Quantcast

ഹത്രാസ് മോഡൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് വ്യാജ വാർത്ത; ചാനലിനും ഓൺലൈൻ പോർട്ടലിനുമെതിരെ നിയമ നടപടിയുമായി സോളിഡാരിറ്റി

വ്യാജ വാർത്ത പിൻവലിച്ച് മാപ്പു പറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്

MediaOne Logo

Web Desk

  • Published:

    20 Sept 2025 3:54 PM IST

ഹത്രാസ് മോഡൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് വ്യാജ വാർത്ത; ചാനലിനും ഓൺലൈൻ പോർട്ടലിനുമെതിരെ നിയമ നടപടിയുമായി സോളിഡാരിറ്റി
X

കോഴിക്കോട്: അസം ബുൾഡോസർ രാജ് ഇരകളെ സന്ദർശിച്ച നേതാക്കൾക്കെതിരെ വ്യാജ വാർത്ത ചമച്ച ജനം ടിവിക്കും കർമ ന്യൂസിനും എതിരെ നിയമനടപടി സ്വീകരിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. വ്യാജ വാർത്ത പിൻവലിച്ച് മാപ്പു പറയണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. ബുൾഡോസർ രാജിൻ്റെ ഇരകളെ സന്ദർശിക്കുന്നതിനും വീടുകൾ നഷ്ടപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി അസം സന്ദർശിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, സജീദ് പി.എം എന്നിവർ ഹത്രാസ് മോഡൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് ജനം ടിവിയും കർമയും വാർത്ത നൽകിയത്.

ആയിരക്കണക്കിന് വീടുകൾ അസമിലെ ഹിന്ദുത്വ സർക്കാർ ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു. വിദേശികളെന്ന് മുദ്രകുത്തിയും വനഭൂമിയും പൊതുഭൂമിയും കൈയേറിയെന്നും ആരോപിച്ചാണ് മുന്നറിയിപ്പില്ലാതെ വീടുകൾ തകർത്തത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാനോ പുനരധിവസിപ്പിക്കാനോ തയാറാവാത്ത സംഘ്പരിവാർ ഭരണകൂടം മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുകയാണെന്ന് അസം പൊലീസിൻ്റെ തടങ്കലിൽനിന്ന് തിരിച്ചെത്തിയ നേതാക്കൾ പറഞ്ഞു. വ്യാപക വീട് തകർക്കൽ നടന്ന ദുബ്രിയിൽ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു നേതാക്കളെ കസ്റ്റഡിയിലെടുത്തത്.

ഉത്തർപ്രദേശിലെ ഹഥ്റാസിൽ പത്തൊൻപതുകാരിയായ ദലിത് യുവതിയെ സവർണരായ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് മരണാസന്നയാക്കുകയും, രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം മരണപ്പെടുകയും ചെയ്തതാണ് ഹഥ്റാസ് സംഭവം. യുവതിയുടെ മരണത്തോടെ പൊലീസ് തിടുക്കത്തിൽ മൃതദേഹം ദഹിപ്പിച്ചു. സംഭവത്തിന്ശേഷം മജിസ്ട്രേട്ടിന് മുന്നിൽ നൽകിയ മൊഴിയിൽ നാല് പ്രതികളുടെ പേര് യുവതി വ്യക്തമാക്കിയിരുന്നു. എന്നാൽ ആദ്യ പത്തുദിവസവും പ്രതികളെ പിടികൂടാനോ നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല.

TAGS :

Next Story