Quantcast

മലപ്പുറം തേഞ്ഞിപ്പലത്ത് നടുറോഡിൽ മർദനമേറ്റ സഹോദരിമാര്‍ വനിത കമ്മീഷനും ഡി.ജി.പിക്കും പരാതി നൽകി

വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ച പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരായ അസ്നയും ഹംനയും പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 April 2022 12:27 PM GMT

മലപ്പുറം തേഞ്ഞിപ്പലത്ത് നടുറോഡിൽ മർദനമേറ്റ സഹോദരിമാര്‍ വനിത കമ്മീഷനും ഡി.ജി.പിക്കും പരാതി നൽകി
X

മലപ്പുറം തേഞ്ഞിപ്പലത്ത് നടുറോഡിൽ മർദനമേറ്റ സഹോദരിമാര്‍ വനിത കമ്മീഷനും ഡി.ജി.പിക്കും പരാതി നൽകി. വാഹനം തടഞ്ഞ് നിർത്തി ആക്രമിച്ച തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീറിന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരായ അസ്നയും ഹംനയും പറഞ്ഞു. പ്രതിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണത്തിനിടെ പൊലീസ് വീണ്ടും സഹോദരിമാരുടെ മൊഴിയെടുത്തു.

തിരൂരങ്ങാടി ചന്തപ്പടി സ്വദേശി ഇബ്രാഹിം ഷബീറിനെതിരെ നിസ്സാരവകുപ്പുകളാണ് ചുമത്തിയതെന്നാണ് സഹോദരിമാരുടെ പരാതി. നടുറോഡില്‍ മര്‍ദ്ദിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഗുരുതരമായ വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കണമെന്നാമാവശ്യപ്പെട്ട് വനിതകമ്മീഷനും ഡി ജി പിക്കും അസ്‌നയും സഹോദരി ഹംനയും പരാതി നല്‍കി. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികളുമായി മുന്നോട്ട് പോകാനാണ് സഹോദരിമാരുടെ തീരുമാനം.

പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്യാൻ ഡി.വൈ.എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി പറഞ്ഞു. അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിന് കാർ വിലങ്ങനെയിട്ട് ഇരുചക്ര വാഹനം തടഞ്ഞാണ് ഇബ്രാഹിം ഷബീർ കഴിഞ്ഞ ദിവസം സഹോദരിമാരെ ആക്രമിച്ചത്. മുസ്‍ലിം ലീഗ് പ്രാദേശിക നേതാവിന്‍റെ മകനാണ് പ്രതി ഇബ്രാഹിം ഷബീര്‍. പോലീസ് റിപ്പോർട്ട് ലഭിച്ചാൽ പ്രതിക്കെതിരെ നടപടി എടുക്കുമെന്ന് മോട്ടോർ വാഹനവകുപ്പും വ്യക്തമാക്കി

TAGS :

Next Story