സ്‌കൂൾ സമയമാറ്റം: വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണം- എസ്‌കെഎസ്എസ്എഫ്
സമയമാറ്റത്തിനെതിരെ സമസ്ത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. വിഷയത്തിൽ പരാതി ലഭിച്ചില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

കോഴിക്കോട് : സ്‌കൂൾ സമയമാറ്റം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി ചർച്ചക്ക് തയ്യാറാകണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വിഷയത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ജൂൺ 11-ന് തിരുവനന്തപുരത്ത് സമസ്തയുടെ നിവേദനം വാർത്താ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയതാണെന്നും ഗൗരവതരമായ ഈ വിഷയത്തിൽ ഒളിച്ചുകളിക്കുന്നതിന് പകരം ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. വിവാദ വിഷയത്തിൽ ചർച്ച്ക്ക് അവസരം നൽകാതെ ഏകപക്ഷീയമായി സമയമാറ്റം നടപ്പിലാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
അരമണിക്കൂർ വർധിപ്പിക്കുകയും അത് സൗകര്യാനുസരണം രാവിലെയോ വൈകുന്നേരമോ ആകാമെന്ന സ്വാതന്ത്ര്യം നൽകുകയും ചെയ്തതിനാൽ ചില വിദ്യാലയങ്ങൾ അരമണിക്കൂറും രാവിലെത്തന്നെ ഉപയോഗപ്പെടുത്തുന്നത് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. കൃത്യമായ മാർഗനിർദേശങ്ങൾ ലഭിക്കാത്തതിനാൽ സ്‌കൂൾ അധികൃതരും ആശയക്കുഴപ്പത്തിലാണ്. എല്ലാവരോടും കൂടിയാലോചിച്ചു മാത്രമേ സമയമാറ്റം നടപ്പിലാക്കൂ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ നേരത്തെയുള്ള പ്രസ്താവന പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സമയമാറ്റം നടപ്പിലാക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകിയത് ശരിയല്ല. സമയമാറ്റം വരുമ്പോൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ മത വിദ്യാഭ്യാസത്തിന് ആവശ്യമായ സമയം ലഭിക്കാതെ പോവുകയാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ച് സാഹസപ്പെട്ട് സ്‌കൂളിൽ എത്തുന്ന രക്ഷിതാക്കളായ സ്‌കൂൾ അധ്യാപകർക്കും വിദൂരസ്ഥലങ്ങളിൽനിന്ന് വരുന്ന വിദ്യാർഥികൾക്കും യാത്രാസൗകര്യമില്ലാത്ത ഗ്രാമങ്ങളിൽനിന്ന് സ്‌കൂളിൽ എത്തിച്ചേരേണ്ടവർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഉള്ള സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പകരം സമയം വർധിപ്പിച്ച് അധ്യാപകരുടെയും വിദ്യാർഥികളുടെയും മാനസിക സമ്മർദം വർധിപ്പിക്കുന്ന അശാസ്ത്രീയമായ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അല്ലാത്തപക്ഷം ശക്തമായപ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു, അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ആഷിഖ് കുഴിപ്പുറം, ശമീർ ഫൈസി ഒടമല, അബ്ദുൽ ഖാദിർ ഹുദവി എറണാകുളം, പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സി.ടി ജലീൽ മാസ്റ്റർ പട്ടർകുളം, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുറൂർ പാപ്പിനിശ്ശേരി, നസീർ മൂരിയാട്, മുഹിയദ്ധീൻ കുട്ടി യമാനി പന്തിപ്പോയിൽ, അലി അക്ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, ഫാറൂഖ് ഫൈസി മണിമൂളി, ഡോ. അബ്ദുൽ ഖയ്യൂം കടമ്പോട്, ഷാഫി ആട്ടീരി, അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, മുഹമ്മദലി മുസ്‌ലിയാർ കൊല്ലം എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും വർക്കിങ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
Adjust Story Font
16

