തൃശൂരിൽ അച്ഛനെ മാരകമായി വെട്ടിപരിക്കേൽപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മകന്‍; വീടിന്‍റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി
മാതാപിതാക്കളോട് പിണങ്ങി ഏറെനാളായി ഒറ്റയ്ക്ക് താമസിക്കുന്ന വിഷ്ണു വീട്ടിൽ പൂജകളും ആഭിചാരക്രിയകളും നടത്തി വന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു

തൃശൂര്‍: തൃശൂർ പറപ്പൂക്കരയിൽ അച്ഛനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മകൻ. മുത്രത്തിക്കര സ്വദേശിയും ഓട്ടോഡ്രൈവറുമായ ശിവനെയാണ് മകൻ വിഷ്ണു ആക്രമിച്ചത് . ഗുരുതരമായി പരിക്കേറ്റ ശിവൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വീടിന്‍റെ മുകൾ നിലയിൽ ഒളിച്ചിരുന്ന യുവാവിനെ നാലുമണിക്കൂറിന് ശേഷമാണ് നാട്ടുകാരും പൊലീസും ചേർന്ന് കീഴ് പ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ മുത്രത്തിക്കര ശിവക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടിൽ മകനെ അന്വേഷിച്ച് എത്തിയതാണ് ശിവനും ഭാര്യയും. ഏറെനാളായി തനിച്ച് താമസിക്കുന്ന വിഷ്ണുവിൽ നിന്നും വീടിന്‍റെ ആധാരം വാങ്ങുന്നതിനാണ് മാതാപിതാക്കൾ എത്തിയത്. എന്നാൽ ആധാരം കിണറ്റിൽ എറിഞ്ഞ് നശിപ്പിച്ചെന്ന് എന്ന് വിഷ്ണു അറിയിച്ചതോടെ ശിവനുമായി തർക്കം ഉണ്ടായി. തൊട്ടു പിന്നാലെ പ്രകോപിതനായ യുവാവ് അച്ഛനെ വെട്ടുകയായിരുന്നു.
അടുക്കളയിൽ വച്ച് ശിവനെ വെട്ടിയ വിഷ്ണു പിന്തുടർന്ന് വീണ്ടും ആക്രമിച്ചു. അമ്മയെയും ബന്ധുവിനെയും ആക്രമിക്കാൻ ശ്രമിച്ചതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. പുതുക്കാട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയതോടെ വീടിന്‍റെ മുകൾ നിലയിലേക്ക് കയറിയ യുവാവ് പുറത്തിറങ്ങാൻ തയ്യാറായില്ല. പൊലീസുകാർ കീഴ്പ്പെടുത്താൻ ശ്രമിച്ചതോടെ ആത്മഹത്യാ ഭീഷണിയും മുഴക്കി.
മൂന്നു മണിക്കൂറിലേറെ സമയത്തിനു ശേഷം വീടിന്‍റെ ജനലുകൾ തകർത്തും ഓടുകൾ ഇളക്കിമാറ്റിയും വിഷ്ണുവിനെ പിടികൂടാൻ ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമിച്ചു. എന്നാൽ ഇതിനു വഴങ്ങാത്ത യുവാവ് മറ്റൊരു ഭാഗം വഴി സമീപത്തെ വീടിന്‍റെ ഓടിട്ട ഭാഗത്തേക്ക് ഇറങ്ങി. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കയ്യിൽ കരുതിയിരുന്ന കത്തികൾ സ്വന്തം കഴുത്തിൽ വച്ച് ഇയാൾ ആത്മഹത്യ ഭീഷണി തുടർന്നു.
വൈകിട്ട് അഞ്ചരയോടെ വിഷ്ണു അനുനയ ശ്രമങ്ങൾക്ക് വഴങ്ങി. പിന്നീട് താഴെയിറങ്ങി യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. മാതാപിതാക്കളോട് പിണങ്ങി ഏറെനാളായി ഒറ്റയ്ക്ക് താമസിക്കുന്ന വിഷ്ണു വീട്ടിൽ പൂജകളും ആഭിചാരക്രിയകളും നടത്തി വന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു.
Adjust Story Font
16

