ശബരിമല സ്വർണക്കൊള്ള; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം
സ്വർണക്കൊള്ളയുമായിബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പുതിയ കേസെടുക്കും

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. അടച്ചിട്ട കോടതി മുറിയിൽ നേരിട്ട് ഹാജരായാണ് എസ്ഐടി മുദ്രച്ച കവറിൽ റിപ്പോർട്ട് കൈമാറിയത്. സ്വർണക്കൊള്ളയുമായിബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പുതിയ കേസെടുക്കും.
സർക്കാർ, ദേവസ്വം അഭിഭാഷകരെ പുറത്താക്കി എസ്ഐടി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞ് ഹൈക്കോടതി. അടച്ചിട്ട മുറിയിലാണ് കോടതി നടപടികൾ. ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക വിവരങ്ങൾ. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്യും.
അന്വേഷണം തുടങ്ങി 10 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് എസ്ഐടി തലവൻ എസ് ശശിധരൻ ഐപിഎസ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിച്ചത്. മുദ്രവച്ച കവറിൽ ഇടക്കാല റിപ്പോർട്ട് ദേവസ്വം ബെഞ്ചിന് കൈമാറി. ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരും ഹൈക്കോടതിയിൽ ഹാജരായി. അഭിഭാഷകരെയും മറ്റും ഒഴിവാക്കി എസ്ഐടി ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും മാത്രമുള്ള അടച്ചിട്ട കോടതി മുറിയിൽ ആയിരുന്നു നടപടികൾ. കേസിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ, പുതിയ ഹരജി കൂടി ഹൈക്കോടതി ഫയലിൽ സ്വീകരിക്കും. നിലവിലെ ഹരജിയിൽ കക്ഷികളായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്നിവരെ പുതിയ ഹരജിയിൽ നിന്ന് ഒഴിവാക്കും.
Adjust Story Font
16

