Quantcast

'സുന്നി പ്രസ്ഥാനത്തെ ഇകഴ്ത്തുന്ന നിലപാടുള്ളവരെ ഉയർത്തിക്കാട്ടുന്നത് ഭൂഷണമല്ല'; കെ.എം ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി എസ്‌കെഎസ്എസ്എഫ്

കെ.എം ഷാജി കാസർകോട് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി വിമർശനവുമായി രംഗത്തെത്തിയത്

MediaOne Logo
KM Shaji facebook post on Waqf amendment bill
X

കാസർകോട്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി എസ്‌കെഎസ്എസ്എഫ്. നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ സജീവമായതോടെ കെ.എം ഷാജി കാസർകോട് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി വിമർശനവുമായി രംഗത്തെത്തിയത്.

''നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നത് സ്വാഭാവികമാണ്. ചിലർ സ്ഥാനാർഥി കുപ്പായം ധരിച്ച് മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വ്യക്തിപരമായ പ്രചാരണങ്ങൾ ശക്തമാക്കുന്ന തിരക്കിലാണെന്നതും ഇന്നത്തെ യാഥാർഥ്യമാണ്. എന്നാൽ രാഷ്ട്രീയ യാഥാർഥ്യം നാം തിരിച്ചറിയണം. ബിജെപിയോട് നേരിട്ട് ഫൈറ്റ് നടക്കുന്ന മണ്ഡലങ്ങളാണ് മഞ്ചേശ്വരവും കാസർകോടും. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താൻ യഥാർഥ വിജയസാധ്യത യുഡിഎഫിനാണ് എന്നത് അനുഭവവും ചരിത്രവും വ്യക്തമാക്കുന്നു. അങ്ങനെയിരിക്കെ, യുഡിഎഫ് നിർത്തുന്ന സ്ഥാനാർഥി പൊതുസമ്മതനും വിശാല ജനവിഭാഗങ്ങൾക്ക് സ്വീകരണീയനുമായിരിക്കണം. വ്യക്തിപരമായ ആഗ്രഹങ്ങളേക്കാൾ മുന്നണി താത്പര്യവും രാഷ്ട്രീയ ബുദ്ധിയും മുൻനിർത്തേണ്ട സമയമാണിത്.

കാസർകോട് ജില്ലയിൽ തന്നെ മുസ്‌ലിം ലീഗിന്റെ ജില്ലാ നേതൃനിരയിൽ പ്രഗത്ഭരും പ്രവർത്തന പരിചയവും ജനപിന്തുണയും ഉള്ള നിരവധി നേതാക്കൾ ഉണ്ടെന്നിരിക്കെ, സുന്നി പ്രസ്ഥാനത്തെയും നേതാക്കളെയും ഇകഴ്ത്തുന്ന നിലപാടുകളുള്ളവരുടൈ പേരുകൾ ഉയർത്തിക്കാട്ടുന്നത് ഒരിക്കലും ഭൂഷണമല്ല. അത്തരം സമീപനങ്ങൾ ഐക്യത്തെ ദുർബലപ്പെടുത്തുകയും ബിജെപിക്ക് ഗുണം ചെയ്യുകയും ചെയ്യും എന്നത് മറക്കരുത്. ഐക്യമാണ് ശക്തി...പൊതുസമ്മതമാണ് വിജയം...''- ഇർഷാദ് ഹുദവി ഫേസ്ബുക്കിൽ കുറിച്ചു.

TAGS :

Next Story