Quantcast

അഴിമതിക്ക് വേണ്ടി സോളാർ പ്ലാന്റുകൾ ഇല്ലാതാക്കരുത്, ചട്ടഭേദഗതി പിൻവലിക്കണം; വി.ഡി സതീശൻ

''വൈദ്യുതി ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കേണ്ട വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സ്വകാര്യ കമ്പനികളെ സഹായിച്ച് അഴിമതിക്ക് അവസരമുണ്ടാക്കി കൊടുക്കരുത്''

MediaOne Logo

Web Desk

  • Published:

    12 July 2025 5:20 PM IST

അഴിമതിക്ക് വേണ്ടി സോളാർ പ്ലാന്റുകൾ ഇല്ലാതാക്കരുത്, ചട്ടഭേദഗതി പിൻവലിക്കണം; വി.ഡി സതീശൻ
X

തിരുവനന്തപുരം: സംസ്ഥാനത്തെ സോളാര്‍ വൈദ്യുതി പ്ലാന്റുകളുമായി ബന്ധപ്പെട്ട പുനരുപയോഗ ഊര്‍ജ്ജ ചട്ടഭേദഗതി പിന്‍വലിക്കാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷനും സര്‍ക്കാരും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

മൂന്നു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാളി സ്ഥാപിക്കുന്നതിന് ത്രീ ഫേസ് കണക്ഷന്‍ വേണമെന്നും അഞ്ച് കിലോവാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കുന്നര്‍ 30 ശതമാനം ബാറ്ററിയില്‍ സംഭരിക്കണമെന്നുമാണ് കരട് ചട്ടഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതു കൂടാതെ ഉല്‍പാദിപ്പിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിക്കും ഒരു രൂപ വീതം കെ.എസ്.ഇ.ബിക്ക് ചുങ്കം നല്‍കണമെന്നും മൂന്നു കിലോ വാട്ടിന് മുകളില്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് നെറ്റ് മീറ്ററിങ് ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതൊന്നും അംഗീകരിക്കാനാകില്ല.

ചട്ടഭേദഗതി നിലവില്‍ വന്നാല്‍ സംസ്ഥാനത്ത സോളാര്‍ പ്ലാന്റുകളെല്ലാം പൂട്ടേണ്ടി വരും. വിപണിയില്‍ ലഭ്യമല്ലാത്ത രണ്ടു കമ്പനികളുടെ ബാറ്ററികള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പിന്നിലും അഴിമതിയുണ്ടെന്നു വേണം കരുതാന്‍. വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കേണ്ട വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ സ്വകാര്യ കമ്പനികളെ സഹായിച്ച് അഴിമതിക്ക് അവസരമുണ്ടാക്കി കൊടുക്കരുത്.

വൈദ്യുതി വകുപ്പും വകുപ്പ് മന്ത്രിയും സര്‍ക്കാരും അറിയാതെ ഇത്തരമൊരു നീക്കം നടക്കുമെന്ന് കരുതാനാകില്ല. സര്‍ക്കാരും റെഗുലേറ്ററി അതോറിട്ടിയും ജനവിരുദ്ധ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story