'രോഗികളെ മാറ്റിയത് ചങ്ങലയിട്ട് പൂട്ടിയ എമർജൻസി ഡോറുകൾ ചവിട്ടിപ്പൊളിച്ച്'; സുരക്ഷാ ജീവനക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണം
മരണകാരണം കാഷ്വാലിറ്റിയിലെ പുകയല്ലെന്ന പ്രിന്‍സിപ്പലുടെ വാദം തള്ളി മരിച്ച നസീറയുടെ ബന്ധുക്കള്‍

കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സമയത്ത് എമർജൻസി ഡോറുകൾ പ്രവർത്തിച്ചില്ലെന്ന് മരിച്ച വയനാട് സ്വദേശി നസീറയുടെ ബന്ധുക്കൾ. എമർജൻസി ഡോറുകൾ ചങ്ങലയിട്ട്പൂട്ടിയ നിലയിലായിരുന്നു. എമർജൻസി ഡോറുകൾ ചവിട്ടിപ്പൊളിച്ചാണ് രോഗികളെ മാറ്റിയതെന്നും നസീറയുടെ ബന്ധുക്കൾ മീഡിയവണിനോട് പറഞ്ഞു. അപകടസമയത്ത് സെക്യൂരിറ്റി സ്റ്റാഫുകൾ തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ ആരോപിച്ചു.
'അപകടസമയത്തിന് മുന്നെ അരമണിക്കൂർ മുൻപ് കറണ്ട് പോയി. പൊട്ടലും ചീറ്റലും കേട്ടിരുന്നു.സിസ്റ്റർമാരും ഡോക്ടർമാരും കൂടെയുണ്ടായിരുന്നു. വെന്റിലേറ്ററിൽ നിന്ന് എടുത്തത് കൊണ്ടാണ്' നസീറ മരിച്ചതെന്നും സഹോദരൻ ആരോപിച്ചു. രോഗികളെ മാറ്റുന്ന സമയത്ത് ട്രോളി വരെ ബന്ധുക്കളും കൂട്ടിരിപ്പുകാരുമാണ് പിടിച്ചുമാറ്റിയതെന്ന് നസീറയുടെ മകൻ പറഞ്ഞു.
നസീറ (44),ഗോപാലൻ (55),ഗംഗ (34), ഗംഗാധരൻ (70) എന്നിവരാണ് അപകടസമയത്ത് മാറ്റുന്നതിനിടെ മരിച്ചത്.വെൻ്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്. അതേസമയം, കാഷ്വാലിറ്റിയിലെ പുക കാരണമല്ല നാലുരോഗികൾ മരിച്ചതെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞത്. മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു.മരിച്ചവരിൽ രണ്ടുപേർ കാൻസർ രോഗികളും ഒരാൾ കരൾ രോഗിയുമായിരുന്നു.അപകട സമയത്ത് മരിച്ച നാല് പേരുടെ മരണകാരണം ഈ സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിൻസിപ്പൽ അറിയിച്ചു. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളുകയാണ് മരിച്ചവരുടെ ബന്ധുക്കള്‍.
ഇന്നലെ രാത്രി 7 45 ഓടെയാണ്കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്.ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കൽ കോളേജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു.
Adjust Story Font
16

