സൂരജ് ലാമയ്ക്കായി എറണാകുളത്ത് വിപുലമായ തിരച്ചിൽ; പ്രത്യേക അന്വേഷണസംഘം രാത്രിയിലും പരിശോധന തുടരുന്നു
ഡിസിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരുടെ കീഴിൽ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു

കൊച്ചി: കുവൈത്ത് മദ്യദുരന്തത്തിൽ നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബാംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്താൻ എറണാകുളത്ത് വൻ തിരച്ചിൽ. കളമശ്ശേരി കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ തിരച്ചിൽ. പത്തംഗ സംഘം അടങ്ങുന്ന രണ്ട് ടീമുകൾ രാത്രിയിലും തിരച്ചിൽ തുടരുകയാണ്.
മകൻ സന്ദൻ ലാമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിൽ ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിപുലമായ തിരച്ചിൽ. ഡിസിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരുടെ കീഴിൽ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന്, പൊലീസ് വിവിധ ഭാഷകളിൽ കാർഡുകൾ ഇറക്കിയിരുന്നു. നാട്ടുകാർ, ലോഡിങ് തൊഴിലാളികൾ, ഓട്ടോറിക്ഷ ബസ് ജീവനക്കാർ, ഹോട്ടൽ തൊഴിലാളികൾ, നഗരത്തിൽ സജീവമായ മറ്റു ആളുകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് പോലീസ് അന്വേഷണം.
ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. വിവിധ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരും എസ്ഐമാരും അന്വേഷണസംഘത്തിലുണ്ട്.കുവൈറ്റിലെ മദ്യദുരന്തത്തിൽ നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബംഗളൂരു സ്വദേശിയാണ് സൂരജ് ലാമ. കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. 26 ദിവസമായി ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Adjust Story Font
16

