തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സംസ്ഥാനത്ത് ഫോം ഡിജിറ്റൈസേഷൻ പൂർത്തിയായി, തിരികെ ലഭിക്കാത്തത് 24.81 ലക്ഷം ഫോമുകൾ
പരാതികള്‍ സ്വീകരിക്കുക കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

തിരുവനന്തപുരം: എസ്‌ഐആറില്‍ എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ 100 ശതമാനം പൂര്‍ത്തിയായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തിരികെ വരാത്തത് 24.81 ഫോമുകള്‍. കരടു വോട്ടര്‍പട്ടിക ഈ മാസം 23ന് പുറത്തുവിടും. പരാതികള്‍ സ്വീകരിക്കുക കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തന്‍ യു. ഖേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭ്യര്‍ത്ഥനപ്രകാരമാണ് തിരിച്ചുവരാത്ത ഫോമുകളുടെ വിവരം പ്രസിദ്ധീകരിച്ചത്. 23ന് കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടര്‍മാര്‍ക്ക് അതിന്മേലുള്ള പരാതികള്‍ ഉന്നയിക്കാം. പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരാതി ഉന്നയിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
24 ലക്ഷത്തിലധികം കണ്ടെത്താനാകാത്ത ഫോമുകളുടെ വിവരങ്ങളാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. മരിച്ചവര്‍ 6.49 ലക്ഷം, കണ്ടെത്താനാകാത്തത് 6.89 ലക്ഷം, സ്ഥലം മാറിയവര്‍ 8.21 ലക്ഷം, ഇരട്ടവോട്ട് 1.34 ലക്ഷം, മറ്റുള്ളവ എന്നിങ്ങനെയാണ് പ്രസിദ്ധീകരിച്ച ലിസ്റ്റിലുള്ളത്. പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വൈകാതെ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
കരട് വോട്ടര്‍പട്ടിക 23നാണ് പ്രസിദ്ധീകരിക്കുകയെന്നും തിരിച്ചുവരാത്ത ഫോമുകളാണ് നിലവില്‍ പ്രസിദ്ധീകരിച്ചതെന്നും പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. രണ്ടും തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആദ്യമായിട്ടാണ് തിരിച്ചുവരാത്ത ഫോമുകള്‍ ഒരു സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്നതെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ വോട്ടര്‍മാരായി കയറാനുള്ള ഫോം 6 ഇപ്പോള്‍ ഓണ്‍ലൈനായി പൂരിപ്പിച്ച് നല്‍കാം. രാജ്യത്തിന് പുറത്ത് ജനിച്ചവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. അതിനുള്ള നടപടി കമ്മീഷന്‍ ആരംഭിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ സംവിധാനമൊരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
Adjust Story Font
16

