എസ്‌ഐആർ: മുസ്‌ലിം സമുദായ നേതൃത്വത്തെ കണ്ട് വി.ഡി സതീശൻ
കൂടിക്കാഴ്ചക്ക് പിറകേ മുസ്ലിം സംഘടനകൾ എസ്‌ഐആർ വിഷയത്തിൽ പ്രത്യേക ഇടപെടലിന് സംഘടനാ തലത്തിൽ നിർദേശം നൽകി

എസ്‌ഐറിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി വി.ഡി സതീശനൻ കൂടിക്കാഴ്ച നടത്തുന്നു. കെ.പി നൗഷാദലി സമീപം Photo- mediaonenews
കൊച്ചി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെ (എസ്ഐആർ) ഗൗരവമായി സമീപിക്കാൻ കെപിസിസി നേതൃയോഗം തീരുമാനമെടുത്തതിന് പിറകെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുസ്‌ലിം സമുദായ സംഘടനാ നേതാക്കളെ സന്ദർശിച്ചു.
കോഴിക്കോടും മലപ്പുറത്തുമായി മുസ്‌ലിം മത സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സതീശന്‍, എസ്ഐആർ നടപടികളെ ഗൗരവമായി പാർട്ടി കാണുന്നുണ്ടെന്നും ഇക്കാര്യത്തില്‍ മത സംഘടനകളുടെ കൂടി ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു. എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന നടപടി രാഷ്‌ട്രീയ പാർട്ടികളുടെ മാത്രം ഉത്തരവാദിത്തമായി കാണരുതെന്നും, മുഴുവൻ സംഘടനകളും സ്വന്തം നിലയിൽ അതിനു മുന്നിട്ടിറങ്ങണമെന്നും വി.ഡി സതീശൻ നേതാക്കളോട് അഭ്യർത്ഥിച്ചു.
എസ്ഐആറിന്റെ മറവിലുള്ള പൗരാവകാശ ലംഘനങ്ങൾക്കെതിരെ രാജ്യം മുഴുവൻ കോൺഗ്രസും, രാഹുൽഗാന്ധിയും നടത്തുന്ന പോരാട്ടത്തിന്റെ വിശദാംശങ്ങളും പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചകളിൽ പങ്കുവെച്ചു. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, മുജാഹിദ് (KNM) നേതാക്കളായ ടി.പി അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂർ, മുജാഹിദ് മർകസുദ്ദഅവ നേതാക്കള്‍, വിസ്ഡം ഗ്രൂപ്പ് നേതാക്കള്‍ തുടങ്ങിയവരെയാണ് സതീശന്‍ കണ്ടത്.
കൂടിക്കാഴ്ചക്ക് പിറകേ മുസ്‌ലിം സംഘടനകള്‍ എസ്ഐആർ വിഷയത്തില്‍ പ്രത്യേക ഇടപെടലിന് സംഘടനാ തലത്തില്‍ നിർദേശം നല്‍കി. സമസ്ത പ്രസിഡണ്ട് ജിഫ്രി തങ്ങൾ, പ്രസ്താവനയിലൂടെയും സംഘടനാ സർക്കുലർ വഴിയും ആഹ്വാനം നടത്തി. അവസാന വോട്ടറും പട്ടികയിൽ തിരിച്ചു കയറാൻ ആവശ്യമായ നടപടികൾക്ക് പ്രവർത്തകർ നേതൃത്വം നല്‍കണമെന്നാണ് നിർദ്ദേശം.
കാന്തപുരം വിഭാഗവും എസ് ഐ ആർ ഹെല്‍പ് ഡെസ്കുകളുമായി സജീവമാണ്. മുജാഹിദ് ഗ്രൂപ്പുകൾ വെള്ളിയാഴ്ച ഖുതുബ പ്രസംഗത്തില്‍ എസ് ഐ ആർ വിഷയം വിശദീകരിച്ചു. വിസ്‌ഡം, മർകസുദ്ദഅവ വിഭാഗങ്ങൾ പൊതുജനങ്ങൾക്കായി ഹെൽപ്പ് ഡസ്ക്കുകൾ തുറന്നു.
ഒരു പൊതുവിഷയത്തിൽ കോൺഗ്രസ് നേതൃത്വം നേരിട്ടിടപെട്ട് സമുദായ സംഘടനകളുടെ മെഷിനറി കൂടി പ്രയോജനപ്പെടുത്താൻ അഭ്യർഥിക്കുന്നത് ഇതാദ്യമാണ്. മലബാറിലെ സമുദായ നേതൃത്വങ്ങളുമായി വി.ഡി സതീശനുള്ള വ്യക്തിബന്ധവും ഇതിന് തുണയായി. ക്രൈസ്തവ സഭകളുമായും സതീശൻ ആശയവിനിമയം നടത്തിയിട്ടുണ്ട്. കെപി സി സി ജനറൽ സെക്രട്ടറി കെപി നൗഷാദ് അലിയും കൂടിക്കാഴ്ചകളില്‍ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.
Adjust Story Font
16

