'ഇനിയൊരിക്കൽ ആ ജയിൽ കവാടങ്ങൾ തുറക്കപ്പെടുമ്പോൾ എനിക്കെന്റെ ഉമ്മയുടെ അടുത്തേക്ക് ഓടണം'; വിചാരണാ തടവിലുള്ള സകരിയയുടെ വാക്കുകൾ
ഒരു ആയുസിന്റെ വലിയൊരു ഭാഗം അഴികൾക്കുള്ളിൽ തീർന്നിട്ടും അവർ തോറ്റുപോയിട്ടില്ലെന്നും ഈ പോരാട്ടം ഉറപ്പായും വിജയം കാണുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് തങ്ങളോരോരുത്തരുമെന്നും തൗഫീഖ് മമ്പാട് പറയുന്നു.

- Updated:
2026-01-28 14:41:23.0

കോഴിക്കോട്: 'ഇനിയൊരിക്കൽ ആ ജയിൽ കവാടങ്ങൾ തുറക്കപ്പെടുമ്പോൾ എനിക്ക് എന്റെ ഉമ്മയുടെ അടുത്തേക്ക് ഓടണം. ഉമ്മയ്ക്ക് ഇപ്പോൾ നല്ല ക്ഷീണമുണ്ട്. ഒരുപാട് തളർന്നിട്ടുണ്ട് ഉമ്മ. എനിക്കിനി ആ കാൽക്കൽ ഇരുന്ന് ഉമ്മയെ പരിചരിക്കണം. അതൊന്ന് മാത്രമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം'- ബംഗളൂരൂ സ്ഫോടന കേസിൽ 17 വർഷമായി വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന സകരിയയുടെ വാക്കുകളാണ്. അഗ്രഹാരയുടെ ഇരുമ്പഴികൾക്കിപ്പുറം നിന്ന് സകരിയ ഇത് പറയുമ്പോൾ ആ വാക്കുകളിൽ ഒരായുസിന്റെ വിങ്ങലുണ്ടായിരുന്നെന്ന് അദ്ദേഹത്തെ സന്ദർശിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു.
'2009 ഫെബ്രുവരി അഞ്ചിന് തുടങ്ങിയതാണ് ആ കാത്തിരിപ്പ്. യുവത്വം പൂർണമായും തടവറയിൽ ഹോമിക്കപ്പെട്ട ഒരു മനുഷ്യൻ, തന്റെ വാർധക്യത്തിലെത്തിയ ഉമ്മയെ ശുശ്രൂഷിക്കാൻ കൊതിക്കുന്ന ആ നിമിഷം കണ്ടുനിന്ന തങ്ങളുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. നീണ്ട 17 വർഷങ്ങൾ ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്ന് മായ്ച്ചുകളഞ്ഞത് എത്ര വലിയ സ്വപ്നങ്ങളെയാവാം! അഗ്രഹാര ജയിലിലേക്കുള്ള ഓരോ യാത്രയും നീതിക്കായി ദാഹിക്കുന്ന മനസുകളുടെ നേർക്കാഴ്ചയാണ്. നീണ്ട ക്യൂവിന് ശേഷം കഠിനമായ സുരക്ഷാ പരിശോധനകളും ദേഹപരിശോധനയും കൈകളിൽ പതിക്കുന്ന സീലുകളും കടന്ന് ആ ഇരുണ്ട ലോകത്തേക്ക് പ്രവേശിക്കുമ്പോൾ മനസിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു'- കുറിപ്പിൽ പറയുന്നു.
'യുഎപിഎ കരിനിയമത്തിന്റെ തടവറയിൽ ഇത്രയും കാലം പിന്നിട്ടിട്ടും അവരുടെ മുഖങ്ങളിൽ കണ്ട ആത്മവിശ്വാസവും തെളിച്ചവും ഞങ്ങളെ അമ്പരപ്പിച്ചു. ആ കൂടിക്കാഴ്ചയ്ക്കിടെ കണ്ട മറ്റൊരു കാഴ്ച കണ്ണുനിറയ്ക്കുന്നതായിരുന്നു. കണ്ണൂർ സ്വദേശി ഷമീറിന്റെ ഉമ്മ കൊടുത്തുവിട്ട ഫ്രൂട്ട്‌സുകൾക്കിടയിൽ തന്റെ മകനായി ആ ഉമ്മ പ്രത്യേകം കരുതിവെച്ച ഏതാനും ഈത്തപ്പഴങ്ങൾ ഉണ്ടായിരുന്നു. സഹോദരൻ ഷാഹിർ ആ ഈത്തപ്പഴങ്ങൾ ഷമീറിന് കൈമാറുമ്പോൾ, അതിൽ ഒരു ഉമ്മയുടെ സ്നേഹവും പ്രാർത്ഥനയും പ്രതീക്ഷയുമെല്ലാം അലിഞ്ഞുചേർന്നിരുന്നു. തടവറയുടെ മതിലുകൾക്കും തകർക്കാൻ കഴിയാത്ത ആ സ്നേഹബന്ധങ്ങൾ നീതിക്കായുള്ള അവരുടെ പോരാട്ടത്തിന് കരുത്തേകുന്നു'.
നീണ്ട 17 വർഷങ്ങൾ... ഒരു ആയുസിന്റെ വലിയൊരു ഭാഗം അഴികൾക്കുള്ളിൽ തീർന്നിട്ടും അവർ തോറ്റുപോയിട്ടില്ലെന്നും ഈ പോരാട്ടം ഉറപ്പായും വിജയം കാണുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് തങ്ങളോരോരുത്തരുമെന്നും തൗഫീഖ് മമ്പാട് പറയുന്നു. നീണ്ട 17 വർഷത്തെ നിയമ പോരാട്ടം അതിൻ്റെ അവസാന ഘട്ടത്തിലാണെന്നും ഭരണകൂട വേട്ടയ്ക്കിരയാകുന്നവർക്കായി നിലകൊള്ളുക എന്നത് സോളിഡാരിറ്റിയുടെ മൗലിക ദൗത്യമാണെന്നും തൗഫീഖ് മമ്പാട്. പ്രാർഥനയോടെ കാത്തിരിക്കുന്ന ഉമ്മമാരുടെ അടുത്തേക്ക് അവർ തിരികെയെത്തുന്ന ആ പുലരിക്കായി ഒന്നിച്ച് നിൽക്കാം. നീതിയുടെ വാതിലുകൾ തുറക്കപ്പെടുക തന്നെ ചെയ്യും- തൗഫീഖ് മമ്പാട് കൂട്ടിച്ചേർത്തു.
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ, സെക്രട്ടറി ഷബീർ കൊടുവള്ളി, നിയമപോരാട്ടം നയിക്കുന്ന അഡ്വ. റഹ്മാൻ ഇരിക്കൂർ, എപിസിആർ സെക്രട്ടറി നൗഷാദ് സി.എ, മഖ്തൂബ് മീഡിയ ഡെപ്യൂട്ടി എഡിറ്റർ ഷഹീൻ അബ്ദുല്ല, ആക്ടിവിസ്റ്റ് സാദിഖ് ഉളിയിൽ, ഷമീറിന്റെ സഹോദരൻ ഷാഹിർ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് സകരിയയെയും ഷമീറിനെയും ഷറഫുവിനെയും ഷുഹൈബിനെയും മുജീബിനെയും ഇബ്രാഹിം മൗലവിയെയും നേരിൽ കണ്ടതെന്നും കുറിപ്പിൽ വിശദമാക്കുന്നു.
Adjust Story Font
16
