തൃശൂരിൽ വെടിക്കെട്ട് മുടക്കിയ കേന്ദ്ര നിയമത്തിന് പിന്നിൽ ശിവകാശി ലോബി; തിരുവമ്പാടി ദേവസ്വം
വിഷയത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആവശ്യപ്പെട്ടു

തൃശൂര്‍: തൃശൂരിൽ വെടിക്കെട്ട് മുടക്കിയ കേന്ദ്ര നിയമത്തിന് പിന്നിൽ ശിവകാശി ലോബിയെന്ന് തിരുവമ്പാടി ദേവസ്വം. കേന്ദ്ര ഏജൻസിയായ പെസോയുടെ നിയമമാണ് വെടിക്കെട്ട് മുടക്കിയത്. വിഷയത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആവശ്യപ്പെട്ടു.
തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മന്ത്രിമാരുള്ളത്. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഉണ്ട്. വെടിക്കെട്ട് മുടക്കുന്നത് ശിവകാശി ലോബിയാണ്. ആരാണ് ശിവകാശിയെ സംരക്ഷിക്കുന്നത്. തൃശൂർ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിത്. പൂരം നടക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് വേലയുടെ വെടിക്കെട്ടും നടക്കുന്നത്. പൂരം നടക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് വേലയുടെ വെടിക്കെട്ടും നടക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഗിരീഷ് കുമാര്‍ അറിയിച്ചു.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വേലകളുടെ വെടിക്കെട്ടിനാണ് അനുമതി നിഷേധിച്ചത്. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം വെടിക്കെട്ടിന് അനുമതി നൽകാൻ ആവില്ലെന്നാണ് ജില്ലാ കലക്ടറുടെ മറുപടി. വെടിക്കെട്ട് നടക്കുന്ന സ്ഥലവും വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലവും തമ്മിലുള്ള ദൂരപരിധിയും 250 മീറ്റർ ചുറ്റളവിൽ ആശുപത്രിയും സ്കൂളും പെട്രോൾ പമ്പും പാടില്ലെന്ന വ്യവസ്ഥയുമാണ് തടസമാകുന്നത്.
അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നിശ്ചയിച്ചിരിക്കുന്നത്. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻ കാട് മൈതാനിയിൽ തന്നെയാണ് വെടിക്കെട്ട് നടക്കേണ്ടിയിരുന്നത് . ഇത് തൃശൂർ പൂരം വെടിക്കെട്ടിനെയും ബാധിക്കുമോ എന്ന് ആശങ്കയിലാണ് ദേവസ്വങ്ങൾ.
Adjust Story Font
16

