മുന്നണികൾക്ക് മുന്നിൽ ആറ് ആവശ്യങ്ങൾ സമർപ്പിച്ച് എസ്‌കെഎസ്എസ്എഫ്
ജാതി സെൻസസ് നടപ്പാക്കണം, വിദ്വേഷ പ്രചാരണ വിരുദ്ധ നിയമം വേണം തുടങ്ങിയ ആവശ്യങ്ങളാണ് എസ്കെഎസ്എസ്എഫ് ഭാരവാഹികൾ എൽഡിഎഫ്, യുഡിഎഫ് നേതാക്കളെ കണ്ട് ഉന്നയിച്ചത്

- Published:
27 Feb 2026 5:10 PM IST

കോഴിക്കോട്: കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ തുല്യനീതി ഉറപ്പാക്കുന്നതിനും വികസന പദ്ധതികൾ അർഹരായവരിലേക്ക് എത്തിക്കുന്നതിനും ഇരു മുന്നണികൾക്കും മുന്നിൽ സുപ്രധാന ആവശ്യങ്ങൾ സമർപ്പിച്ചതായി എസ്‌കെഎസ്എസ്എഫ്. യുഡിഎഫ്, എൽഡിഎഫ് നേതാക്കളെ കണ്ട് എസ്‌കെഎസ്എസ്എഫ് നേതാക്കൾ ചർച്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കുന്ന പ്രകടനപത്രികയിൽ ജാതി സെൻസസ്, വിദ്വേഷ പ്രചാരണ വിരുദ്ധ നിയമം, കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്‌സ് ഉൾപ്പടെയുള്ള ആവശ്യങ്ങളാണ് ഉന്നയിച്ചത്.
- ജാതി സെൻസസ് അടിയന്തരമായി നടപ്പിലാക്കുക
സംസ്ഥാനത്തെ വിവിധ സമുദായങ്ങളുടെ കൃത്യമായ സാമൂഹിക-സാമ്പത്തിക നിലവാരം അളക്കുന്നതിന് ജാതി സെൻസസ് അനിവാര്യമാണ്. 2011-ലെ സെൻസസ് വിവരങ്ങൾ നിലവിൽ കാലഹരണപ്പെട്ടതാണ്. ബിഹാർ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ജാതി സർവേ നടത്തിക്കഴിഞ്ഞു. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ കൃത്യമായി ബോധ്യപ്പെടാൻ ശാസ്ത്രീയമായ കണക്കുകൾ ആവശ്യമാണ്. എങ്കിൽ മാത്രമേ ഭരണഘടനാപരമായ സംവരണാനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് കൃത്യമായി ലഭ്യമാക്കാൻ സാധിക്കൂ. കേരളം ഈ കാര്യത്തിൽ പുലർത്തുന്ന വിമുഖത പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനാൽ, രാഷ്ട്രീയ ലാഭങ്ങൾക്കപ്പുറം സാമൂഹിക നീതി മുൻനിർത്തി കേരളത്തിൽ ജാതി സെൻസസ് പ്രഖ്യാപിക്കണം.
- വിദ്വേഷ പ്രചാരണ വിരുദ്ധ നിയമം
കേരളത്തിന്റെ മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകളും സമൂഹ മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണങ്ങളും വർധിച്ചു വരികയാണ്. നിലവിലെ നിയമങ്ങൾ പലപ്പോഴും ഇത്തരം കുറ്റകൃത്യങ്ങളെ തടയാൻ അപര്യാപ്തമാണ്. മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ കർക്കശമായ വ്യവസ്ഥകളുള്ള പ്രത്യേക വിദ്വേഷ വിരുദ്ധ നിയമം സംസ്ഥാനത്ത് നടപ്പിലാക്കണം.
- മലപ്പുറത്ത് സർക്കാർ കാൻസർ സെന്റർ
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. എന്നാൽ വിദഗ്ധ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിൽ ജില്ല ഇന്നും പിന്നാക്കമാണ്. മലബാർ മേഖലയിലെ കാൻസർ രോഗികൾക്ക് നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിനെയോ തലശ്ശേരി മലബാർ കാൻസർ സെന്ററിനെയോ ആണ് ആശ്രയിക്കേണ്ടി വരുന്നത്. മലപ്പുറത്ത് ഒരു പ്രത്യേക കാൻസർ സെന്റർ സ്ഥാപിക്കുന്നത് ചികിത്സാ സൗകര്യം വികേന്ദ്രീകരിക്കാനും രോഗികൾക്ക് ആശ്വാസം നൽകാനും സഹായിക്കും.
- സംവരണ പുനർനിർണയവും ഇവിഎസ് ആനുകൂല്യങ്ങളും
നിലവിലെ സംവരണ വിഭാഗങ്ങൾക്കിടയിലുള്ള വിവേചനം പരിഹരിക്കപ്പെടണം. സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോൾ അത് ജാതി-മത ഭേദമന്യേ എല്ലാ വിഭാഗങ്ങളിലെയും അർഹരായ പാവപ്പെട്ടവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ആനുകൂല്യങ്ങൾ അർഹരല്ലാത്തവരിലേക്ക് ചോർന്നുപോകുന്നത് തടയാൻ ജാതി സെൻസസ് ഡാറ്റ സഹായകമാകും.
- കോഴിക്കോട്ട് സെക്രട്ടേറിയറ്റ് അനക്‌സ്
കാസർകോട് മുതൽ പാലക്കാട് വരെയുള്ള മലബാർ മേഖലയിലെ ജനങ്ങൾക്ക് ഭരണപരമായ ആവശ്യങ്ങൾക്കായി തിരുവനന്തപുരം വരെ യാത്ര ചെയ്യേണ്ടി വരുന്നത് സമയനഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു സെക്രട്ടേറിയറ്റ് അനക്‌സ് സ്ഥാപിക്കുന്നത് ഭരണകൂടത്തെ ജനങ്ങളിലേക്ക് എത്തിക്കാനും ഉത്തരകേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കും.
- വഖ്ഫ് പെൻഷൻ പരിഷ്‌കരണം
വഖ്ഫ് ബോർഡിന് കീഴിലുള്ള പെൻഷൻ ഗുണഭോക്താക്കൾക്ക് അർഹമായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. വരുമാനത്തിന്റെ വലിയൊരു വിഹിതം ബോർഡ് പ്രവർത്തനങ്ങൾക്ക് മാത്രമായി ചെലവഴിച്ച് തീർക്കുകയാണ്. ഇത് ക്രിയാത്മകമായി ചെലവഴിക്കാൻ ശ്രമിക്കണം.
കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ഇത്തരം സുപ്രധാന വിഷയങ്ങൾ നടപ്പിലാവണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എം.ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം എംപി, ബെന്നി ബഹനാൻ എംപി തുടങ്ങിയവർക്ക് സംഘടന തയ്യാറാക്കിയ മാർഗരേഖ സമർപ്പിച്ചു.
Adjust Story Font
16
