Quantcast

'മലബാർ കേരളത്തിന് അകത്തോ പുറത്തോ?' മന്ത്രി ശിവന്‍കുട്ടിയോടും സര്‍ക്കാറിനോടും എസ്.ഐ.ഒ

'അനീതിയെക്കുറിച്ച് ചോദിക്കുമ്പോള്‍ അതിൽ ചില നിക്ഷിപ്ത താൽപര്യങ്ങൾ കാണുന്ന വിദ്യാഭ്യാസ മന്ത്രി പറയാതെ പറയുന്നത് മലബാറിനോട് നീതിപൂർവകമായ സമീപനം എടുക്കാൻ സൗകര്യമില്ല എന്നാണ്'

MediaOne Logo

Web Desk

  • Published:

    23 May 2023 3:17 PM GMT

മലബാർ കേരളത്തിന് അകത്തോ പുറത്തോ? മന്ത്രി ശിവന്‍കുട്ടിയോടും സര്‍ക്കാറിനോടും എസ്.ഐ.ഒ
X

കോഴിക്കോട്: നീണ്ടകാലത്തെ ഭരണകൂട വിവേചനം നേരിടുന്ന മലബാർ കേരളത്തിന് അകത്തോ പുറത്തോ എന്ന് മന്ത്രി വി ശിവൻകുട്ടിയോടും ഇടത് സര്‍ക്കാരിനോടും ആവർത്തിച്ച് ചോദിക്കുകയാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് സഈദ് ടി.കെ. ഐക്യകേരളം നിലവിൽ വന്നതു മുതൽ സർക്കാറുകൾ മലബാറിനോട് വിവേചനം കാണിക്കുകയാണ്. ആ വിവേചനത്തെക്കുറിച്ച് പറയുമ്പോഴും അനീതിയെക്കുറിച്ച് ചോദിക്കുമ്പോഴും അതിൽ ചില 'നിക്ഷിപ്ത താൽപര്യങ്ങൾ' കാണുന്ന വിദ്യാഭ്യാസ മന്ത്രി പറയാതെ പറയുന്നത് മലബാറിനോട് നീതിപൂർവകമായ സമീപനം എടുക്കാൻ സൗകര്യമില്ല എന്ന് തന്നെയാണെന്ന് മുഹമ്മദ് സഈദ് വിമര്‍ശിച്ചു. മലബാര്‍ മേഖലയില്‍ ഹയര്‍ സെക്കന്‍ററി ബാച്ചുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

കുറിപ്പിന്‍റെ പൂർണരൂപം

വിഭവ വിതരണത്തിന്റെയും വികസനത്തിന്റെയും ഏത് കണക്കുകളും തോതുകളും നിരത്തിയാലും വ്യക്തമാവുന്ന കാര്യമാണ് ഐക്യകേരളം നിലവിൽ വന്നതു മുതൽ സർക്കാറുകൾ മലബാറിനോട് കാണിക്കുന്ന വിവേചനം. ആ വിവേചനത്തെക്കുറിച്ച് പറയുമ്പോഴും അനീതിയെക്കുറിച്ച് ചോദിക്കുമ്പോഴും അതിൽ ചില 'നിക്ഷിപ്ത താൽപര്യങ്ങൾ' കാണുന്ന വിദ്യാഭ്യാസ മന്ത്രി പറയാതെ പറയുന്നത് മലബാറിനോട് നീതിപൂർവകമായ സമീപനം എടുക്കാൻ സൗകര്യമില്ല എന്നാണ്. പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികൾക്ക് മലബാറിൽ ഹയർ സെക്കന്‍ററി സീറ്റുകൾക്ക് അപര്യാപ്തത നേരിടുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രി അത്തരം ഒരു പ്രശ്നം തന്നെയില്ലെന്ന നിലയ്ക്ക് പ്രചരിപ്പിക്കുന്നത്. ഇത് മലബാറിനോടുള്ള പ്രദേശപരമായ വിവേചനമല്ലാതെ മറ്റൊന്നുമല്ല.

അതേ വിദ്യാഭ്യാസ മന്ത്രി... ഞങ്ങൾ നിക്ഷിപ്ത താല്പര്യക്കാരാണ്. നീതിയോട് നിക്ഷിപ്ത താല്പര്യമുള്ളവർ.

സമസ്ത മേഖലയിലും മലബാർ മേഖലയോട് മാറി മാറി വന്ന സർക്കാറുകൾ കാണിച്ചിട്ടുള്ള അവഗണനയും മലബാറിലെ ജനങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന നീതി നിഷേധവും കേവലം കെട്ടുകഥകളാണെന്ന് വ്യക്തതയോടെയുള്ള കണക്കുകളെയും അതിലുപരി ചൂടേറിയ അനുഭവങ്ങളെയും നിഷേധിച്ച് പറയാൻ ശിവൻകുട്ടിക്ക് കഴിയുന്നത് എന്തുകൊണ്ടാണ്?

തെക്കൻ കേരളത്തിൽ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുമ്പോൾ മലബാറിൽ കുട്ടികൾ സീറ്റില്ലാതെ പുറത്ത് നിൽക്കുന്നതും കാലങ്ങളായുള്ള നിരന്തര സമരങ്ങളും തുടർന്ന് കൊണ്ടേയിരിക്കുന്നതാണ്. അത്തരം ജനാധിപത്യ ശബ്ദങ്ങളെയും പ്രക്ഷോഭങ്ങളെയും അഭിമുഖീകരിക്കാൻ ഇടതുഗവൺമെന്റിന് ശേഷിയില്ലേ..?


എസ്.ഐ.ഒ കാലങ്ങളായി ഉന്നയിക്കുന്ന ചോദ്യം മന്ത്രി ശിവൻകുട്ടിയോടും ഇടത് ഗവൺമെന്റിനോടും വീണ്ടും വീണ്ടും ആവർത്തിച്ചു ചോദിക്കുന്നു മലബാർ കേരളത്തിന് അകത്തോ പുറത്തോ..?

TAGS :

Next Story