Quantcast

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കും; പ്രത്യേക പദ്ധതി ഒരുങ്ങുന്നു

20 വർഷമായി സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തം

MediaOne Logo

Web Desk

  • Published:

    15 Oct 2021 2:51 AM GMT

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കും; പ്രത്യേക പദ്ധതി ഒരുങ്ങുന്നു
X

കാസർകോട് ജില്ലയിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് പ്രത്യേക പദ്ധതി ഒരുങ്ങുന്നു. വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിട്ടുള്ള 1,438 ലീറ്റര്‍ എന്‍ഡോസള്‍ഫാനാണ് പ്രത്യേക ടാങ്കിലാക്കി നിര്‍വീര്യമാക്കുന്നത്.

പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ പെരിയയിലെ ഗൗഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാനാണ് ആദ്യം നിര്‍വീര്യമാക്കുന്നത്. പെരിയയില്‍ 914 ലീറ്ററും രാജപുരത്ത് 450 ലീറ്ററും ചീമേനിയില്‍ 73 ലീറ്ററുമാണ് ജില്ലയിൽ അവശേഷിക്കുന്നത്. എൻഡോസൾഫാൻ നിര്‍വീര്യമാക്കുന്നതിന് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ പെരിയയിലെ സ്ഥലത്ത് പ്രത്യേക ടാങ്ക് നിര്‍മാണം പൂര്‍ത്തിയാവുകയാണ്.

ഭൂമിക്കടിയില്‍ കല്ലും സിമന്‍റും പ്ലാസ്റ്റിക് ഷീറ്റും ഉപയോഗിച്ചാണ് ടാങ്ക് നിര്‍മിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക സഹായത്തോടെയാണ് നിര്‍വീര്യമാക്കുക. ജില്ലയിലെ മൂന്ന് ഗോഡൗണുകളില്‍ നിന്നുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ 40 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അതേസമയം, 20 വർഷമായി സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച കമ്പനിക്ക് തന്നെ തിരികെ കൊടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. നിർവീര്യമാക്കൽ പ്രക്രിയ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരസമിതി ഇന്ന് പെരിയയിൽ എൻഡോസൾഫാൻ സൂക്ഷിച്ച ഗോഡൗണിന് മുന്നിലേക്ക് മാർച്ച് നടത്തും.

TAGS :

Next Story