Quantcast

'നമ്മുടെ കുട്ടികളാണ്, ശബരിമലയ്ക്ക് പോവുകയാണ്...'; വിദ്യാർഥിനികൾക്ക് ആശംസകൾ നേർന്നും യാത്രയയപ്പേകിയും തൃശൂർ സർ സയ്യിദ് ഇം​ഗ്ലീഷ് സ്കൂൾ

സ്കൂളിൽ കറുപ്പ് വസ്ത്രം ധരിച്ച് വരാൻ‍ രണ്ടാഴ്ച മുമ്പ് രക്ഷിതാക്കൾ അനുമതി ചോദിക്കുകയും തങ്ങൾ സമ്മതിക്കുകയും ചെയ്തിരുന്നതായി പ്രിൻസിപ്പൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-11-24 15:51:54.0

Published:

24 Nov 2025 9:11 PM IST

Sir Syed English School Thrissur sends off greetings and wishes to the students going to Sabarimala
X

Photo|MediaOne

തൃശൂർ: ശബരിമല തീർഥാടനത്തിന് പോവുന്ന വിദ്യാർഥിനികൾക്ക് ആശംസകൾ നേർന്നും ആദരമർപ്പിച്ചും ഊഷ്മള യാത്രയയപ്പേകിയും തൃശൂരിലെ സ്കൂൾ. പാവറട്ടി സർ സയ്യിദ് ഇം​ഗ്ലീഷ് സ്കൂളാണ് ഒന്നാം ക്ലാസ് വിദ്യാർഥിനികളായ മിഥിലയ്ക്കും യോധ്യക്കും യാത്രയയപ്പേകിയത്.

ഇരുവർക്കും ഇന്ന് അസംബ്ലിയിൽ മിഠായികൾ സമ്മാനിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തതായി പ്രിൻസിപ്പൽ എം.പി അൻവർ സാദിഖ് മീഡിയവൺ ഓൺലൈനിനോട് പറഞ്ഞു. തുടർന്ന് പ്രിൻസിപ്പലിന്റെ ക്യാബിനിലേക്ക് വിളിച്ച് ചോക്കലേറ്റും പൂക്കളും നൽകുകയും ചെയ്തു.

നാളെയാണ് ഇരുവരും ശബരിമലയ്ക്ക് പോവുന്നത്. ഇതിന്റെ ഭാ​ഗമായി സ്കൂളിൽ കറുപ്പ് വസ്ത്രം ധരിച്ച് വരാൻ‍ രണ്ടാഴ്ച മുമ്പ് രക്ഷിതാക്കൾ അനുമതി ചോദിക്കുകയും തങ്ങൾ സമ്മതിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സ്കൂളിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലും കുട്ടികളെ ചേർത്തുപിടിച്ച് പ്രിൻസിപ്പൽ ആശംസ നേരുകയും പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്. 'ശബരിമല തീർഥാടനത്തിന് മിഥിലയ്ക്കും യോധ്യക്കും സർ സയ്യിദ് ഹൃദയംഗമമായ ആശംസകൾ നേരുന്നു. അവരുടെ സമർപ്പണത്തിനും ത്യാഗത്തി നും അഭിനന്ദിക്കുന്നു. അവരുടെ സുരക്ഷിതമായ യാത്രയ്ക്കും സംതൃപ്തമായ ആത്മീയാനുഭവത്തിനും വേണ്ടി പ്രാർഥിക്കുന്നു. ഈ തീർഥാടനം അവർക്ക് സമാധാനവും അനുഗ്രഹവും ശക്തിയും നൽകട്ടെ'- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇരുവർക്കും ആദരവും യാത്രയയപ്പും നൽകിയതിൽ രക്ഷിതാക്കൾ പ്രിൻസിപ്പലിനെ വിളിച്ച് നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്തു. സിബിഎസ്‌സി സ്കൂളായ ഇവിടെ നഴ്‌സറി മുതൽ ഹയർ സെക്കൻഡറി വരെ 1105 കുട്ടികളാണ് പഠിക്കുന്നത്.







TAGS :

Next Story