Quantcast

മീൻ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; മൂവാറ്റുപുഴയിൽ പരിശോധന, ആറ് കിലോ പഴകിയ മീൻ നശിപ്പിച്ചു

പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

MediaOne Logo

Web Desk

  • Published:

    11 May 2022 1:31 AM GMT

മീൻ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; മൂവാറ്റുപുഴയിൽ പരിശോധന, ആറ് കിലോ പഴകിയ മീൻ നശിപ്പിച്ചു
X

കൊച്ചി: മൂവാറ്റുപുഴയിൽ മീൻ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് നഗരത്തിൽ വ്യാപക പരിശോധന. ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പഴകിയ ആറ് കിലോ മത്സ്യം നശിപ്പിച്ചു.ഞായറാഴ്ച കീച്ചേരിപ്പടിയിലെ മത്സ്യ വിൽപന ശാലയിൽ നിന്നുള്ള മീൻ വാങ്ങിക്കഴിച്ച മൂവാറ്റുപുഴ, പെരുമറ്റം എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങളിലെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി യിലും മറ്റൊരു കുട്ടിയെ മൂവാറ്റു പുഴയിലെ സ്വകാര്യ ആശുപത്രി യിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മീനിൽ നിന്നാണു ഭക്ഷ്യവിഷബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

മീൻ കഴിച്ച ശേഷം ഛർദിയും വയറിളക്കവുമുണ്ടായി അവശ നിലയിലാവുകയായിരുന്നു. സംഭവത്തേ തുടർന്ന് നഗരത്തിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി. റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ അമോണിയയും ഫോർമാലിനും കണ്ടെത്താനായില്ല. കീച്ചേരിപ്പടിയിലെ ഒരു കടയിൽ നിന്ന് പഴകിയ ആറ് കിലോ ചാള ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കായി മത്സ്യത്തിന്റെ സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്.

TAGS :

Next Story