നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം'; ഗൺമാന്മാരുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകി എസ്ഐടി
ആലപ്പുഴ ജില്ല കോടതിയാണ് കേസിലെ അഞ്ചുപ്രതികൾക്ക് മുൻകൂർജാമ്യം അനുവദിച്ചത്

കൊച്ചി: നവകേരള യാത്രക്കിടെ പ്രതിഷേധിക്കാരെ മർദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായിവിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥർക്കും ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കാൻ അപ്പീൽ നൽകി എസ്ഐടി. ആലപ്പുഴ ജില്ല കോടതിയാണ് കേസിലെ അഞ്ചുപ്രതികൾക്ക് മുൻകൂർജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചത്.
ആലപ്പുഴ ജില്ല സെഷൻസ് കോടതി ജഡ്ജി ഹണി. എം വർഗീസാണ് നേരത്തെ മുൻകൂർജാമ്യ ഹരജിയിൽ വിധി പറഞ്ഞത്. പിണറായിയുടെ ഗൺമാനായിരുന്ന അനിൽകുമാർ അടക്കം അഞ്ച് പ്രതികളാണ് കേസിലുള്ളത്. സുരക്ഷ ഉദ്യോഗസ്ഥരായ എസ് സന്ദീപ് , വിപിൻ, അരുൺ. ഷൈജു എന്നിവരാണ് മറ്റു പ്രതികൾ. എ.ഡി തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർക്കാണ് ക്രൂരമർദനമേറ്റത്. പ്രതികൾക്കെതിരെ നരഹത്യശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രതികൾ ആലപ്പുഴ ജില്ല സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിനു പിന്നിൽ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കെട്ടിച്ചമച്ച കേസാണെന്നുമാണ് പ്രതികളുടെ വാദം. എസ്ഐടി വന്നത് യുഡിഎഫ് അധികാരത്തിൽ എത്തിയ ശേഷമാണ്. അറസ്റ്റ് ചെയ്താൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുസമൂഹത്തിൽ അപമാനിതരാകുമെന്നും ജാമ്യാപേക്ഷയിലുണ്ട്. കേസിൽ പ്രതികളായ അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നിവർ നിലവിൽ സസ്പെൻഷനിലാണ്.
Adjust Story Font
16

