളുടെ അഭിഭാഷകൻ വാദിച്ചത്. വാദം നാളെയും തുടരും. നാളെ പറവൂർ സബ് കോടതിയുടെ വിധിയും ഹൈക്കോടതി വിധികളും പരിശോധിക്കും. തുടർച്ചയായി വാദം കേട്ട് ഒരു വിധി പുറപ്പെടുവിക്കാനാണ് ജഡ്ജി തീരുമാനിച്ചിരിക്കുന്നത്.
Adjust Story Font
16

